തൃശൂര്‍: എല്ലാകോളേജുകളിലും ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുളള പഠനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ സെക്കന്ററി തലത്തിലാണ് ഗുരുദേവകൃതികളെക്കുറിച്ചുള്ള പഠനമുള്ളത്. ഈ വര്‍ഷം മുതല്‍ ഹയര്‍സെക്കന്ററി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും. മലയാളപാഠന വിഭാഗത്തില്‍ ഗുരുദേവന് എഴുതിയിട്ടുള്ള അനുകമ്പാദശകമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവകൃതികള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീനാരായണഗുരു കേരളീയസമൂഹത്തിന് ശക്തിയും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഡോ.ടി.ഭാസ്ക്കരന്‍ രചിച്ച മഹര്‍ഷി ശ്രീനാരായണഗുരുദേവന്‍ എന്ന പുസ്തകത്തിന്റെ തമിഴ് പതിപ്പ് ശിവഗിരി മഠം മഠാധിപതി സ്വാമി പ്രകാശാനന്ദക്കും തെലുങ്ക് പതിപ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കന്നടപതിപ്പ് തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എക്കും നല്‍കികൊണ്ട് മുഖ്യമന്ത്രി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം മഠാധിപതി സ്വാമി പ്രകാശാനന്ദ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, പി.ടി.തോമസ് എംപി, പി.സി.ചാക്കോ എംപി, കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്, കേരള സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കാട്ടില്‍, കേന്ദ്രസാഹിത്യ അക്കാദമി അംഗം പി.കെ.പാറക്കടവ്, പി.എ.മാധവന് എംഎല്‍എ, മേയര്‍ രാജന് ജെ.പല്ലന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍, അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: