രവീന്ദ്ര സംഗീതം നിലച്ചിട്ട് മാര്‍ച്ച് മൂന്നാം തീയതി ഒന്‍പതു വര്‍ഷമായെങ്കിലും അതിന്റെ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സംഗീത മഹായുദ്ധത്തിലൂടെ മഞ്ച് സ്റ്റാര്‍ സിംഗറിലൂടെ ഇന്ത്യന്‍ വോയ്സിലൂടെ രവീന്ദ്രന് വീണ്ടും വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. അദ്ദേഹത്തിന്റെ കമ്പോസിങ്ങിന്റെ പ്രത്യേകതയും പശ്ചാത്തല സംഗീതത്തിന്റെ ഘടനയും ഗമകങ്ങളുടേയും ഭൃഗകളുടെയും സൗന്ദര്യവും വിധി കര്‍ത്താക്കള്‍ കീറിമുറിച്ച് വിശകലനം ചെയ്യുന്നു. രവീന്ദ്രന്റെ പാട്ടുപാടുന്ന മത്സരാര്‍ത്ഥികളോട് വിധികര്‍ത്താക്കളുടെ ഒരു സ്ഥിരം ഉപദേശമുണ്ട്. ”ഇത്രയും ഹെവിയായി പാട്ട് സെലക്ട് ചെയ്യണമായിരുന്നോ?” ഗായകര്‍ക്കും മറ്റു സംഗീത സംവിധായകര്‍ക്കും അറിയാം രവീന്ദ്ര സംഗീതം കനപ്പെട്ടതാണെന്ന്. എന്നിട്ടും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ആ സംഗീതപ്രതിഭയെ അറിയുവാനോ അറിഞ്ഞവര്‍ പ്രയോജനപ്പെടുത്താനോ ശ്രമിച്ചില്ല എന്നത് ദുഃഖകരമായ സത്യം മാത്രം.
സിനിമാ രംഗത്തെ ഗ്രൂപ്പിസവും കോക്കസും അംഗീകരിക്കാത്തതിനാല്‍ കൈവന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടും സംഗീതത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്തതായിരുന്നു ആ മനസ്സ്. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. ”സൂകരപ്രസവം പോലെ കുറെയേറെ ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടെന്ത് പ്രയോജനം? സിംഹപ്രസവംപോലെ ഒന്നോരണ്ടോ മതി അത് സിംഹക്കുട്ടികളായിരിക്കണം എന്നുമാത്രം” അതായിരുന്നു രവീന്ദ്രന്.
‘വടക്കുംനാഥന്’ എന്ന ചിത്രത്തിനുശേഷം ഇറങ്ങിയ എത്ര ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു? എന്തിന്, ശ്രദ്ധിക്കുകയെങ്കിലും ചെയ്തു? ഉത്തരം വലതുകൈയിലെ വിരലുകളിലൊതുങ്ങും. രവീന്ദ്രനുശേഷം ഗാനഗന്ധര്‍വന്റെയും വാനമ്പാടിയുടെയും ശബ്ദസൗകുമാര്യവും സാധ്യതകളും എത്രപേര്‍ പ്രയോജനപ്പെടുത്തി. യേശുദാസിനും ചിത്രക്കും എം.ജി.ശ്രീകുമാറിനും ഇന്ന് ചലച്ചിത്ര ഗാനങ്ങളുണ്ടോ? ഓരോ പുതിയ ചിത്രങ്ങളിലും ഓരോ പുതിയ ഗായകര്‍ രംഗപ്രവേശം ചെയ്യുന്നു. വന്ന വേഗത്തില്‍ അവരും അവരുടെ ഗാനങ്ങളും വിസ്മൃതിയില്‍ ലയിക്കുകയും ചെയ്യുന്നു. യേശുദാസിന്റേയും ജയചന്ദ്രന്റേയും ചിത്രയുടേയും ശ്രീകുമാറിന്റെയും പിന്‍വാങ്ങലിനെപ്പറ്റി ഒരു സുഹൃത്തു പറഞ്ഞത് പുതുതലമുറയുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്ക്കാന് പറ്റാത്തതാണത്രെ? എനിക്ക് ആ സുഹൃത്തിനോട് സഹതാപമാണ് തോന്നിയത്. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ സംഗീതാസ്വാദന നിലവാരം ബോധ്യമായി. രവീന്ദ്രന്റെ കാലം വരെ അതായത് രവീന്ദ്രന്, ജോണ്സണ്, ഔസേപ്പച്ചന് തുടങ്ങിയവരുടെ പാട്ടുകള്‍ പാടാന്‍ ഗായകര്‍ തന്നെ വേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ യേശുദാസും ചിത്രയും ശ്രീകുമാറുമെല്ലാം സജീവമായിരുന്നു. എന്നാല്‍ ഇന്നിറങ്ങുന്ന നിലവിളികള്‍ക്കും മുക്കലും മൂളലിനും എന്തിന് യേശുദാസും ചിത്രയും?!! ഇതല്ലേ ഇവരുടെ പിന്‍വാങ്ങലിന്റെ യഥാര്‍ത്ഥ കാരണം. ഔസേപ്പച്ചനെപ്പോലെയുള്ള ചില സംഗീത സംവിധായകര്‍ തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടു പോകുന്നുണ്ട് എന്നത് വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. അതുകൊണ്ടുതന്നെ ഇവരെപ്പോലുള്ളവര്‍ക്ക് ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞുതന്നെ വരുന്നു.
മലയാള ചലച്ചിത്ര സംഗീത നിധിയിലേക്ക് വിലമതിക്കാനാകാത്ത നിരവധി ഗാനരത്നങ്ങള്‍ വാരിനിറച്ച രവീന്ദ്രന് മലയാള സിനിമാ ലോകവും ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ മരണശേഷവും അയിത്തം കല്പ്പിക്കുന്നതെന്തിനാണ്? ഈയിടെ ഒരു പ്രസിദ്ധീകരണത്തില്‍ ഒരു പുതിയ സംഗീത സംവിധായകനെപ്പറ്റി വന്ന കവര്‍സ്റ്റോറിയുടെ തലക്കെട്ട് ”സംഗീത സംവിധാനം ചെയ്ത 100 ശതമാനം ചിത്രങ്ങളും ഹിറ്റാക്കിയ സംഗീത സംവിധായകന്” എന്നായിരുന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് പത്തില്‍ താഴെ ചിത്രങ്ങളാണ് കക്ഷി ആകെ ചെയ്തിട്ടുള്ളത്. ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ രവീന്ദ്രന്റെ മരണശേഷം അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തിന് ഒരു വരി അനുസ്മരണക്കുറിപ്പുപോലും എഴുതിയില്ല എന്നുപറയുമ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും.
രവീന്ദ്രന്റെ പേരിലുള്ള ഒരു പുരസ്ക്കാരം സംഗീത സംവിധായകരായ ഔസേപ്പച്ചനും മോഹന്‍ സിത്താരയ്ക്കും സമ്മാനിച്ച ചടങ്ങില്‍ രവീന്ദ്രന് അനുസ്മരണത്തിന് പകരം വേദിയിലിരുന്ന പ്രശസ്തരെ പാടിപ്പുകഴ്ത്താനാണ് ഏറെപ്പേരും ശ്രമിച്ചത്. പരിപാടിയുടെ അവസാനം രവീന്ദ്രന്റെ പത്നി വളരെ സങ്കടത്തോടെയും ഏറെ ക്ഷോഭത്തോടെയും ചോദിച്ചു: ”ഇത് രവീന്ദ്രന് അനുസ്മരണ പരിപാടി തന്നെയോ?” എനിക്ക് സംശയം തോന്നുന്നു എന്ന്. ജീവിച്ചിരുന്നപ്പോള്‍ അവഗണിച്ച രവീന്ദ്രനെ മരണശേഷവും സഹപ്രവര്‍ത്തകരും മാധ്യമങ്ങളും വീണ്ടും അപമാനിക്കാനും അവഗണിക്കാനും ശ്രമിച്ചപ്പോഴും ലക്ഷക്കണക്കിന് ആസ്വാദകര്‍ക്ക് രവീന്ദ്രനെ മറക്കാന്‍ കഴിയില്ല. ഇനി പ്രമദവനം പോലെയോ ഹരിമുരളീരവം പോലെയോ ഒരു ഗാനം മലയാള ചലച്ചിത്രങ്ങളില്നിന്ന് നമുക്ക് പ്രതീക്ഷിക്കാമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍ ഇപ്പോള്‍ സ്വര്‍ഗവാസികളാണ് ഭാഗ്യവാന്മാര്. കാരണം രവീന്ദ്രസംഗീതം ഇപ്പോള്‍ അവര്‍ക്കു മാത്രമാണ് സ്വന്തം.
തിരുമേനി കൈതാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: