തായ്ലന്റില് കഴിഞ്ഞ നാല് മാസത്തിലധികമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. അഴിമതിഭരണം മാത്രമുള്ള ഒരു സര്‍ക്കാരിന്റെ വനിതാ പ്രധാനമന്ത്രിയായ യിംഗ്ലക്ക് ഷിനവത്രെ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. അഴിമതി ആരോപണങ്ങള്‍ തുടക്കം മുതല്‍ തള്ളിക്കളഞ്ഞ ഷിനവത്രെക്കെതിരെ കൂടുതല്‍ തെളിവുകളുമായി അഴിമതിവിരുദ്ധ ഏജന്‍സി രംഗത്തെത്തിയത് ഇന്നലെയാണ്. ഷിനവത്രെക്കെതിരെ കുറ്റാരോപണം നടത്തിക്കൊണ്ടുള്ള ഏജന്‍സിയുടെ നടപടി തായ്ലന്റ് ഭരണത്തെ ഇനി കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും.
വിപണിവിലയേക്കാള്‍ കൂടുതല്‍ തുകനല്‍കി കര്‍ഷകരില്‍നിന്ന് അരിവാങ്ങാനുള്ള പദ്ധതിയിലെ പാളിച്ചകളാണ് അഴിമതിവിരുദ്ധ ഏജന്‍സി ഷിനവത്രക്കെതിരെ ഭരണവീഴ്ചയായി ഉയര്‍ത്തിക്കാട്ടുന്നത്. ഇതേത്തുടര്‍ന്ന് മുന്നൂറിലധികം വരുന്ന സര്‍ക്കാര്‍ അനുകൂലികള്‍ വടക്കന്‍ ബാങ്കോക്കിലെ ദേശീയ അഴിമതിവിരുദ്ധ കമ്മീഷന് മുമ്പില്‍ തടിച്ചുകൂടുകയും ചെയ്തു. ഷിനവത്രെക്കെതിരെ നിയമപരമായ നടപടിയെടുക്കാനുള്ള നീക്കത്തില്‍ ഇവര്‍ എന്‍.എ.സി.സി.ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ആരോപണങ്ങള്‍ ഷിനവത്രെ തള്ളുകയും ചെയ്തു.
ഷിനവത്രെയെ അധികാരത്തില്‍ നിന്നകറ്റാനുള്ള പ്രതിഷേധപ്രകടനങ്ങളാണ് തായ്ലന്റില് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ നടത്തുന്നത്. ജനകീയ കൗണ്‍സിലിനെ അധികാരം ഏല്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍ക്കാര്‍വിരുദ്ധര്‍ ബാങ്കോക്കിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഷിനവത്രെ ഭരണസിരാകേന്ദ്രത്തിന്റെ ആസ്ഥാനംവിട്ട് ഒളിസങ്കേതത്തിലേക്ക് മടങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. ഒരു വ്യാഴവട്ടക്കാലമായി തായ്ന്റിനെ ഭരിക്കുന്ന ഷിനവത്രെ കുടുംബത്തിന്റെ ആധിപത്യമാണ് അഴിമതി ആരോപണത്താല്‍ ഇപ്പോള്‍ തകര്‍ന്നടിയുന്നത്. മുന്‍ പ്രധാനമന്ത്രി തക്സീന്‍ ഷിനവത്രെയുടെ സഹോദരിയാണ് യിംഗ്ലക്ക് ഷിനവത്രെ. തക്സീനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ യിംഗ്ലക്ക് നിശബ്ദ നിലപാട് സ്വീകരിച്ചതും നേരത്തെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: