മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് പിന്നാലെ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനും കാലിടറി. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്ലറ്റികോ ഒസാസുനയോട് തകര്‍ന്നത്. പരാജയത്തോടെ ബാഴ്സയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനുള്ള അവസരവും അത്ലറ്റികോ തുലച്ചുകളഞ്ഞു. വിജയിച്ചിരുന്നെങ്കില്‍ അത്ലറ്റികോ ബാഴ്സയേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലെത്തുമായിരുന്നു.
പന്ത് കൂടുതല്‍ സമയം കൈവശംവെച്ചിട്ടും സൂപ്പര്‍ സ്ട്രൈക്കര്‍മാരായ ഡീഗോ കോസ്റ്റക്കും ഡേവിഡ് വിയ്യും എതിര് വല കുലുക്കാന്‍ കഴിയാതിരുന്നതാണ് അത്ലറ്റികോക്ക് തിരിച്ചടിയായത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആറാം മിനിറ്റിലാണ് ഒസാസുന ആദ്യനിറയൊഴിച്ചത്. ഒരു കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. എമിലിയാനോ അരമെന്ററോസ് എടുത്ത കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയത് നിലംതൊടും മുന്നെ തകര്‍പ്പനൊരു വലംകാലന്‍ ഷോട്ടിലൂടെ ആല്‍വാരോ സെജുഡോ അത്ലറ്റികോ വലയിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ സമനിലക്കായി അത്ലറ്റികോആഞ്ഞുപൊരുതിയെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു. 21-ാം മിനിറ്റില്‍ ഒസാസുന ലീഡ് ഉയര്‍ത്തി. എമിലിയാനോ അരമെന്ററോസ് ബോക്സിന് പുറത്തുനിന്ന് പറത്തിയ ഇടംകാലന്‍ ഷോട്ടാണ് മുഴുനീളെ പറന്ന അത്ലറ്റികോ ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചത്. പിന്നീട് 42-ാം മിനിറ്റിലും ഗോള്‍നേടിയതോടെ ഒസാസുനയുടെഗോള്പട്ടിക പൂര്‍ത്തിയായി. ഇടതുവിംഗില്‍ നിന്ന്ഡാമിയ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ റോബര്‍ട്ടോ ടോറസ് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും അത്ലറ്റികോ ഗോള്‍ മടക്കാനായി തുടരെ ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും ഒസാസുന പ്രതിരോധവും ഗോളിയും അവര്‍ക്ക് ബാലികേറാമലയായി തീര്‍ന്നു.
മറ്റൊരു മത്സരത്തില്‍ ഒമ്പതുപേരുമായി കളിച്ച റയല്‍ ബെറ്റിസിനെ അത്ലറ്റിക്ബില്ബാവോ 2-0ന് കീഴടക്കി. 41-ാം മിനിറ്റില്‍ പെര്ക്വസും 58-ാം മിനിറ്റില്‍ റെയ്സും ചുവപ്പുകാര്‍ഡ് പുറത്തുപോയതോടെയാണ് ബെറ്റിസ് ഒമ്പത് പേരായി ചുരുങ്ങിയത്. ബില്‍ബാവോക്ക് വേണ്ടി 34-ാം മിനിറ്റില്‍ മുനിയെനും 81-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് ഹെയ്റോയും ഗോളുകള്‍ നേടി. മറ്റ് മത്സരങ്ങളില്‍ സെവിയ 1-0ന് റയോ വയ്യക്കാനോയെയും വലന്‍സിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡയെയും പരാജയപ്പെടുത്തി. 25 മത്സരങ്ങൡ നിന്ന് 63 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: