കൊച്ചി: കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ ആനുകൂല്യം നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു നവീന സംരംഭം ആണെന്നും ഇന്ത്യയ്ക്ക് ഒട്ടാകെ മാതൃക ആകേണ്ട പദ്ധതിയാണിതെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.
നഗരസഭകള്‍ സമൂഹത്തിന് അലങ്കാരമല്ലെന്നും ജനോപകാരപ്രദമായ വികസനപദ്ധതികള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്കു മുതല്‍മുടക്കാന്‍ സന്നദ്ധതയുള്ളവരെ കണ്ടെത്തി പ്രോത്സാഹനവും സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ നഗരസഭകള്‍ക്കു സാധിക്കണം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്ക് വേണ്ടത്ര അറിവുണ്ടായി എന്ന് വരില്ല. എന്നാല്‍ എല്ലാ വികസന പദ്ധതികളേയും സ്ഥായിയായി മുന്നോട്ട് കൊണ്ടപോകുന്നതിനുള്ള സാമ്പത്തിക ശേഷി മുനിസിപ്പാലിറ്റികള്‍ക്ക് കുറവാണ്. ഓരോ മുനിസിപ്പാലിറ്റികള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന നിരവധി വികസന പദ്ധതികള്‍ ഉണ്ട്്. ഇതില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരുടെ നവീന സംരംഭം ആണിതെന്നും വയലാര്‍ രവി പറഞ്ഞു. ഇതൊരു അനുകരണീയമായ സംരംഭം ആണെന്നും കേരളം ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ വഴി കാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിക്ഷേപകരെ സഹായിക്കുന്നതിനു നഗരകാര്യ വകുപ്പിനു കീഴിലുള്ള പിപി സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും സംരഭകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്, ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബഹനാന്, ഹൈബി ഈഡന്, വിവിധ കോര്പ്പറേഷന് മേയര്‍മാരായ കെ.ചന്ദ്രിക, പ്രസന്ന ഏണസ്റ്റ്, രാജന് പുല്ലന്,ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍സ് അധ്യക്ഷന്‍ ജമാല്‍ മണക്കാടന്, തദ്ദേശവകുപ്പ് സെക്രട്ടറി രാജന് ഖൊബ്രേഗഡെ, നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഇ.ദേവദാസന്, ധനകാര്യ സ്പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശ്, പാര്‍ട്ണര്‍ കേരള കോ ഓര്‍ഡിനേറ്റര്‍ കബീര്‍ ബി.ഹാരൂണ്‍, വിവിധ വികസന അഥോറിറ്റി ചെയര്മാന്മാര് എന്നിവര്‍ പ്രസംഗിച്ചു. വിവിധ നഗരസഭകളുടെയും വികനസ അതോറിറ്റികളുടെയും പ്രോജക്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിക്ഷേപകരുമായും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും സംവദിക്കും. വിവിധ മന്ത്രിമാരും പങ്കെടുക്കും. പാര്‍ട്ണര്‍ കേരള സംഗമം ഇന്ന്്് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: