ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പങ്കെടുത്ത പരിപാടി മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ബഹിഷ്ക്കരിച്ചു. രമേശിന്റെ ജില്ലയില്‍ സുധീരന് പങ്കെടുത്ത ആദ്യ പരിപാടിയില്‍ തന്നെയായിരുന്നു രമേശിന്റെ ബഹിഷ്ക്കരണം. എന്നാല്‍ ഇതിന് മറുപടിയെന്നോണം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സുധീരന് തിരിച്ചടിച്ചു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് യുദ്ധത്തിന് പുതിയ തുടക്കം കുറിച്ചത്. സുധീരന് പങ്കെടുത്ത സമ്മേളനം ചെന്നിത്തലയുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധ നേടിയത്.
യുപിഎ സര്‍ക്കാരിലെ മന്ത്രിമാരും എംപിമാരും 2ജി സ്പെക്ട്രം അഴിമതി കേസിലും കോമണ്‍വെല്‍ത്ത് അഴിമതിയിലും ജയിലിലായത് ഭരണനേട്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സുധീരന് പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ തെളിവാണിതെന്നും സുധീരന് അവകാശപ്പെട്ടു.
കേന്ദ്ര ഭരണത്തിനായി ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പില്‍ യാതൊരു റോളുമില്ല. അവര്‍ രൂപീകരിച്ച ഫെഡറല്‍ മുന്നണിയില്‍ ഒരുഡസന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കിലും ഉണ്ടെന്നും സുധീരന് പരിഹസിച്ചു. സിപിഎമ്മിനൊപ്പം കമ്മറ്റികള്‍ മാത്രമേയുള്ളൂ, ജനങ്ങളില്ല. അതേ ഗതികേട് കോണ്‍ഗ്രസിനുണ്ടാകരുത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം ഇനി അനുവദിക്കില്ല. ഫ്ലക്സ് ബോര്‍ഡുകളില്‍ ഗ്രൂപ്പ് നോക്കി നേതാക്കളുടെ ചിത്രം വെട്ടി മാറ്റുന്ന പ്രവണത വര്‍ധിപ്പിച്ച് വരികയാണെന്നും സുധീരന് പറഞ്ഞു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മാതൃക പിന്തുടര്ന്ന് രമേശ് ചെന്നിത്തലയും സുധീരനെ ബഹിഷ്ക്കരിച്ചത് സ്വന്തം അണികള്‍ക്കുള്ള സൂചനയായി. ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്നല്ലാതെ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കെപിസിസി പ്രസിഡന്റ് തയാറാകാതിരുന്നതും പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ബഹിഷ്ക്കരണവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: