തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് നൂറുകോടി രൂപയുടെ സഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനം മൂന്നു മാസത്തിനുള്ളിലുണ്ടാകും. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. യാത്രാ ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കോര്പ്പറേഷന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ജനപങ്കാളിത്തത്തോടെ സാമൂഹ്യ സുരക്ഷാ പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിന് വീകെയര്‍ എന്ന പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍, സംഘടനകള്‍, ഫൗണ്ടേഷനുകള്‍, കോര്‍പ്പറേറ്റുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സാമൂഹിക സുരക്ഷാ മിഷന് നടപ്പിലാക്കുന്ന സുരക്ഷാ-ജീവകാരുണ്യ പദ്ധതികള്‍ക്കാവശ്യമായ വിഭവ സമാഹരണം നടത്തുകയാണ് വീ-കെയറിന്റെ പ്രധാന ലക്ഷ്യം.
താലോലം, ആശ്വാസകിരണം, ശ്രുതി തരംഗം, സ്നേഹപൂര്‍വം, സ്നേഹസാന്ത്വനം, സമാശ്വാസം, സ്നേഹസ്പര്‍ശം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ഇതോടെ സാമൂഹ്യ സുരക്ഷാ മിഷന് ലഭിക്കുന്ന എല്ലാ സംഭാവനകളും വീ-കെയര്‍ അക്കൗണ്ടിലേക്ക് വരവുവയ്ക്കും. സംഭാവനകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ 80 (ജി) പ്രകാരമുള്ള 50 ശതമാനം വരുമാന നികുതി ഇളവുണ്ടാകും. സംഭാവനകള്‍ ഭരണപരമായ ചെലവുകള്‍ക്ക് ഉപയോഗിക്കില്ല. 2014-15 ലെ ബജറ്റില്‍ വീ-കെയറിന് ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കുടുംബശ്രീ, സിഡിഎസ് മുഖേന സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും നല്കിയ ഭവനശ്രീ വായ്പകളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വായ്പ നല്കിയ 57 സഹകരണ ബാങ്കുകള്‍ക്ക് ആറ് വര്‍ഷം കൊണ്ട് 7.75 കോടി രൂപ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. പിഴപ്പലിശ ഒഴിവാക്കാമെന്ന് ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ട്. തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളും സര്‍ക്കാരും കുടുംബശ്രീയുമായി ത്രികക്ഷി കരാര്‍ ഒപ്പിടും. 3543 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുടുംബശ്രീ മുഖേന ദേശസാത്കൃത ബാങ്കുകളില്‍ നിന്ന് അനുവദിച്ചിരുന്ന വായ്പകള്‍ സര്‍ക്കാര്‍ 2010ല്‍ ഏറ്റെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് വിതരണത്തിന് 300.87 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 31 വരെയുള്ള എല്ലാ ക്ഷേമപെന്ഷന് കുടിശികയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന നിര്‍ഭയ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് നിര്‍ഭയ സെല്‍ രൂപീകരിക്കും. ഇതിന് സാമൂഹിക നീതി വകുപ്പില്‍ ഏഴ് തസ്തികകള്‍ സൃഷ്ടിക്കുന്നതാണ്. ഒരു സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍, മൂന്ന് പ്രോഗ്രാം ഓഫീസര്‍, ഒരു അക്കൗണ്ട്സ് ഓഫീസര്‍, രണ്ടു ഡേറ്റ എന്‍ട്രി ഓഫീസര്‍ എന്നിങ്ങനെയാകും തസ്തിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: