വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ ഈസ്റ്റ് ഹില്‍ ബംഗ്ലാവില്‍ വി.കെ.കൃഷ്ണമേനോന്റെ സ്മാരകമായി പുരാവസ്തു മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ അത് സന്ദര്‍ശിച്ചതിന്റെ ഓര്‍മകള്‍ ഉണര്‍ന്നുവരുന്നു. അവിടെ നാം കയറി ചെല്ലുന്ന മുറിയില്‍ പ്രമുഖമായി സ്ഥാപിച്ചിരുന്ന പാര്‍വതീ ദേവിയുടെ വെങ്കല വിഗ്രഹമാണ് ശ്രദ്ധയെ ആകര്‍ഷിച്ചത്. അത് തൊടുപുഴയിലെ അണ്ണാമലനാഥ ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്തതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചോളശൈലിയിലുള്ള വിഗ്രഹത്തിന്റെ പഴക്കം ഏഴു നൂറ്റാണ്ടാണ് എന്ന ഊഹമാണുള്ളത്. അതിനും മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ (സണ്‍ഡേ സ്റ്റാന്‍ഡേര്‍ഡ്) മറ്റു ചില വിഗ്രഹങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും വന്നിരുന്നു. അവ ചെന്നൈയിലെ പുരാവസ്തു മ്യൂസിയത്തിലെതാണ്. അവയും തൊടുപുഴയിലെ അണ്ണാമല നാഥ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവയാണ്.
പ്രസ്തുത അണ്ണാമല നാഥ ക്ഷേത്രം കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളില്‍ ഒന്നാണ്. സ്കുളില്‍ പഠിക്കുന്ന 1950 കാലത്ത് തങ്ങളുടെ ചരിത്രാധ്യാപകന്‍ തൊടുപുഴയുടെ പഴമയെപ്പറ്റി പറഞ്ഞപ്പോള്‍ സ്കൂളില്‍ നിന്നും ഒരു കി.മീ. മാത്രം അകലെയുള്ള കാരിക്കോട് പ്രാചീനമായൊരു രാജ്യത്തിന്റെ തലസ്ഥാനമായിരുന്നുവെന്നും അവിടെ കൊട്ടാരവും കോട്ടയും ഉണ്ടായിരുന്നെന്നും പറഞ്ഞുതന്നു. കാരിക്കോട് ഭഗവതീക്ഷേത്രം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബയുടെ ക്ഷേത്രമാണത്രെ. അതിനടുത്താണ് കോട്ട എന്ന കാടുകയറിക്കിടക്കുന്ന സ്ഥലം അവിടെ ഒരു കരിങ്കല്‍ മണ്ഡപമെന്ന് തോന്നിക്കുന്ന നിര്‍മിതിയുണ്ട്. അതു കാണാനായി അധ്യാപകന്റെ നേതൃത്വത്തില്‍ പോയി. അവിടെ പുരാവസ്തുവകുപ്പിന്റെ നോട്ടീസ് സ്ഥാപിച്ചിരുന്നു. സംരക്ഷിത സ്മാരകമാണെന്നും അവിടുത്തെ സാധനങ്ങള്‍ക്ക് കേടുവരുത്തുന്നവര്‍ക്ക് 5000 രൂപ വരെ പിഴയും തടവുശിക്ഷയുമൊക്കെ ലഭിക്കുമെന്നുമുള്ള മുന്നറിയിപ്പും സ്ഥാപിച്ചിരുന്നു. ആ സ്മാരകം ആരെങ്കിലും സംരക്ഷിക്കുന്നതിന്റെ ലാഞ്ചനപോലുമില്ലാതെ കാടുകയറിക്കിടക്കുകയായിരുന്നു.
പഴയ ചരിത്ര പുസ്തകങ്ങളിലും ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസിലും മറ്റും പരാമര്‍ശമുള്ള സ്ഥലവും ക്ഷേത്രവുമാണത്. പുരാവസ്തുവകുപ്പുകാര്‍ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങള്‍ എടുത്തുകൊണ്ടുപോയി എന്നു കരുതണം. അതിമനോഹരവും ചൈതന്യം തുളുമ്പുന്നതുമായി വിഗ്രഹങ്ങളാണവിടത്തേത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത ക്ഷേത്രം അതിന്റെ ആദ്യരൂപത്തില്‍ പുനര്‍നിര്‍മിച്ച് പ്രതിഷ്ഠാ കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. തമിഴ്നാട്ടിലെ ശില്‍പ്പികള്‍ നിര്‍മിച്ച വിഗ്രഹം ആഘോഷപൂര്‍വം ക്ഷേത്രത്തില്‍ എത്തിച്ചുകഴിഞ്ഞു. പുരാവസ്തുവകുപ്പുകാരുടെ മേല്‍നോട്ടത്തില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ നൂറുശതമാനവും പാലിച്ചുകൊണ്ട് നാട്ടുകാരുടെ സമിതിയാണ് അത് നിര്‍വഹിക്കുന്നത്. മുന്ക്ഷേത്രത്തിലെ ശിലകള്‍ എല്ലാം തന്നെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവിടത്തെ ചിത്രത്തൂണുകളിലും ശിലാതളിമങ്ങളിലുമുള്ള ശില്പ്പവേലകള് അതിമനോഹരങ്ങളും വിസ്മയകരങ്ങളുമാണ്. പല ശില്‍പ്പങ്ങളും അജന്താഗുഹകളിലെതുപോലെയുള്ളവയാണ്. ഒരു പാനലില്‍ നാലു വ്യത്യസ്ത മൃഗങ്ങളുടെ ഉടലിന് പൊതുവായി ഒരു തല ചിത്രീകരിച്ചിരിക്കുന്നു. ഓരോ മൃഗത്തിന്റെ ഉടല് ഒഴികെ ബാക്കി മറച്ചുപിടിച്ചുനോക്കിയാല് തല ആ മൃഗത്തിന്റെതായിരിക്കും. ആന, കുതിര, കാള എന്നിങ്ങനെ അവ നമുക്ക് കാണാന്‍ കഴിയും.
ചരിത്രപരമായി അതിസമ്പന്നമാണ് അണ്ണാമല നാഥ ക്ഷേത്രസങ്കേതമെന്ന് തീര്‍ച്ചയാണ്. അതിപ്രാചീനമായ കീഴ്മലനാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അവിടം. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പ്രദേശങ്ങള്‍ കീഴ്മല നാട്ടില്പ്പെട്ടിരുന്നുവെന്നും അതു പഴയ പാണ്ഡ്യരാജാക്കന്മാരുടെ കീഴിലായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഹൈറേഞ്ച് പ്രദേശത്തിന് മേല്‍ മലനാട് എന്നാണത്രെ പറഞ്ഞുവന്നത്. മധുരയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് നിലനിന്ന പ്രാചീനമായ വാണിജ്യമാര്‍ഗ്ഗം കാരിക്കോട്ടുകൂടിയാണ് കടന്നുപോയിരുന്നത്. ആ മാര്‍ഗത്തിന്റെ വിശാലമായ നടക്കാവുകളുടേയും ചോലമരങ്ങളുടെയും ലാഞ്ചനകള്‍ ഇന്നുമുണ്ട്. കേരള മരാമത്തു പലയിടങ്ങളിലും അവ പുനരുദ്ധരിച്ചു കൊണ്ടിരിക്കുന്നു.
അതിന് കോട്ട റോഡ് എന്നാണ് ഇന്നും പേര്. ചിലപ്പതികാരത്തിന്റെ കാലത്തുതന്നെ മധുരയും കൊടുങ്ങല്ലൂരും വ്യാപാര ബന്ധങ്ങള്‍ പുലര്ത്തിയിരുന്നല്ലൊ. 14-15 നൂറ്റാണ്ടുകാലത്താവണം കീഴ്മല നാട് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായി എന്ന് ചില ചരിത്രകാരന്മാര് പറയുന്നു. അവരുടെ ആസ്ഥാനം കാരിക്കോട്ടുനിന്നും കടുത്തുരുത്തിയിലേക്ക് മാറ്റിയെന്നും ചിലര്‍ പറയുന്നു. 18-ാം നൂറ്റാണ്ടില്‍ 1730 നിടക്ക് മാര്‍ത്താണ്ഡവര്‍മ വടക്കുംകൂറിനെ തിരുവിതാംകൂറില്‍ ചേര്‍ത്തപ്പോള്‍ കാരിക്കോടിന്റെ രാജധാനിയെന്ന പദവി നഷ്ടമായി.
അതിപ്രാചീനമായ ഒട്ടേറെ ജനപദങ്ങള്‍ കാരിക്കോടിന് ചുറ്റുപാടുമായി നിലനിന്നിരുന്നു. അവിടുത്തെ സ്ഥലനാമങ്ങളും ക്ഷേത്രങ്ങളുമൊക്കെ അറുനൂറും എഴുന്നൂറും വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന ക്ഷേത്രങ്ങള്‍ അടുത്തകാലംവരെയുണ്ടായിരുന്നു. പുനരുദ്ധാരണത്തിന്റെ ആവേശത്തില്‍ ഉണര്‍ന്നെഴുന്നേറ്റ ഹിന്ദുസമൂഹം ചരിത്രപ്രാധാന്യത്തേയും പുരാതനമൂല്യങ്ങളേയും അവഗണിച്ചുകൊണ്ട് വാര്‍പ്പു മാതൃകകളായ കോണ്‍ക്രീറ്റ് സൃഷ്ടികള്‍ സ്ഥാപിക്കുകയാണ് ചെയ്തത്. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിതമായ പാണ്ഡ്യരീതിയിലോ ചോളരീതിയിലോ എന്നു പറയാവുന്ന ഒരു മഹാദേവക്ഷേത്രം ഈ അടുത്തകാലത്താണ് ദേവസ്വംബോര്‍ഡു തന്നെ പുതുക്കിപ്പണിതത്. കാരിക്കോട് ഭഗവതിക്ഷേത്രവും ആ ഗതികേടിന് വിധേയമായിക്കഴിഞ്ഞു.
മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനില്ലാത്ത മഹത്തായൊരു ഭൂതകാലം അണ്ണാമല ക്ഷേത്രത്തിനും കാരിക്കോട് കോട്ടയ്ക്കും അവകാശപ്പെടാനുണ്ട്. കേരളത്തിലെ തന്നെ അതിപുരാതനമായൊരു മുസ്ലിം കേന്ദ്രവും ക്ഷേത്രത്തിന് സമീപം തുലുക്കപ്പേട്ട എന്ന പേരില്‍ ഉണ്ടായിരുന്നു. ന്യൂമാന്‍ കോളേജ് എന്ന കോതമംഗലം ബിഷപ്പിന്റെ വിദ്യാഭ്യാസസ്ഥാപനം ഉയര്‍ന്നുവന്നതിനുശേഷം ആ പേട്ട അപ്രത്യക്ഷമായി. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശിക്കപ്പെടുന്ന ചില മുസ്ലിം വീടുകള്‍ അവിടെയുണ്ടായിരുന്നു. വാസ്തുശില്‍പ്പത്തിന്റെ മനോഹര മാതൃകകളായിരുന്ന അവയിന്ന് അപ്രത്യക്ഷമായി. പഴയ കോട്ടയ്ക്കും കൊട്ടാരത്തിനും വിളിപ്പാടകലെയായി മസ്ജിദും ക്ഷേത്രങ്ങളുമുണ്ട്. ഇരു സ്ഥാനങ്ങളിലെയും ഉത്സവങ്ങള്‍ക്ക് പരസ്പ്പരം അവകാശങ്ങളുമുണ്ടായിരുന്നുവത്രെ.
പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്നതിന് താല്‍പ്പര്യമുള്ളവര്‍ ഈ ഭാഗത്തു കുറവായതിനാലാവാം നൂറ്റാണ്ടുകളുടെ കഥകള്‍ വെളിച്ചം കാണാതിരിക്കുന്നത്. കേരളത്തിലെ പ്രാചീന ജനപദങ്ങളെയും അവരുടെ ജീവിതരീതിളെയും കുറിച്ച് കുറഞ്ഞതോതിലെ അന്വേഷണം നടന്നിട്ടുള്ളൂ. അക്കാര്യത്തില്‍ തത്പരരായ അന്വേഷകര്‍ ഉണ്ടാകാത്തതാണ് കാരണമെന്ന് തോന്നുന്നു. ഉത്തരകേരളത്തിന്റെ വിശേഷിച്ചും പഴയ ചിറയ്ക്കല്‍ താലൂക്കിന്റെ പ്രാദേശികമായ ചരിത്രാന്വേഷണം നടത്തി ചിറയ്ക്കല്‍ ടി.ബാലകൃഷ്ണന് നായര്‍ മാസ്റ്റര്‍ വലിയ സേവനമാണ് ചെയ്തിട്ടുള്ളത്. അവിടത്തെ അനേകം ഗ്രാമങ്ങളുടെ ചരിത്രാന്വേഷണം നടത്തി അദ്ദേഹം രേഖപ്പെടുത്തി. പഴയ ഏഴിമല ആസ്ഥാനമാക്കി നാടുവാണ് മൂഷികവംശത്തിന്റെ ആഗമം വിവരിക്കുന്ന മൂഷികവംശം എന്ന കാവ്യം, ഗുജറാത്തിലെ ഭൃഗുകച്ഛത്തില് നിന്നെത്തി നൂറ്റാണ്ടുകള്‍ പിന്തുടര്ച്ചയായി വാണ ഒരു രാജപാരമ്പര്യത്തിന്റെ വിവരണമാണ്. ആ വംശത്തിന്റെ തുടര്‍ച്ചയാണത്രെ ഇന്നത്തെ ചിറയ്ക്കല്‍ കുടുംബവും വേണാട് എന്ന തിരുവിതാംകൂര്‍ രാജവംശവും. കല്‍ഹണന്റെ രാജതരംഗിണിയെന്ന കാശ്മീര്‍ രാജവംശാവലീ ചരിത്രം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മൂഷികവംശവുമെന്ന് ചിറയ്ക്കല്‍ ടി.ബാലകൃഷ്ണന് നായര്‍ വാദിക്കുന്നു.
ചിലപ്പതികാരത്തിന്റെ കാലത്തു തന്നെ തമിഴകവും കൊടുങ്ങല്ലൂരുമായി നിലനിന്ന ധാര്‍മിക, വാണിജ്യ, വ്യാപാര സാംസ്ക്കാരിക വിനിമയത്തിന്റെ പ്രധാനപ്പെട്ട ഒരിടത്താവളമായിരുന്നു കാരിക്കോട് എന്നതിന് സംശയമില്ല. ആ വാണിജ്യമാര്ഗത്തിന്റെയും ഇടത്താവളങ്ങളുടെ പരിസരങ്ങളുടെയും വിവരങ്ങള്‍ പ്രാദേശിക ചരിത്ര നിര്‍മിതിക്കു വളരെ പ്രയോജനം ചെയ്യും.
സംഘത്തിന്റെ ആദ്യത്തെ പ്രചാരകനായിരുന്ന ബാബാ സാഹിബ് ആപ്ടേ ഇപ്രകാരമുള്ള പ്രാദേശിക ചരിത്ര നിര്‍മാണത്തില്‍ വളരെ താല്‍പ്പര്യമുള്ള ആളായിരുന്നു. ഗ്രാമീണരംഗങ്ങളുടെ നാടോടി പാരമ്പര്യത്തെ സമാഹരിച്ച് സങ്കലനം ചെയ്താണ് രാജ്യത്തിന്റെ ചരിത്രം നിര്‍മിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനായി ഭാരതീയ ഇതിഹാസ സങ്കലന സമിതി അഖിലഭാരതീയ തലത്തില്‍ രൂപീകരിക്കപ്പെട്ടിരുന്നു. ഒട്ടേറെ പ്രഗത്ഭരായ പുരാവസ്തു, ചരിത്രവിശാരദന്മാരെ അതിനായി രംഗത്തിറക്കാന്‍ അദ്ദേഹത്തിന്റെ പ്രചോദനം കൊണ്ടു സാധിച്ചു. പ്രസിദ്ധമായ ദ്വാരക പര്യവേഷണവും സരസ്വതി നദിയുടെ പ്രവാഹം കണ്ടെത്താനുള്ള അതിബൃഹത്തും വിജയപ്രദവുമായ പര്യവേഷണങ്ങളും അതിന്റെ ഭാഗമാണ്. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ഇതിഹാസ സങ്കലന സമിതി ഇല്ല എന്നുതന്നെ പറയാം. അതേസമയം മുസിരിസ് എന്ന പഴയ ചേര തലസ്ഥാനമായ മുയിരിക്കോടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്ന പേരില്‍ ഇപ്പോള്‍ പറവൂരില്‍ നടന്നുവരുന്ന പട്ടണം പ്രോജക്ട് പോലെ ചരിത്രഗവേഷണത്തെ ഹൈജാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ തത്പരകക്ഷികള്‍ വന്‍തോതില്‍ പൊതുധനം ധൂര്‍ത്തടിച്ചു നടത്തിവരുന്നു. പ്രാചീന കേരളത്തിന്റെ ഹൈന്ദവ സ്വഭാവത്തെ നിഷേധിക്കുന്ന പ്രവണതയുടെ ഭാഗമാണത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൊടുങ്ങല്ലൂരിലെ ഇസ്ലാം മതവുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ശങ്കരാചാര്യര്‍ അദ്വൈത സിദ്ധാന്തം ഉള്‍ക്കൊണ്ടതെന്നും കാലടി വഴി മലയാറ്റൂരിലെ കുരിശുമലയിലേക്ക് പോയ ക്രൈസ്തവര്‍ തീര്‍ത്ഥാടകരും ആചാര്യസ്വാമികളെ സ്വാധീനിച്ചിരിക്കുമെന്നും മറ്റുമുളള നട്ടാല്‍ പൊടിക്കാത്ത നുണകള്‍ ചരിത്രവിശകലനമെന്ന പേരില്‍ പടച്ചുവിട്ട് അക്കാദമിക സമൂഹത്തെ മാത്രമല്ല, ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണനെക്കൊണ്ടുതന്നെ പരസ്യമായി പറയിക്കാനും ആ കക്ഷികള്‍ക്ക് കഴിഞ്ഞു. പരമേശ്വര്‍ജി അതിനോട് ഉരുളയ്ക്കുപ്പേരിയായി പ്രതികരിച്ചുവെന്നത് വേറെ കാര്യം.
അണ്ണാമല ക്ഷേത്ര പുനര്‍നിര്‍മാണത്തെപ്പറ്റിയും അതിന്റെ പഴമയെപ്പറ്റിയും ഉപന്യസിച്ചുകൊണ്ടാണിത് ആരംഭിച്ചത്. ചരിത്രത്തെ യഥാര്‍ത്ഥ രൂപത്തില്‍ കണ്ടെത്താനുള്ള ഒരു പരിശ്രമംകൂടി ക്ഷേത്രവുമായി മുന്നിട്ടിറങ്ങുന്നവര്‍ നടത്തുന്ന പക്ഷം അത് മുസിരസിനെപ്പോലെ തന്നെ പ്രധാനമായ സംരംഭമായിത്തീരുമെന്നതിന് സംശയമില്ല.
പി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: