ആരാവില്‍ മുഴങ്ങിയത് ഇടിയൊച്ചകള്‍ മാത്രം. മിയാമി ബീച്ചിലെ കണ്വെന്ഷന് ഹാളില്‍ ഒരുക്കിയ റിങ്ങിന്റെ ഒരുവശത്ത് വന്യമായ കരുത്തിന്റെ പര്യായമെന്നു വിശേഷിപ്പിക്കപ്പെടുന്ന സോണി ലിസ്റ്റണ്‍. മറുപക്കം ധിക്കാരിയായൊരു പയ്യന്, കറുപ്പിന്റെ കുഞ്ഞഴകായ അവനു പേര്, കാഷ്യസ് മാര്‍സെലസ് ക്ലേ. അഗ്നിയില്‍ സ്ഫുടംചെയ്ത ഉശിരന്‍ ഇടികള്‍ക്കൊടുവില്‍ കാണികളുടെ സ്വപ്നലോകത്തിന്റെ ഊടുവഴികളില്പ്പോലും കടന്നുവരാത്തത് സംഭവിച്ചു. ലിസ്റ്റണ്‍ എന്ന അതികായന് തറപറ്റിയിരിക്കുന്നു, വിയര്‍പ്പില്‍ കുഴഞ്ഞ ചോരത്തുള്ളികള്‍ പൊട്ടുചാര്ത്തിയ മുഖത്തോടെ. ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയെന്നതുപോലെ കാണികള്‍ തരിച്ചിരുന്നു. സിംഹാസനം നഷ്ടപ്പെട്ട ലിസ്റ്റണിന്റെ നൊമ്പരം ആരവങ്ങളില്‍ അലിയുമ്പോള്‍ അറിയപ്പെടായ്മയുടെ മേഘപാളികളെ കീറിമുറിച്ച് പുതുതാരം ഉദിച്ചുയര്‍ന്നു. ഇതു മുഹമ്മദ് അലിയെന്ന പേരില്‍ പില്ക്കാലത്ത് റിങ്ങുകളില്‍ ഇടിമുഴക്കം തീര്‍ത്ത കാഷ്യസ് ക്ലേയുടെ കന്നി ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ കഥ. ചരിത്രം തിരുത്തിക്കുറിച്ച പഞ്ചുകളിലേക്കുള്ള അലിയുടെ യാത്രയ്ക്ക് ഫസ്റ്റ് ബെല്ലടിച്ച ആ ഐതിഹാസിക മുഷ്ടിയുദ്ധത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമാണ് നമുക്കു മുന്നില്‍. 1964 ഫെബ്രുവരി 25നായിരുന്നു ലിസ്റ്റന്റെ അഹന്തയുടെ ബെല്‍റ്റ് ക്ലേ അഴിച്ചുവയ്പ്പിച്ചത്.
ചെക്കന് മരണത്തിന്റെ കരാര്‍ ഒപ്പിട്ടു ‘, ലിസ്റ്റണുമായി ക്ലേ ഇടികൂടാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകേട്ട അമേരിക്കയിലെ കറുത്തവനും വെളുത്തവനും ഒരുപോലെ അടക്കംചൊല്ലി. ചില്ലറ കക്ഷിയല്ല ലിസ്റ്റണ്‍. ലോകത്ത് അന്നുള്ളതില്‍ ഏറ്റവും പ്രതാപിയും പ്രബലനുമായ ബോക്സര്‍. അയാളുടെ പഞ്ചുകള്‍ക്ക് പാറയെപ്പോലും പിളര്‍ത്താനുള്ള കരുത്തുണ്ടെന്ന് ആരാധകര്‍ പുകഴ്ത്തി. ബിഗ് ബെയര്‍ (തടിയന് കരടി) എന്നൊരു വിളിപ്പേരും ലിസ്റ്റണിന് അവര്‍ ചാര്‍ത്തിക്കൊടുത്തു. പക്ഷേ, തീയില്‍കുരുത്ത ഇരുപത്തിരണ്ടുകാരന് കുലുങ്ങിയില്ല. ലിസ്റ്റണ്‍ മണല്‍ച്ചാക്കുകളോടു മല്ലിട്ട് കൈക്കരുത്തേറ്റുമ്പോള്‍ ക്ലേ മനശാസ്ത്രപരമായ യുദ്ധത്തിന് തയാറെടുക്കുകയായിരുന്നു. ചാകാന്‍ പോകുന്നത് താനല്ല ലിസ്റ്റനാണെന്ന് അവന് തുറന്നടിച്ചു. അയാളുടെ തോലെടുത്ത് വീട്ടിലെ ചവിട്ടുമെത്തയാക്കുമെന്ന് നെഞ്ചുറപ്പോടെ വെല്ലുവിളിച്ചു. ഒരു പുലരിയില്‍ ഇതുപറയാന്‍ ലിസ്റ്റണിന്റെ വീട്ടുപടിക്കല്‍വരെ ചെല്ലാനും അതിസാഹസികന്‍ മടികാട്ടിയില്ല. ശരിക്കുള്ള യുദ്ധത്തിന്റെ ദിവസം ക്ലേ എതിരാളിയുടെ ചെല്ലപ്പേരങ്ങ് മാറ്റിക്കളഞ്ഞു, വൃത്തികെട്ട തടിയന് കരടി എന്നായി പിന്നത്തെ വിളി. എട്ടു റൗണ്ടില്‍ ലിസ്റ്റണിന്റെ കാര്യം തീര്‍പ്പാക്കുമെന്നും മത്സരത്തിന് മുന്‍പ് ക്ലേ ഉറപ്പിച്ചുപറഞ്ഞു.
ഒടുവില്‍ തണുപ്പുംചൂടും ഇഴചേര്‍ന്ന രാവില്‍ മിയാമിലെ റിങ്ങില്‍ ആദ്യ മണി മുഴങ്ങി. ക്ലേയുടെ നിര്‍ദയവാക്യങ്ങള്‍ ലിസ്റ്റണിന്റെ മനസിന്റെ ആഴങ്ങളില്‍ ചെന്നുതറച്ചിരുന്നു. പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ അതു തെളിഞ്ഞു. ക്ലേയിലും ഭയത്തിന്റെ കണികകള്‍ ദര്‍ശിക്കാന്‍ സാധിച്ചു.’ഞാന്‍ കള്ളം പറയില്ല. അയാളുടെ ഇടിയുടെ കനത്തെപ്പറ്റി ചിന്തിച്ച നിമിഷം പേടിച്ചു. പക്ഷേ, പോയി നേരിടുകയേ വഴിയുണ്ടായിരുന്നുള്ളു’- അതേപ്പറ്റി മുഹമ്മദ് അലി പിന്നീട് ഇങ്ങനെ പറയുകയുണ്ടായി.
തനിക്ക് 32 വയസെന്നാണ് ലിസ്റ്റണ്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അയാള്‍ക്ക് നാല്പ്പതിന് മുകളില്‍ പ്രായമുണ്ടെന്ന് കാഷ്യസ് ക്ലേയ്ക്ക് അറിയാമായിരുന്നു. ആ തിരിച്ചറിവ് മാലോകര്‍ അന്യഗ്രഹജീവിയെപ്പോലെ നോക്കിക്കാണുന്ന ലിസ്റ്റണിനെ ദുര്‍ബലനായി കാണക്കാക്കാന്‍ കുട്ടിക്ലേയെ പ്രേരിപ്പിച്ചു. അങ്ങനെ വിജയത്തിന്റെ രേഖാചിത്രം ആ തലച്ചോറില്‍ രൂപംകൊണ്ടു.
പ്രതീക്ഷിച്ചതുപോലെ ഒന്നാം റൗണ്ടില്‍ അതിശക്തമായ പഞ്ചുകളാണ് ലിസ്റ്റണ്‍ ഉതിര്‍ത്തത്. നര്‍ത്തകന്റെ മെയ്വഴക്കത്തോടെ ഇടത്തും വലത്തും മാറിയും പിന്നെ ബ്ലോക്ക് ചെയ്തുമൊക്കെ ക്ലേ അവയൊക്കെ നിഷ്ഫലമാക്കി. ലിസ്റ്റണിന്റെ പല ഇടികളും ശൂന്യതയില്‍ വിലയംപ്രാപിച്ചു. ചടുലവും പ്രകാശവേഗ സമാനവുമായ ബോക്സിങ് ടെക്നിക്കുകളുടെ പ്രയോക്താവും അപരാജതിനുമായ പ്രതിയോഗിയെ വരച്ചവരയില്‍ നിര്‍ത്തുകയായിരുന്നു ക്ലേ അപ്പോള്‍. പരിഭ്രാന്തനായ ലിസ്റ്റണ്‍ രണ്ടാം റൗണ്ടില്‍ ഇടന്‍കൈയന്‍ ഇടികളിലൂടെ ശത്രുവിനെ റിങ്ങിന്റെ മൂലയ്ക്ക് ഒതുക്കി. എന്നാല്‍ കാണികളും ലിസ്റ്റണും അറിഞ്ഞില്ല മുഖാമുഖം നില്‍ക്കുന്നത് പോത്തിന്റെ താടിയെല്ലുള്ള പോരാളിയാണെന്ന്. മൂന്നാം റൗണ്ടില്‍ ക്ലേ നിയന്ത്രണം ഏറ്റെടുത്തു. കരിയറില്‍ ആദ്യമായി ലിസ്റ്റണിന്റെ കണ്ണില്‍ ചോരപുരണ്ടു. അനിഷേധ്യ ചാമ്പ്യന്‍ ശ്വാസംകിട്ടാതെ കിതച്ചു…
നാലാം റൗണ്ടിനിടെ ക്ലേ തന്റെ കണ്ണു നീറുന്നതായി പരാതിപ്പെട്ടത് നാടകീയതയുടെ തീവ്രതയേറ്റി. ഗ്ലൗസുകള്‍ ഊരി നല്കാന് ക്ലേ കെഞ്ചി. ട്രെയിനര്‍ എയ്ഞ്ചലോ ഡുന്‍ഡി ശിഷ്യനോട് റിങ്ങില്‍ നിന്നിറങ്ങി ഓടാന്‍ നിര്‍ദേശിച്ചു. ക്ലേ ആ നിര്‍ദേശം അനുസരിച്ചു. അഞ്ചാം റൗണ്ട് തുടങ്ങുന്നതിന് താമസംവരുത്തിയ ക്ലേയെ റഫറി അയോഗ്യനാക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. ലിസ്റ്റണിന്റെ മുറിവില്‍പുരട്ടിയ രാസപദാര്‍ത്ഥമാണ് പ്രശ്നകാരണമെന്ന് ഡുന്‍ഡി പിന്നാലെ ആരോപിക്കുകയുംചെയ്തു.
കണ്ണിലെവെട്ടം വീണ്ടെടുത്ത ക്ലേ തിരിച്ചുവന്നത് കൂടുതല്‍ കരുത്തോടെ, എണ്ണംപറഞ്ഞ മിന്നല്‍ പഞ്ചുകള്‍. അവയെല്ലാം ലിസ്റ്റണിന് ഗജവീരന്റെ പ്രഹരസമാനമായി തോന്നി. ആറാം റൗണ്ടിന്റെ അന്ത്യഘട്ടങ്ങളില്‍ ലിസ്റ്റണ്‍ പേടിച്ചരണ്ടു… റിങ്ങിന്റെ മൂലയിലെ സ്റ്റൂളില്‍ ആകെ തളര്‍ന്ന് വിയര്‍പ്പില്‍ കുളിച്ചിരുന്നു. അടുത്ത ബെല്ലടിക്കുമ്പോള്‍ ഒന്നെഴുന്നേല്ക്കാന് പോലും ത്രാണിയുണ്ടായിരുന്നില്ല ബിഗ് ബെയറിന്. തോളിലെ പരിക്കുമൂലം ലിസ്റ്റണ്‍ പിന്മാറിയെന്ന പ്രചരണമുണ്ടായി. പക്ഷേ, എല്ലാവര്‍ക്കുമറിമായിരുന്നു തകര്‍ന്ന മനസാണ് അയാളെ പിന്തിരിപ്പിച്ചതെന്ന്. പിന്നെ കേട്ടത് ക്ലേയുടെ അലര്‍ച്ച.’ ഞാന്‍ ഈ ലോകത്തെ പിടിച്ചുകുലുക്കി. ഞാന്‍ എക്കാലത്തേയും മഹാന്’, ആ ശബ്ദം കണ്വന്ഷന് ഹാളിനെ വിറകൊള്ളിച്ചു. ലോകകായിക ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലൂടെ മഹനീയതയിലേക്കുള്ള സഞ്ചാരത്തിന് ക്ലേ അവിടെ ഹരിശ്രീ കുറിച്ചു. വലിയ വിജയത്തിന്റെ പിറ്റേനാള്‍ കാഷ്യസ് എക്സ് എന്നു ക്ലേ പേരുമാറ്റി. ഒരാഴ്ച്ചയ്ക്കുശേഷം, അടിമത്വത്തിന്റെ ആ നാമം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച പുതുചാമ്പ്യന്‍ മുഹമ്മദ് അലിയെന്ന പേര് സ്വീകരിച്ചു. പതിനഞ്ചുമാസങ്ങള്‍ക്കുശേഷം ലിസ്റ്റണ്‍ – ക്ലേ റീമാച്ച് നടന്നു. ക്ലേയുടെ ഫാന്റം പഞ്ച് എന്നപേരില്‍ വിഖ്യാതമായ ഇടി ആദ്യ റൗണ്ടില്‍ ലിസ്റ്റണിനെ മറിച്ചിട്ടു.
അവശേഷിച്ച കാലം ലിസ്റ്റണ്‍ 14 അപ്രസക്തങ്ങളായ പോരാട്ടങ്ങളില്‍ക്കൂടി ഏര്‍പ്പെട്ടു. 1970ല്‍ അദ്ദേഹം മത്സരങ്ങളില്ലാത്ത ലോകത്തേക്കു മടങ്ങി. സ്വന്തം ശയ്യാമുറയില് മരിച്ച നിലയിലായിരുന്നു ലിസ്റ്റണ്‍. അന്ത്യവേളയില്‍ ഏകാന്തതയുടെ കൂടാരത്തില്‍ നീറിനീറിയാണ് ലിസ്റ്റണ്‍ കഴിഞ്ഞത്. ആ മനസുംഹൃദയവും കല്ലില്വീണ ചില്ലുപാത്രംപോലെ തകര്‍ന്നിരുന്നു. ലാസ്വെഗാസ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങളുടെ സഞ്ചാരപാതയുടെ താഴെയുള്ള ഒരു ശ്മശാനത്തില്‍ ലിസ്റ്റണ്‍ അന്ത്യവിശ്രമംകൊള്ളുന്നു. ശവക്കല്ലറയില്‍ ഇങ്ങനെമാത്രം എഴുതിയിട്ടുണ്ട്’ഒരു മനുഷ്യന്’. സിന് സിറ്റിയിലേക്കുള്ള യാത്രയിലെല്ലാം മുഹമ്മദ് അലി ആ ശവകുടീരം സന്ദര്‍ശിക്കും. അലിക്കറിയാം ചാള്‍സ് സോണി ലിസ്റ്റണ്‍ ഇല്ലാതിരുന്നെങ്കില്‍ തനിക്കു ലോകത്തെ ഇളക്കിമറിക്കാന്‍ ആകുമായിരുന്നില്ലെന്ന്.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: