ആറന്മുള : ആറന്മുളയില് നടക്കുന്ന സത്യാഗ്രഹം അതിജീവനത്തിന്റെയും പൈതൃകസമ്പത്ത് സംരക്ഷിക്കുന്നതിനും ഉള്ള ധര്മ്മസമരമെന്ന് ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ പതിനഞ്ചാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതാപചന്ദ്രവര്‍മ്മ.
ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. കെജിഎസ് കമ്പനി പലവഴിയിലൂടെ ആറന്മുള ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രത്തെപ്പറ്റി അന്വേഷണം നടത്തിയിരുന്നു. അതിനാലാണ് കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്ക്ക് നല്കിയ പഠന റിപ്പോര്‍ട്ടുകളില്‍ ക്ഷേത്രത്തെക്കുറിച്ചും കൊടിമരത്തെക്കുറിച്ചും കണക്കുകള്‍ ഉദ്ധരിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നത്. സ്പോടനാത്മകമായ ഈ വിഷയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത പ്രതിഷേധാര്‍ഹമെന്നും പ്രതാപചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു.
സിപിഐ (എംഎല്) റെഡ് ഫ്ലാഗ് എക്സി. അംഗം കെ.ഐ. ജോസഫ് അദ്ധ്യക്ഷതവഹിച്ചു. 2004 മുതല്‍ നടക്കുന്ന ആറന്മുള സമരത്തിന്റെ നാള്‍വഴികള്‍ കെ.ഐ. ജോസഫ് സമരപന്തലില്‍ അവതരിപ്പിച്ചു.
നമ്മുടെ സംസ്കാരമാണ് നമ്മളെകൊണ്ട് ആറന്മുള വിമാനത്താവളം പോലുള്ള വികല വികസനത്തെ എതിര്‍ക്കുവാന്‍ പഠിപ്പിച്ചതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്കൃത ഭാരതി ഓള് ഇന്‍ഡ്യാ ജനറല്‍ സെക്രട്ടറി ഡോ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. അമ്പോറ്റി കോഴഞ്ചേരി സ്വാഗതം പറഞ്ഞു.
ആര്‍എസ്പി സംസ്ഥാന എക്സി. അംഗം തോമസ് ജോസഫ്, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി.കെ.ജി. നായര്‍, അഖിലേന്ത്യ മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് നിര്‍മ്മലാ ദേവി, വിശ്വ സംസ്കൃത പ്രതിഷ്ഠാന്‍ സംസ്ഥാന സെക്രട്ടറി വി. ശ്രീകുമാര്‍, ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി ജി. ഉണ്ണികൃഷ്ണന്,ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം ശോഭനാഗോപാലകൃഷ്ണന്, സി.പി ഐ (എം. എല്‍. ) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മറ്റി അംഗം വിന്‍സെന്റ് ജോര്‍ജ്ജ്, സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ശ്രീധരക്കുറുപ്പ്, സുനില്‍ അങ്ങാടിയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
സത്യാഗ്രഹത്തിന്റെ 16-ാം ദിവസമായ ഇന്ന് പാലോട് രവി എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖ സാഹിത്യകാരന് ഡോ. ജോര്‍ജജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വദേശി ജാഗരണമഞ്ച് സംസ്ഥാന കണ്‍വീനര്‍ എം. ഗോപാല്‍ സത്യാഗ്രഹ സമരത്തില്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: