കോട്ടയം: ജില്ലയില്‍ ഇന്നലെ നടന്ന പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ 1,18,877 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. എം. ഐഷാഭായി അറിയിച്ചു. 133752 കുട്ടികള്‍ക്കാണ് മരുന്ന് നല്കാന് ഉദ്ദേശിച്ചിരുന്നത്. ഇതില്‍ 88.88% കുട്ടികള്‍ക്ക് ആദ്യ ദിനം ബൂത്തുകളില്‍ വച്ച് തുള്ളി മരുന്ന് നല്കി. മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് കൂടി മരുന്ന് നല്കി യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡി. എം. ഓ. അറിയിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസം കൂടി പ്രവര്‍ത്തിക്കുന്നതാണ്.
ഒന്നാം ഘട്ടത്തില്‍ മരുന്ന് ലഭിച്ച കുട്ടികള്‍ക്കുള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും 2-ാം ഘട്ടത്തിലും മരുന്ന് നല്കുന്നു എന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം.
ഇന്നലെ 20 മൊബൈല്‍ ബൂത്തുകള്‍, 43 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 1119 ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. റെയില്‍വെ സ്റ്റേഷന്, ബസ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി കഌബ് തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
ഭാരതം അതിന്റെ ചരിത്രത്തിലാദ്യമായി പോളിയോ വിമുക്തമായ മൂന്നു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെ ജില്ലയില്‍ 1.3 ലക്ഷത്തോളം കുട്ടികളെ ഒറ്റ ദിവസം കൊണ്ട് ഇമ്മ്യൂണൈസ് ചെയ്യുന്ന പള്‍സ് പോളിയോ യജ്ഞത്തിന്റെ വിജയത്തിനായി എല്ലാവരും യത്നിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. എം. ഐഷാഭായി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: