മരട് (കൊച്ചി): വീട്ടമ്മയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ന്യൂ ജനറേഷന് തിരക്കഥാകൃത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് മലപ്പുറം കോട്ടക്കല്‍ ആറ്റിലില്‍ വലിയകണ്ടത്തില്‍ വീട്ടില്‍ ഹംസയുടെ മകന് ഹാഷിര്‍ മുഹമ്മദാണ് (29) പിടിയിലായത്. മരടിലെ ഫ്ലാറ്റില്‍ പത്തരയോടെ ആയിരുന്നു സംഭവം.
പത്താം നിലയില്‍ താമസിക്കുന്ന വീട്ടമ്മ കുട്ടിക്ക് ബേബി ഫുഡ് എടുക്കാന്‍ സഹോദരി താമസിക്കുന്ന നാലാം നിലയില്‍ എത്തിയതായിരുന്നു. ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്നും വിവസ്ത്രനായി ഇറങ്ങി വന്നാണ് ഹാഷിര്‍ വീട്ടമ്മയെ കടന്നു പിടിച്ചത്. കഴുത്തില്‍ പിടിമുറുക്കിയ ഇയാള്‍ വീട്ടമ്മയുടെ വായും പൊത്തി. പിടിവലിക്കിടെ വായ പൊത്തിയത് അയഞ്ഞപ്പോള്‍ ഉച്ചത്തില്‍ കരയാനായതാണ് വീട്ടമ്മയ്ക്ക് രക്ഷയായത്. ഒച്ച കേട്ട് അതേ നിലയിലെ താമസക്കാരായ യുവാക്കള്‍ ഓടിവന്ന് വീട്ടമ്മയെ രക്ഷിക്കുകയായിരുന്നു.
അതിനു ശേഷം യുവാക്കളോട് പരാക്രമം തുടങ്ങിയെങ്കിലും അവര്‍ ഹാഷിറിന്റെ കൈകള്‍ തോര്‍ത്തു കൊണ്ടു കെട്ടി, തുണിയുടുപ്പിച്ചു. പരാക്രമം നിറുത്താതിരുന്ന ഇയാളെ ഫ്ലാറ്റ് നിവാസികള്‍ പാര്‍ക്കിങ് സ്ഥലത്ത് കെട്ടിയിട്ട് പോലീസിനു കൈമാറി. സാധാരണ പകല്‍ സമയത്ത് ഇവിടെ ആരും ഉണ്ടാകാറില്ല. ഒരു ഫ്ലോറില്‍ രണ്ട് ഫ്ലാറ്റുകള്‍ മാത്രമാണുള്ളത്. ലിഫ്റ്റ് ഉള്ളതിനാല്‍ മറ്റ് ഫ്ലോറുകളിലുള്ളവര് ഇങ്ങോട് വരാറുമില്ല.
ഇയാളുടെ മുറി പരിശോധിച്ചതില്‍ നിന്ന് മൂന്ന് പാസ്പോര്ട്ടുകള്, സ്ത്രീകളുടെ വാനിറ്റി ബാഗ്, മയക്കു മരുന്ന്, ലൈംഗീക ഉത്തേജക ഔഷധങ്ങള്‍, ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ നിരോധ ഉറകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ഇയാള്‍ വാടകയ്ക്ക് എത്തിയത് രണ്ടാഴ്ച മുന്‍പാണ്. ഇയാള്‍ക്കൊപ്പം ഒരു യുവതി സ്ഥിരമായി ഉണ്ടായിരുന്നതായി താമസക്കാര്‍ പറഞ്ഞു. ഇയാള്‍ക്കു മുന്‍പ് മറ്റൊരു തിരക്കഥാ കൃത്തായിരുന്നു ഫ്ലാറ്റില്‍. അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ ആമി എന്ന ഭാഗത്തിന്റെ കഥയും തിരക്കഥയും ഹാഷിറിന്റേതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: