തിരുവനന്തപുരം: പാറമടകള്‍ക്കും മണല്‍വാരലിനും അനുമതി നല്‍കാനുള്ള അവകാശം ആരോപണവിധേയനായ ഉദ്യോഗസ്ഥന് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. പാറമടകള്‍ക്കും മണല്‍വാരലിനും സുപ്രധാന അനുമതികള്‍ നല്‍കാനുള്ള അധികാരം ഏകപക്ഷീയമായി ആരോപണ വിധേയനായ പരിസ്ഥിതിവകുപ്പ് ഡയറക്ടര്‍ പി.ശ്രീകണ്ഠന് നായര്‍ക്ക് നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവ്. 2006 ലെ പാരിസ്ഥിക അനുമതി സംബന്ധിച്ച കേന്ദ്രനിയമം, സുപ്രീം കോടതിയുടേയും ഹരിത ട്രിബ്യൂണലിന്റേയും 2012ലെയും 2013ലെയും ഉത്തരവുകള്‍ എന്നിവ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഖാനനം, മണല്‍വാരല്‍ എന്നിവക്ക് അനുമതി നല്‍കാനുള്ള തീരുമാനം.യാതൊരു നിയമ സാധുതയും ഇല്ലാതെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. 1967ലെ നിയമത്തിന്റെ മറവിലാണ് പുതിയ നീക്കം. ഖാനനത്തിനും മണല്‍ വാരലിനും പാരിസ്ഥിതിക അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. നിര്‍മ്മാണ മേഖലയിലെ സ്തംഭനം ഒഴിവാക്കാനെന്ന വിശദീകരണത്തോടെ തുടങ്ങുന്ന ഉത്തരവ് അനുമതികളെല്ലാം നല്‍കേണ്ട ചുമതല സംസ്ഥാന പരിസ്ഥിതി വകുപ്പിനേയും സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയേയും ഏല്‍പ്പിച്ചിരിക്കുകയാണ്.
ഒരു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ഖാനനം നടത്താമെന്നും ഒരു വര്‍ഷത്തിനകം പരിസ്ഥിതി ഡയറക്ടര്‍ പരിശോധിച്ച് അനുമതി നല്കിയാല് മതിയെന്നും ഉത്തരവിലുണ്ട്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ചെമ്മണ്ണ് ഖാനനത്തിനും മണല്‍വാരലിനും ഇതു തന്നെയാണ് നിബന്ധന. ഇവയ്ക്കെല്ലാം അനുമതി നല്‍കുന്നതിനുള്ള പരമാധികാരം പരിസ്ഥിതി വകുപ്പു ഡയറക്ടറില്‍ മാത്രം നിക്ഷിപ്തമാക്കിയാണ് വിവാദ ഉത്തരവ്.
വേണ്ടത്ര യോഗ്യതകളില്ലാതെ എം എല്‍എ എം.എ.വാഹിദിന്റെ ശുപാര്‍ശ പ്രകാരമാണ് പരിസ്ഥിതി വകുപ്പ് ഡയറക്ടറായി പി.ശ്രീകണ്ഠന് നായരെ നിയമിച്ചത്.ഈ നിയമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ ശ്രീകണ്ഠന് നായര്‍ കടന്നുകൂടിയത്.ശ്രീകണ്ഠന് നായരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള കടുത്ത അതൃപ്തി രേഖാമൂലം അറിയിച്ചുകൊണ്ട് പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി ചെയര്‍മാനായ ഡോ.എ.ഇ. മുത്തുനായകം രാജിവച്ചിരുന്നു. മുത്തുനായകം ചൂണ്ടിക്കാട്ടിയ നിയമലംഘനമൊന്നും സര്‍ക്കാര്‍ കണ്ടതായി നടിച്ചില്ല. എന്നുമാത്രമല്ല, ആരോപണ വിധേയനായ ശ്രീകണ്ഠന് നായരെ തന്നെ ഖാനന അനുമതി നല്‍കാനുള്ള പ്രധാന ചുമതലയും ഏല്‍പ്പിച്ചു. മണല്‍ ഓഡിറ്റ് നടത്തി നദികളില്‍ നിന്നും ഡാമുകളില്‍ നിന്നും ഖാനനം ആകാമെന്ന് ഉത്തരവ് പറയുന്നു. ഇതിനുള്ള അനുമതിയും നല്‍കേണ്ടത് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വകുപ്പാണ്. മണ്ണ് കുഴിക്കാനും കുന്നിടിക്കാനും ഉള്ള അനുമതി നല്‍കേണ്ടത് സംസ്ഥാന പരിസ്ഥി ആഘാത നിര്‍ണ്ണയ അതോറിറ്റിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: