തിരുവനന്തപുരം: മുതിര്‍ന്ന ട്രേഡ് യൂണിയന് നേതാവും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എം.സുകുമാരപിള്ള (81)അന്തരിച്ചു. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. 22 വര്‍ഷം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു. കേരഫെഡ് ചെയര്‍മാനായി രണ്ടുതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. 13 വര്‍ഷം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10നു പത്തനംതിട്ട പുത്തന്‍പീടികയിലെ വസതിയായ ലക്ഷ്മിയില്‍. എംഎന്‍ സ്മാരകത്തിലും തൈക്കാട് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫീസിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹിക ട്രേഡ് യൂണിയന് രംഗത്തെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. നിരവധി ട്രേഡ് യൂനിയന്‍ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തു. രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കുന്ന നര്‍മം കലര്‍ന്ന നാടന്‍ പ്രസംഗശൈലി ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു.
പന്തളത്തെ മന്നം ഷുഗര്‍മില്‍, സംസ്ഥാന വെയര്‍ഹൗസിങ് കോര്പറേഷന് എന്നിവിടങ്ങളിലെ എഐടിയുസി യൂനിയന്‍ പ്രസിഡന്റായിരുന്നു.
റിട്ട. അധ്യാപിക ശ്രീകുമാരിയാണു ഭാര്യ. ഗീത മോഹന്‍, സന്തോഷ് എന്നിവര്‍ മക്കളും കെ. മോഹനന് (കനറാ ബാങ്ക് സീനിയര്‍ മാനേജര്‍), ആര്.രശ്മി (അധ്യാപിക, ആര്‍വിഎച്ച്എസ്എസ്, കോന്നി) എന്നിവര്‍ മരുമക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: