അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അരങ്ങിലായിരുന്നു അമ്മിണി. മരണവിവരം അറിയുന്നത് രണ്ടാഴ്ച കഴിഞ്ഞ്. വിവരമറിയിക്കാന്‍ ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിവരം അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ അവര്‍ അച്ഛന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഓര്‍ക്കുമ്പോള്‍ അമ്മിണിയുടെ നെഞ്ചു പൊടിയുകയാണ്. അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലും അറിയാന്‍ കഴിയാതെ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക് കടന്നുപോയ കാലത്തെ ഓര്‍ത്തെടുക്കുകയാണ് പ്രസിദ്ധ നാടകനടി അമ്മിണി.
കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി അമ്മിണി മലയാള നാടക അരങ്ങിലുണ്ട്. നാടകത്തിന്റെ സുവര്‍ണ്ണ കാലത്ത് മാത്രമല്ല, അമ്മിണിക്ക് ഇപ്പോഴും തിരക്ക് തന്നെ. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കേയാണ് 1964-ല്‍ ജ്ഞാനസുന്ദരി എന്ന നാടകത്തിലൂടെ അരങ്ങിലേക്ക് ചുവടു വച്ചത്. കടന്നുപോയത് അന്‍പത് വര്‍ഷങ്ങള്‍… നാടകവുമായി ഇഴചേര്‍ന്നതായിരുന്നു അമ്മിണയുടെ ജീവിതം. ഒരു ദിവസം തന്നെ പല വേദികള്‍. വീടുവിട്ടാല്‍ ആഴ്ചകളോളം നാടകയാത്ര. ഒരു വര്‍ഷം 450 ഓളം വേദികളില്‍ നാടകം കളിച്ച ചരിത്രമുണ്ട് അമ്മിണിക്ക്. എന്‍.എന്‍ പിള്ള, തിലകന്‍, രാജന്‍ പി. ദേവ്, എം.എസ് തൃപ്പൂണിത്തുറ എന്നിങ്ങനെ മലയാള നാടക അരങ്ങിലെ തമ്പുരാക്കന്മാര്‍ക്കൊപ്പം അമ്മിണി നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ചങ്ങനാശ്ശേരി ഗീഥയുടെ ജ്യോതി, ജ്വാല തുടങ്ങിയ നാടകങ്ങളില്‍ നായികയായിരുന്നു അമ്മിണി. നൂറുകണക്കിന് വേദികളില്‍ ഈ നാടകങ്ങള്‍ അവതരിപ്പിച്ചു. വൈക്കം മാളവികയുടെ ഹിമരേഖ, സൂര്യസോമയുടെ എന്നെ സ്നേഹിക്കൂ… തുടങ്ങിയ നാടകങ്ങളും അക്കാലത്ത് ഹിറ്റായിരുന്നു. കൊച്ചിന്‍ ഹരിശ്രീയുടെ നാടകങ്ങളിലും അമ്മിണി തിളങ്ങി. 1984-ലും 2009- ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 2006 ല്‍ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. നാടകത്തിന് വേണ്ടി ജീവിതം മാറ്റിവച്ചപ്പോഴും കുട്ടികളുടെ കാര്യങ്ങള്‍ക്കായി ഇടയ്‌ക്കിടക്ക് അമ്മിണി വീട്ടിലേക്ക് മടങ്ങിയെത്തി. അമ്മിണിയും ഭര്‍ത്താവ് ഏണസ്റ്റും നാടകലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ അമ്മിണി മനസ്സുവച്ചു.
“നാടകം നേട്ടങ്ങള്‍ മാത്രമേ തന്നിട്ടുള്ളു. നാടകമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക് ജീവിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല”. അമ്മിണി ഉറച്ച സ്വരത്തില്‍ പറയുന്നു. ഭര്‍ത്താവ് നല്‍കിയ പ്രോത്സാഹനവും പിന്തുണയും നാടകവഴിയില്‍ സഹായകമായതായി അവര്‍ പറയുന്നു. ഇടയ്‌ക്ക് സിനിമയിലേക്കും അമ്മിണി കടന്നുവന്നു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നമ്പര്‍വണ്‍ സ്നേഹതീരം, പത്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. “നാടകമാണ് എന്റെ വഴി. ഇനിയും നാടകങ്ങളില്‍ അഭിനയിക്കണം. നാടകം തരുന്ന സംതൃപ്തി അത്ര വലുതാണ്.” പള്ളുരുത്തി വട്ടത്തറ വീട്ടില്‍ അതിഥിയെപ്പോലെ ഇടയ്‌ക്ക് വരുന്നു. ഇപ്പോഴും കൂടുതല്‍ സമയം അരങ്ങില്‍ തന്നെ. നാടകം മാറുകയാണ്. കാലത്തിനനുസരിച്ച് ഈ കലാരൂപം മാറിക്കൊണ്ടിരിക്കും. നാടകത്തിന്റെ സുവര്‍ണ്ണകാലം തിരികെ വരിക തന്നെ ചെയ്യും. നാടകത്തെക്കുറിച്ച് ഇപ്പോഴും സ്വപ്നങ്ങള്‍ കാണുകയാണ് അമ്മിണി. പുതിയ നാടകത്തിനായി, പുതിയ കഥാപാത്രത്തിനായി അമ്മിണി കാതോര്‍ക്കുന്നു.
കെ.കെ റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: