തൃശൂര്‍: ഇടുക്കിയില്‍ മാത്രമല്ല കേരളത്തില്‍ മുഴുവന്‍ നടക്കാന്‍ പോകുന്നത് ഇരുമുന്നണികളുടെയും സൗഹൃദമത്സരങ്ങളാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ബിജെപി തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍തമ്മിലുള്ള മാച്ച് ഫിക്സിങ്ങ് മാത്രമാണ് നടക്കുന്നത്. നരേന്ദ്രമോദിയെ എതിര്‍ക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമെ രണ്ട് കൂട്ടര്‍ക്കുമുള്ളു. യുഡിഎഫില്‍ സീറ്റ് വിഭജനം ആരംഭിക്കുന്നതിന് മുമ്പേതന്നെ കോണ്‍ഗ്രസ് എംപിയായ മുഹമ്മദ് അഷറുദീനെകൊണ്ട് വന്ന് മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ചത് കോണ്‍ഗ്രസിന്റെ ഗതികേടും മുസ്ലീംലീഗിന്റെ അപ്രമാദിത്വവുമാണ് കാണിക്കുന്നത്.
ഇരുമുന്നണികളും ഭരിച്ച് മുടിച്ച് കേരളം ഇന്ന് ഭീകരരുടെ സ്വന്തം നാടായി. ഇന്ത്യയില്‍ എവിടെ ഭീകരാക്രമണം നടന്നാലും അവര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് കേരളമാണ്. എല്‍.കെ.അദ്വാനിയുടെ രഥയാത്രാ വഴിയില്‍ ബോംബ് പാകിയകേസിലെ ഭീകരനെ കൊല്ലത്ത് നിന്നും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തുവെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. കേരളീയനല്ലാത്ത ഇയാളെങ്ങനെ ഇവിടെ ആരുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞുവെന്നത് അന്വേഷിക്കുവാന്‍ പോലും കേരളാപോലീസ് തയ്യാറായിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യാസെക്രട്ടറി പി.കെ.കൃഷ്ണദാസ്,മേഖലാപ്രസിഡന്റ് ചന്ദ്രശേഖരന്, സംഘടനാ സെക്രട്ടറി പി.കെ.ധര്മ്മരാജന്,പട്ടികജാതിമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ലാജനറല്‍ സെക്രട്ടറിമാരായ രവികുമാര്‍ ഉപ്പത്ത്, എ.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: