ആലപ്പുഴ: കായംകുളം കാദിശാപള്ളിയിലെ ധൂപപ്രാര്ഥനയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ നിലപാട് പക്ഷാഭേദമായിരുന്നുവെന്ന് നിരണം ഭദ്രാസനം മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മോര് കുറിലോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി നീതി രഹിതമായി പ്രവര്‍ത്തിക്കുകയാണ്. നീതിനിര്‍വഹണം കൃത്യമായി നടത്തിയ ചെങ്ങന്നൂര്‍ ആര്‍ഡിഒ, കായംകുളം എസ്ഐ, എഎസ്ഐ എന്നിവര്‍ക്കെതിരെ നടപടിയെടുത്തത് ഓര്‍ത്തഡോക്സ് പക്ഷത്തെ പ്രീതിപ്പെടുത്തുന്നതിനാണ്. സെമിത്തേരിയില്‍ പ്രാര്‍ഥന നടത്താന്‍ അവസരം നിഷേധിച്ചതിലും സര്‍ക്കാരിന്റെ നീതിരഹിത നടപടിയിലും പ്രതിഷേധിച്ച് സമ്മേളനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ സഭാ വിശ്വാസികള്‍ ഇത്തരം നടപടികള്‍ മനസിലാക്കിയായിരിക്കും നിലപാടുകള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അന്തോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ അധികാരത്തിലും ആത്മീയ നേതൃത്വത്തിന് കീഴിലുമുള്ളതുമാണ് കാദീശാപ്പള്ളി. സഭാപരമായ വ്യവഹാരത്തെ തുടര്‍ന്ന് ഇവിടെയും രണ്ട് വിഭാഗങ്ങളായി 1975 മുതല്‍ ആരാധന നടത്തുകയും സെമിത്തേരി പൊതുവായി ഉപയോഗിക്കുകയുമാണ്.
കഴിഞ്ഞ ഞായറാഴ്ച സഭയിലെ മരിച്ചുപോയവരെ ഓര്‍ക്കുന്ന ദിവസമായിരുന്നു യാക്കോബായ സഭയിലെ വിശ്വാസികള്‍ കല്ലറകളില്‍ കയറി പ്രാര്ഥിക്കുവാന് ചെന്നപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം തടയുകയും അസഭ്യം പറയുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ള അതേ അവകാശം യാക്കോബായ വിഭാഗത്തിനുമുണ്ട്. ഇത് നടപ്പാക്കാന്‍ ശ്രമിച്ച ചെങ്ങന്നൂര്‍ ആര്‍ഡിഒയെ കയ്യേറ്റം ചെയ്യുകയും പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിയുകയും ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സെമിത്തേരിയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
23ന് ജില്ലാ കളക്ടര്‍ രേഖാമൂലം നല്കിയ ഉത്തരവനുസരിച്ച് യാക്കോബായ വിഭാഗത്തിലെ വിശ്വാസികള്‍ക്ക് അടുത്ത രണ്ടിന് സെമിത്തേരിയില്‍ പ്രാര്ഥിക്കുവാന് അവസരം നല്‍കണം. ഹൈക്കോടതി വിധി ലംഘിച്ച് യാക്കോബായ സഭാ സ്ഥാപനത്തിനെതിരെയും വിശ്വാസികള്‍ക്കെതിരെയും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ.ജോര്‍ജ് പെരുമ്പട്ടേത്ത്, ഫാ.രാജു ജോണ്‍, ഡീക്കണ്‍ തോമസ് കയ്യാത്ര, പി.ഡി.ഉമ്മന്‍, ഗീവര്‍ഗീസ് ജോര്‍ജ്, പി.സി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: