കൊട്ടാരക്കര: ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് മകരവിളക്കിന് ചാര്‍ത്താന്‍ കൊണ്ടുപോയ തിരുവാഭരണങ്ങള്‍ അശുദ്ധമാക്കിയവര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. തിരുവാഭരണത്തിന് സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കൊട്ടാരക്കര കിഴക്കേക്കര മംഗല്യയില്‍ എസ്. രാജശേഖരന് നായര്‍ ആണ് ഇത് സംബന്ധിച്ചു വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത്.
കോടിക്കണക്കായ അയ്യപ്പഭക്തര്‍ ആദരവോടും ഭക്തിയോടും കാണുന്ന തിരുവാഭരണങ്ങള്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടാണെന്ന് പരാതിയില്‍ പറയുന്നു. ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തില്‍ വിശ്രമസങ്കേതമായ ളാഹ വനസത്രത്തില് രാത്രി 8 മുതല്‍ 12 വരെ തിരുവാഭരണം കണ്ടു വണങ്ങാന്‍ ഭക്തര്‍ക്ക് സൗകര്യം ചെയ്തിരുന്നു. ഇതിനുശേഷം അടച്ചു സൂക്ഷിച്ച പേടകം ഹരിപ്പാട് ഗ്രൂപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലുള്ള ബൈജു തുറന്ന് ഭഗവാന്റെ മോതിരം എടുത്ത് സ്വന്തം വിരലിലണിഞ്ഞതായും സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പുദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് തിരിച്ച് പേടകത്തില്‍ വെച്ചതായും പറയുന്നു.
ഇതിനിടയില്‍ തറയില്‍ വീണ മോതിരം ബൈജു എടുത്ത് ചുംബിച്ച് തിരികെ നിക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. ഈ വിവരം തന്ത്രിയെയോ മറ്റു ബന്ധപ്പെട്ടവരെയോ അറിയിച്ചില്ല. ഇതിനാല്‍ അശുദ്ധമായ ആഭരണമാണ് ഭഗവാന് മകരവിളക്ക് സമയത്ത് അണിയിച്ചത്. കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി പേടകം തുറന്നത് കോടിക്കണക്കിന് അയ്യപ്പഭക്തരോടുള്ള അവഹേളനമാണ്. പേടകം തുറക്കാന്‍ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ബോര്‍ഡിലെ മറ്റ് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞിട്ടും തന്ത്രിയേയോ, ബോര്‍ഡിനെയോ അറിയിക്കാഞ്ഞത് ഗുരുതരമായ വീഴ്ചയാണ്. സംഭവം അന്വേഷിച്ച് അശുദ്ധമാക്കിയ ഉദ്യോഗസ്ഥനും, സുരക്ഷാ ചുമതലയുള്ളവര്‍ എന്നിവരുടെ പേരില്‍ നടപടി എടുക്കുകയും അശുദ്ധമാക്കിയ ആഭരണം ചാര്‍ത്തിയതിന് പരിഹാരക്രിയകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: