എന്റെ പേരു രുക്മിണി. ഞാന്‍ റീയൂണിയന് സ്വദേശിനിയാണ്. സ്വാമി പ്രേമാനന്ദയുടെ (മധു) സഹോദരിയാണ് ഞാന്‍. ഗെയ്ല് ട്രെഡ്വെല് തിരുവണ്ണാമലയില്‍ വരുമ്പോള്‍ അവര്‍ക്ക് ആദ്ധ്യാത്മികമായി ഒന്നും അറിയില്ലായിരുന്നു. അവരുടെ കൈവശം ചില്ലിക്കാശില്ലായിരുന്നു.ജീവിതം വഴിമുട്ടി നില്‍ക്കുകയായിരുന്നു. മധു, അവര്‍ക്ക്, ആദ്ധ്യാത്മികതയെക്കുറിച്ച് ചില ധാരണകളൊക്കെ ഉണ്ടാക്കിക്കൊടുത്തു. അദ്ദേഹത്തിന്റെ സഹായത്തോടെ അവര്‍ പിന്നീട് അമ്മയെ കണ്ടുമുട്ടി. ജീവിത സുരക്ഷ തേടുന്നവരായിരുന്നു, അന്നവര്‍. മധു അന്നവര്‍ക്ക് വലിയൊരു തുണയായിരുന്നു.1980ല്‍ ഗെയ്ല് ആശ്രമത്തില്‍ വന്ന് അല്പം കഴിഞ്ഞപ്പോള്‍ ഞാനും അമ്മയെ കണ്ടുമുട്ടി. അന്ന് എനിക്ക് 17 വയസ്സായിരുന്നു. ഗെയ്ലിനെ ഞാന്‍ ചേച്ചിയായാണ് കണ്ടിരുന്നത്. അന്ന് ആശ്രമം ഇന്നത്തെപ്പോലെ ആയിരുന്നില്ല. അമ്മയ്ക്ക് 26 വയസ്സ്ള്ളൂ. അമ്മ ഒരു മഹാത്മാവായി അറിയപ്പെട്ടുതുടങ്ങിയിട്ടില്ല. പക്ഷെ, അന്നും, കളരിയില്‍ ധാരാളം ഭക്തര്‍ക്ക് ദര്‍ശനം കൊടുത്തുകൊണ്ടിരുന്നു.
വാസ്തവത്തില്‍ അമ്മയുടെ പൈതൃകഭവനവും അമ്മ ദര്‍ശനം നല്‍കിയിരുന്ന കളരിയും ഞങ്ങള്‍ വസിച്ചിരുന്ന ചെറുകുടിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോടൊപ്പം പരാമാത്മാനന്ദ സ്വാമിയും (നീലു) ഗെയ്ലും വസിച്ചിരുന്ന അതേ ചെറുകുടിലിലാണ് ഞാനും താമസിച്ചിരുന്നത്. അമ്മയുടെ രൂപത്തില്‍ ഈശ്വരന് സന്നിധാനം ചെയ്യുന്ന ഇവിടം എനിക്കു സ്വര്‍ഗ്ഗമായിരുന്നു. ഗെയില്‍ അന്നേ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങളില്‍ നിന്ന് എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു.എനിക്കുള്ള അഭിപ്രായമല്ലായിരുന്നു ഗെയ്ലിനുണ്ടായിരുന്നത്. ക്രമേണ, അവര്‍ എന്റെ സ്വര്‍ഗ്ഗത്തെ നരകമാക്കാന്‍ ആരംഭിച്ചു.
എന്റെ പ്രായക്കുറവും അവരോടും അവരുടെ ‘ജോലി’ (ഗെയ്ലിന്റെ തന്നെ വാക്ക്) യോടുമുള്ള ആദരവുകൊണ്ടും ഞാന്‍ അവരോടൊപ്പം സേവയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. വാസ്തവത്തില്‍ ഇങ്ങനെ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് അവര്‍ തന്റെ വ്യക്തിത്വത്തിന്റെ മറുവശം വെളിപ്പെടുത്താന്‍ തുടങ്ങിയത്.കാരണം, അവര്‍ തന്റെ ജന്മാവകാശമായി കണക്കാക്കിയിരുന്ന പ്രവൃത്തിയില്‍ ഞാനും ഇടംതേടുന്നത് അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അവര്‍ എപ്പോഴും എന്നോടു പറയും: ‘ഇതെന്റെ ജോലിയാണ്’. അമ്മയെ താന്‍ മാത്രമേ പരിചരിക്കാവൂ; അമ്മ തന്റേതു മാത്രമാണ് എന്നായിരുന്നു അവരുടെ ഭാവം. അവരല്ലാതെ മറ്റാരും അമ്മയുടെ അടുത്ത് വരരുത്. ഇതോടെയാണ് അവര്‍ എന്നെ ശരിക്കും ദ്രോഹിക്കാന്‍ തുടങ്ങിയത്. ഞാന്‍ അമ്മയുടെ അടുത്ത് ഒന്നിനും കൊള്ളരുതാത്തവളാണെന്ന് എനിക്കു തോന്നണമെന്ന ഉദ്ദേശത്തോടെ, അങ്ങനെ എന്നെ അമ്മയെ സേവിക്കുന്നതില്‍ നിന്ന് പിന്തിപ്പിക്കണമെന്ന ഉദ്ദേശത്തോടെ, അവര്‍ എന്നെ കളിയാക്കാനും തുടങ്ങി. എന്നെ ആശ്രമത്തില്‍ നിന്നും ഓടിക്കലായിരുന്നു അവരുടെ ലക്ഷ്യം. എനിക്ക് എന്റെ പൈതൃകഗൃഹത്തില് സുഖജീവിതമായിരിക്കുമെന്നും ഞാന്‍ ആശ്രമം വിട്ടുപോകുന്നതായിരിക്കും നല്ലതെന്ന് അവര്‍ പലവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്. എന്നെ പുറത്താക്കാന്‍ അവര്‍ കഠിനമായി ശ്രമിച്ചു.
ഒരു ദിവസം നടന്ന സംഭവം ഓര്‍ക്കുന്നു. ഞങ്ങള്‍ ഇരുവരും അമ്മയുടെ അടുത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അമ്മ പറയുകയാണ് ‘എന്റെ രണ്ടു പെണ്മക്കള് ഒരാള്‍ കറുത്തതും ഒരാള്‍ വെളുത്തതും. പരസ്പരം കൈകോര്‍ത്തു നില്ക്കുന്നതു കാണുമ്പോള്‍ എനിക്കെന്തൊരു സന്തോഷമാണ് തോന്നുന്നത്’. അമ്മ തുടര്‍ന്നു, ‘ഇതുപോലെ ഞാന്‍ ലോകത്തെ കാണാന്‍ ആഗ്രഹിക്കുന്നു. വര്‍ണ്ണമോ മതമോകൊണ്ട് വേര്‍തിരിക്കപ്പെടാതെ കൈകോര്‍ത്തു നില്ക്കുന്ന ലോകത്തെ’. അപ്പോള്‍, അമ്മ കേള്‍ക്കില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടെന്ന പോലെ (അത് അസാദ്ധ്യമായിരുന്നെങ്കിലും), ഗെയ്ല് എന്നോടു പറഞ്ഞു: ‘അമ്മ പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. കാരണം, എനിക്കു നിന്നെ ഇഷ്ടമല്ല. എനിക്ക് ഒരിക്കലും നിന്നെ ഇഷ്ടമാവുകയുമില്ല.’ ഞാന്‍ ആകെ തളര്‍ന്നു പോയി. കാരണം, എനിക്ക് ഉള്ളിന്റെയുള്ളില്‍ ഈ ഐക്യവും താളലയവും അനുഭവമായിരുന്നുവെങ്കിലും ? ഗെയ്ലിനോടൊത്ത് ഭാവിയില്‍ വസിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകള്‍ ഉണ്ട്. ഞങ്ങള്‍ ഇരുവരും മാത്രമായിരുന്നല്ലോ അമ്മയെ പരിചരിക്കുന്ന ജോലി പങ്കു വെച്ചിരുന്നവര്‍!
എന്റെ യാതന കണ്ട് അപ്പോള്‍ അമ്മ എന്നില്‍ ഇരട്ടി സ്നേഹം ചൊരിയാന്‍ തുടങ്ങും. ഇത് ഗെയ്ലിനെ ചൊടിപ്പിക്കുമായിരുന്നു. അപ്പോള്‍ അതിനുള്ള വില ഞാന്‍ നല്കേണ്ടതായും വരുമായിരുന്നു. ഞങ്ങള്‍ ഇരുവരും ഒറ്റയ്ക്കായിരിക്കുമ്പോള്‍ അവര്‍ എന്നോട് ഈര്‍ഷയോടെ ക്രൂരമായി പെരുമാറിയതിനുള്ള വില വസൂലാക്കും.
ആ സമയം ഞാന്‍ ഒന്നും പറയാതെ, പ്രതികരിക്കാതെ എല്ലാം സഹിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. വാസ്തവത്തില്‍ ഞാന്‍ അവരെ ഒരു രാക്ഷസിയായിട്ടാണ് കണ്ടത്. കാരണം അവര്‍ എന്നെ ഭയപ്പെടുത്തി രസിക്കുകയായിരുന്നു ചെയ്തിരുന്നത്.
ഇങ്ങനെ ഈ യാതന എനിക്ക് അസഹ്യമായി. അമ്മയോടുള്ള സ്നേഹമെല്ലാം നിലനില്‍ക്കേ തന്നെ, ഞാന്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ ചില നിസ്സാര കാരണങ്ങള്‍ കണ്ടെത്തി. അമ്മയെ പിരിഞ്ഞതില്‍ എനിക്കുള്ള വേദന ഇപ്പോഴും നിലനില്ക്കുന്നു. പക്ഷെ, അമ്മയോടൊത്ത് എന്റെ പാതയില്‍ ഞാന്‍ സഞ്ചരിക്കുമ്പോള്‍ അമ്മ ഈശ്വരാവതാരമാണെന്ന വിശ്വാസം എന്നില്‍ കൂടുതല്‍ കൂടുതല്‍ ഉറച്ചു കൊണ്ടിരിക്കുകയാണ്. അമ്മ ഈ ലോകത്ത് എവിടെയാണെങ്കിലും അവിടെ ചെന്ന് അമ്മയോടൊപ്പം കഴിയുവാനുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്താറില്ല. കാരണം അതെനിക്ക് അത്ര പ്രധാനമാണ്.
ആശ്രമം വിട്ടുപോയി 14 വര്‍ഷങ്ങള്‍ക്കു ശേഷം ഗെയ്ലിന് അമ്മയെപ്പറ്റിയും അമ്മയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നു മനസ്സിലാകുന്നില്ല. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. അമ്മയുടെ ആശ്രമത്തില്‍ നടന്നതായി ഗെയ്ല് അവകാശപ്പെടുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഇന്നെന്നില്‍ അമ്പരപ്പാണ് ഉളവാകുന്നത്. അമ്മയെപ്പറ്റി കണ്ടും അനുഭവിച്ചും എനിക്കുള്ള അറിവിന്റെ വെളിച്ചത്തില്‍ എനിക്ക് ബോധ്യമുണ്ട്, ഈ ആരോപണങ്ങള്‍ മുഴുവന്‍ നെറികെട്ടവയാണ്, പൊരുത്തക്കേട് നിറഞ്ഞവയാണ്, നുണകളാണ്. അവര്‍ പറയുന്ന സംഭവങ്ങള്‍ ഒന്നുംതന്നെ ഒരിക്കലും സംഭവിച്ചിട്ടില്ല.
പുസ്തകമെഴുതിയ ആളിനെ എനിക്കറിയാവുന്നതിന്റെ വെളിച്ചത്തില്‍ പറയട്ടെ, ശുദ്ധഭ്രാന്തും, നുണക്കഥകളുടെയും അസൂയയുടെയും ഉത്പന്നവുമാണ് അവരുടെ രചന. ഈ പുസ്തകം ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടുന്നത് അവരെപ്പോലെയുള്ള ഒരാളുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന വൃത്തികേടാണ്.
പക്ഷെ എനിക്ക് ഇതും അറിയാം: അമ്മ തന്റെ അനന്തമായ സ്നേഹവും കാരുണ്യവുംകൊണ്ട് ഗെയ്ലിനോടു ക്ഷമിച്ചു കഴിഞ്ഞു കാണും. ഞാന്‍ ഇന്ന് ഗെയ്ലിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ കൃപയാല്‍ അവര്‍ക്ക് ബുദ്ധി തെളിയട്ടെ.
രുക്മിണി
(സില്‍വി രാമസാമി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: