ധാക്ക: ക്യാപ്റ്റന്റെ സെഞ്ച്വറി കരുത്തില്‍ ടീം ഇന്ത്യ വീണ്ടും വിജയവഴിയില്‍. ദക്ഷിണാഫ്രിക്കയോടും ന്യൂസിലാന്റിനോടും ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ പരാജയപ്പെട്ടശേഷം ഏഷ്യാകപ്പിനായി ബംഗ്ലാദേശിലെത്തിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖര്‍ റഹിമിന്റെയും (117), അനമുള്‍ ഹഖിന്റെയും (77) മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്റെ ഇന്നിംഗ്സ് കാഴ്ചവെച്ച വിരാട് കോഹ്ലിയുടെയും (136) അജിന്‍ക്യ രഹാനെയും (73) കരുത്തില്‍ ആറ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.
നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. സ്കോര്‍ബോര്‍ഡില്‍ 49 റണ്‍സ് മാത്രമുള്ളപ്പോള്‍ 7 റണ്‍സെടുത്ത ഷംസുര്‍ റഹ്മാനും 23 റണ്‍സെടുത്ത മൊനിമുള്‍ ഹഖും കൂടാരം കയറി. റഹ്മാനെ മുഹമ്മദ് ഷാമി സ്വന്തം പന്തില്‍ പിടികൂടിയപ്പോള്‍ മൊനിമുള്‍ ഹഖിനെ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റാമ്പ് ചെയ്ത് പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അനമുള്ഹഖിനൊപം മുഷ്ഫിഖര്‍ റഹ്മാന് ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇരുവരും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടതോടെ ബംഗ്ലാദേശ് സ്കോറും ഉയര്‍ന്നു. 133 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കെതിരെ ഏതു വിക്കറ്റിലെയും ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച കൂട്ടാണിത്. ഒടുവില്‍ സ്കോര്‍ 182-ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 106 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്നു സിക്സറുമടക്കം 77 റണ്‍സെടുത്ത അനമുള്‍ ഹഖിനെ വരുണ്‍ ആരോണ്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ നയീം ഇസ്ലാം മുഷ്ഫിഖറിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 231-ല്‍ എത്തിച്ചു. 14 റണ്‍സെടുത്ത നയിമിനെ മുഹമ്മദ് ഷാമിയുടെ പന്തില്‍ അശ്വിന് കയ്യിലൊതുക്കി. പിന്നീട് സ്കോര്‍ 241-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത നാസിര്‍ ഹൊസൈനെ ഷാമി കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. ഇതിനിടെ മുഷ്ഫിഖര്‍ സെഞ്ച്വറി തികച്ചു. 104 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കമാണ് മുഷ്ഫിഖര്‍ മൂന്നക്കം കടന്നത്. മുഷ്ഫിഖറിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. പിന്നീട് സ്കോര്‍ 270-ല്‍ എത്തയിപ്പോള് ആറാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. 12 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത സിയാഉര്‍ റഹ്മാനെ ഭുവനേശ്വര്‍ കുമാര്‍ ആരോണിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറിലെ മൂന്നാം പന്തില്‍ 113പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ മുഹമ്മദ് ഷാമി രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
280 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ഇരുവരും 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് നാല് റണ്‍സെടുക്കുന്നതിനിടെ ഇരു ഓപ്പണര്‍മാരും മടങ്ങി. 28 റണ്‍സെടുത്ത ധവാനെ അബ്ദുര്‍ റസാഖ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ സിയാഹുര് റഹ്മാന് ബൗള്‍ടാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം അജിന്‍ക്യ രഹാനെ ചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. ഇരുവരും അനായാസം ബംഗ്ലാദേശ് ബൗളര്‍മാരെ നേരിട്ടതോടെ ഇന്ത്യന്‍ സ്കോറിംഗിനും വേഗതകൂടി. രഹാനെ വിക്കറ്റ് വീഴാതെ ശ്രദ്ധിച്ചപ്പോള്‍ കോഹ്ലി തുടക്കത്തിലേ ടോപ് ഗിയറിലായിരുന്നു. 22-ാം ഓവറിലെ ആദ്യപന്തില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. പിന്നീട് 31-ാം ഓവറില്‍ 150ഉം 36.5 ഓവറില്‍ 200ഉം 43.5 ഓവറില്‍ 250ഉം ഇന്ത്യ പിന്നിട്ടു. തൊട്ടുപിന്നാലെ വിരാട് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 94 പന്തില്‍ നിന്ന് 12 ബൗണ്ടറിയം ഒരു സിക്സറുമടക്കമാണ് ധോണി കരിയറിലെ 19-ാം ശതകം തികച്ചത്. അധികം കഴിയും മുന്നേ രഹാനെ 64 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 45.4 ഒാവറില്‍ 267-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റ് നഷ്ടമായി. 122 പന്തുകളില്‍ നിന്ന് 16 ഫോറും രണ്ട് സിക്സറുമടക്കം 136 റണ്‍സെടുത്ത കോഹ്ലിയെ റൂബല്‍ ഹൊസൈന്‍ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന് 213 റണ്‍സാണ് അടിച്ചുകൂട്ടിയത്. പിന്നീട് വിജയത്തിന് എട്ട് റണ്‍സകലെ വച്ച് അജിന്‍ക്യ രഹാനെയും മടങ്ങി. 73 റണ്‍സെടുത്ത രഹാനെയെ സൊഹാഗ് ഗാസിയുടെ പന്തില്‍ പകരക്കാരന് ഫീല്‍ഡര്‍ ഇമറുള്‍ കീസ് പിടികൂടി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട പാക്കിസ്ഥാന് ഇന്നത്തെ പോരാട്ടത്തില്‍ വിജയം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: