കല്‍പ്പറ്റ : മകളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ പ്രതിയായ ദിനേഷി(40)നെ 376-2-എഫ് വകുപ്പ് പ്രകാരം 12 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവും ഭീഷണിപ്പെടുത്തിയ കുറ്റത്തിന് 506-2 വകുപ്പ് പ്രകാരം രണ്ട്് വര്‍ഷം കഠിന തടവും വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ഭാസ്ക്കരന്‍ വിധിച്ചു. പിഴ അടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.
2006 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. അന്ന് കുട്ടിക്ക് പത്ത് വയസ്സായിരുന്നു പ്രായം. നാലാം ക്ലാസ് മുതലാണ് പീഡനം തുടങ്ങിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. പിതാവില്‍ നിന്ന് പീഡനം സഹിക്കവയ്യാതായപ്പോള്‍ തൊട്ടടുത്ത വീട്ടിലെ അലക്കുകല്ലിനരികിലും ക്ലാസ് ടീച്ചര്‍ക്കും എഴുത്തെഴുതിവെക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് കുട്ടിയും പിതാവും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. ഒന്‍പത് രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അനുപമന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: