പത്തനംതിട്ട: എന്തുവന്നാലും ആറന്മുളയില് വിമാനത്താവളം പണിയുമെന്ന ആന്റോ ആന്റണി എംപി യുടെ ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞ പ്രഖ്യാപനം ആറന്മുളയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി എന്നിവര്‍ പറഞ്ഞു. ആറന്മുള എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം ഹൈക്കോടതിയും ഗ്രീന്‍ ട്രൈബ്യൂണലും സബ്കോടതിയും തടഞ്ഞിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തെതുടര്‍ന്ന് എയര്‍പോര്‍ട്ട് സംബന്ധിച്ച നടപടികളെല്ലാം നിയമവിരുദ്ധമാണെന്ന് വിജിലന്‍സ് അധികൃതരും കേരള ഹൈക്കോടതിയുടെ അഡ്വക്കേറ്റ് കമ്മീഷനും വ്യക്തമാക്കി. വിജിലന്‍സ് കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എയര്‍പ്പോര്‍ട്ട് നിര്‍മ്മിക്കുമെന്നു പറയുന്ന ആന്റോ ആന്റണി കോടതി നടപടികളെ വെല്ലുവിളിയ്ക്കുകയും ധിക്കരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എം.പി യ്ക്കെതിരെ കോര്‍ട്ട് അലക്ഷ്യത്തിന് നടപടി സ്വീകരിക്കണം.
റണ്‍വേ ക്ഷേത്രത്തില്‍ നിന്ന് 1000 മീറ്റര്‍ അകലെയാണെന്നാണ് എംപി യുടെ അഭിപ്രായം.അഡ്വക്കേറ്റ് ജനറല്‍ റണ്‍വേയില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം 500 മീറ്റര്‍ മാത്രമാണെന്നാണ്് കോടതിയില്‍ ബോധിപ്പിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ, എയ്റോ വേ ഓഫ് ഇന്‍ഡ്യ എന്നീ സ്ഥാപനങ്ങള്‍ കൊടിമരത്തിന്റെ പൊക്കം കുറയ്ക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംപി യ്ക്ക് മറിച്ചാണ് അഭിപ്രായമുള്ളതെങ്കില്‍ ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മുമ്പില്‍ എന്തുകൊണ്ട് തെളിവ് നല്‍കിയില്ലെന്ന് എംപി വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: