കൊച്ചി: സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സിപിഎമ്മില്‍ പുതിയ കലാപത്തിന് തുടക്കമിടുമെന്ന് സൂചന. സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടെന്ന് സിപിഎം ധാരണ. നിലവില്‍ പാര്ലമെന്റംഗങ്ങളായവര്ക്ക് തെരഞ്ഞെടുപ്പില്‍ ഒരവസരം കൂടി നല്‍കാനാണ് പാര്‍ട്ടിതീരുമാനം. കാസര്‍ഗോഡ് എം.പി പി .കരുണാകരന്റെ കാര്യത്തില്‍ മാത്രമാണ് ഈ തീരുമാനത്തില്‍ മാറ്റമുണ്ടാവുക. എന്നാല്‍ പല പ്രധാന സീറ്റുകളിലേയും സീറ്റ് നിര്‍ണ്ണയം പാര്‍ട്ടിക്ക് തലവേദനയാവുകയാണ്.
നാല് സീറ്റുകളില്‍ സിപിഐ ഏകപക്ഷീയമായി തെരഞ്ഞടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചതും സിപിഎം നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. സിപിഐ കഴിഞ്ഞതവണ മത്സരിച്ച തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് കൂടാതെ ഇടുക്കിയിലുമാണ് അവര്‍ പ്രചരണം ആരംഭിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ഇടുക്കി ഇക്കുറി സിപിഐക്ക് നല്‍കാനാവില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇവിടെ സിപിഎമ്മിന് വിജയ സാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കുടിയേറ്റ കര്‍ഷകരുടെ വോട്ടുകളാണ് പാര്‍ട്ടി ലക്ഷ്യം വക്കുന്നത്. പരിസ്ഥിതി സമരങ്ങളോട് അനുകൂല നിലപാടെടുക്കുന്ന സിപിഐ ഇവിടെ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഇടതു മുന്നണിയില്‍ തീരുമാനമാകുന്നതിനു മുന്‍പ് സിപിഐ സ്വയം സീറ്റില്‍ അവകാശം പ്രഖ്യാപിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുമുണ്ട്.
എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. കെ.വി തോമസ് തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമായ നിലക്ക് സെബാസ്റ്റ്യന്‍ പോളാണ് നല്ലത് എന്ന് ഒരു വിഭാഗം വാദിക്കുന്നു. മുന്‍പ് കെ.വി തോമസിനെ തോല്പിച്ച പാരമ്പര്യവും സെബാസ്റ്റ്യന്‍ പോളിനുണ്ട്. എന്നാല്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ള ഔദ്യോഗിക നേതൃത്വത്തിന് അനഭിമതനാണ് ഡോ.പോള്‍. മുന്‍മന്ത്രിയും കേന്ദ്രക്കമ്മറ്റി അംഗവുമായ ഡോ.തോമസ് ഐസക്കിന്റെ പേരും പരിഗണനയിലുണ്ട്. ജില്ലയിലെ പിണറായി വിഭാഗത്തിന് തോമസ് ഐസക്കിനോടും താത്പര്യമില്ല.
ജില്ലാ നേതൃത്വത്തിലെ ചില പേരുകളാണ് അവര്‍ മുന്നോട്ട് വക്കുന്നത്. സിഐടിയു സെക്രട്ടറി കെ. ചന്ദ്രന്‍പിള്ളയുടെ പേര് വി.എസ് വിഭാഗം മുന്നോട്ട് വെക്കുന്നു. ജനതാ ദല് എസ് ഇക്കുറി ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ഉറച്ച നിലപാടിലാണ്. അവരും കണ്ണു വക്കുന്നത് ഇടുക്കി സീറ്റിലാണ്. ആര്.എസ്പിയും കൊല്ലം സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ജയസാധ്യത കുറഞ്ഞ പത്തനംതിട്ട ആര്‍എസ്പിക്ക് കൊടുത്ത് അവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം എന്നാണ് സൂചന. ആര്‍എസ്പിയെ പിണക്കിയാല്‍ അത് കൊല്ലത്തെ സാധ്യതകളെ ബാധിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. പത്തനംതിട്ട ആര്‍എസ്പിക്കു നല്കിയാല് പ്രേമചന്ദ്രന് സാഥാനാര്ത്ഥിയാകാനാണ് സാധ്യത. തിരുവനന്തപുരത്ത് പൊതു സമ്മതന് വേണമെന്ന നിലപാടിലാണ് സിപിഎം. മമ്മൂട്ടിയെ ഇതിനായി പാര്‍ട്ടി നേതൃത്വം സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചതായാണ് സൂചന. തുടര്‍ന്ന് സുരേഷ് ഗോപിയേയും പാര്‍ട്ടി നേതൃത്വം സമീപിച്ചതായി സൂചനയുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. ബിനോയ് വിശ്വം, കാനം രാജേന്ദ്രന് തുടങ്ങിയ പേരുകള്‍ക്കാണ് മുന്‍ഗണന. മലപ്പുറത്തും പൊന്നാനിയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നുണ്ട്. മലപ്പുറത്ത് ഇ. അഹമ്മദിനെതിരെ ടി.കെ ഹംസയെ രംഗത്തിറക്കാനും ആലോചനയുണ്ട്. രണ്ടു മണ്ഡലങ്ങളിലും ലീഗിനെ നേരിടാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളില്ലാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുഡിഎഫ് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെങ്കിലും എല്‍ഡിഎഫില്‍ ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ച് സമാപിച്ച ശേഷം ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണ് മുന്നണി. അതേസമയം മുന്‍ കാലങ്ങളിലേതു പോലെ ഏകപക്ഷീയമായ നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെങ്കില്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഘടകകക്ഷികള്‍. സംസ്ഥാനത്ത് യുഡിഎഫ് അമ്പേ തകര്‍ന്ന നിലയിലാണെങ്കിലും അത് മുതലെടുക്കാനാകാത്ത നിലയിലാണ് ഇടതുമുന്നണിയും സിപിഎം നേതൃത്വവും. ആര്‍എംപിയുടെ തെരഞ്ഞടുപ്പിലെ സാന്നിധ്യവും പുതുതായി രംഗപ്രവേശം ചെയ്ത ആം ആദ്മി പാര്‍ട്ടിയും ഇടതു വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. കസ്തൂരി രംഗന് രിപ്പോര്ട്ടാണ് ഇക്കുറി പാര്‍ട്ടി തുരുപ്പ് ചീട്ടായി കാണുന്നത്. മലയോര മേഖലയിലും കൃസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളിലും ഇതുവഴി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: