കാസര്‍കോട്: തുളുഭാഷയുടെ വികസനവും സാംസ്കാരിക ഉന്നതിയും ലക്ഷ്യമിട്ട് രൂപീകരിച്ച തുളു അക്കാദമി നിര്‍ജ്ജീവം. കഴിഞ്ഞ ഇടതുസര്ക്കാരിണ്റ്റെ കാലത്ത് നിലവില്‍ വന്ന അക്കാദമി ഇടത് വലത് സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രവര്‍ത്തനം നിലച്ച മട്ടാണ്. അക്കാദമിക്ക് സ്വന്തമായി ഒരു ഓഫീസ് നിര്‍മ്മിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. സി.എച്ച്.കുഞ്ഞമ്പു മഞ്ചേശ്വരം എംഎല്‍എ ആയിരുന്നപ്പോഴാണ് കേരള തുളു അക്കാദമി രൂപീകരിക്കുന്നത്. ഭാഷാന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ച അക്കാദമിക്ക് എന്നാല്‍ ഇടത് സര്‍ക്കാര്‍ ആകെ അനുവദിച്ചത് പത്ത് ലക്ഷം രൂപ മാത്രമാണ്. കര്‍ണാടകയില്‍ അരക്കോടിയിലധികം രൂപ ഓരോ വര്‍ഷവും തുളു അക്കാദമിക്ക് ബജറ്റില്‍ നീക്കി വയ്ക്കുമ്പോഴാണിത്. ഭരണം മാറി യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴും അവഗണന മാറിയില്ല. പത്ത് ലക്ഷം മാത്രമാണ് യുഡിഎഫും അനുവദിച്ചത്. ഭാരവാഹി സമിതി പുനസംഘടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളെ കുത്തിനിറച്ചുവെന്നതാണ് ആകെയുള്ള വ്യത്യാസം. എംപി, എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവരുള്‍പ്പെടെ 17 അംഗ സമിതിയാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി സുബ്ബയ്യറൈ ചെയര്‍മാനും ഡിസിസി എക്സിക്യുട്ടീവ് അംഗം മഞ്ജുനാഥ ആള്‍വ സെക്രട്ടറിയുമായുള്ള സമിതിയില്‍ പന്ത്രണ്ട് പേര് കോണ്‍ഗ്രസ് നേതാക്കളാണ്. മാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നാണ് ചട്ടമെങ്കിലും മൂന്ന് മാസത്തിലൊരിക്കലാണ് ഇപ്പോഴത്തെ യോഗമെന്ന് ഭാരവാഹികള്‍ തന്നെ സമ്മതിക്കുന്നു. ഭൂരിഭാഗവും യോഗത്തിനെത്താറുമില്ല. അക്കാദമിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിനായി മഞ്ചേശ്വരത്ത് ഭൂമി പാട്ടത്തിന് ലഭിക്കുകയും ചെയ്തു. രണ്ട് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിണ്റ്റെ പ്രാരംഭ പ്രവൃത്തി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവില്‍ കലക്ട്രേറ്റിലാണ് അക്കാദമിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ മഞ്ചേശ്വരത്ത് വാടകകെട്ടിടത്തില് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കലക്ട്രേറ്റിലെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാറുമില്ല. സ്റ്റാഫ് ഇല്ലാത്തതാണ് കാരണമായി അധികൃതര്‍ക്ക് പറയാനുള്ളത്. ഉദ്ദേശ്യലക്ഷ്യങ്ങളില്ലാതെയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. അക്കാദമി രൂപീകരിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ ഒരു നേട്ടവും ഉയര്ത്തിക്കാണിക്കാനുമില്ല. നാടകവും സെമിനാറുകളും പോലുള്ള ചടങ്ങ് പരിപാടികള്‍ നടത്തി തൃപ്തിയടയുകയാണ് അക്കാദമി ഭാരവാഹികള്‍.
രാജിവെച്ചെന്ന് സമിതിയംഗം
മഞ്ചേശ്വരം: നിര്‍ജ്ജീവമായ അക്കാദമിയില്‍ തുടരാന്‍ താത്പര്യമില്ലാത്തതിനാല്‍ രാജിവെച്ചുവെന്ന് സമിതി അംഗം അബ്ദുള്‍ റഹ്മാന്. തുളുഭാഷയെ സ്നേഹിക്കുന്നവരെ വഞ്ചിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. എട്ട് മാസത്തോളമായി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. സ്റ്റേജ് പരിപാടികള്‍ നടത്തിയെന്നതുമാത്രമാണ് അക്കാദമിക്ക് അവകാശപ്പെടാനുള്ളത്. ഇതൊക്കെ ചെയ്യാന്‍ ഇവിടെ തുളുസംഘടനകള് ഉണ്ട്. ഇടതുസര്‍ക്കാരാണ് പ്രശ്നമെന്ന് ആദ്യം വിചാരിച്ചു. ഇപ്പോള്‍ യുഡിഎഫ് വന്നിട്ടും മാറ്റമൊന്നുമില്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനാണ് ഇരു മുന്നണികളുടേയും ശ്രമം. നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് തികയുന്നില്ലെന്ന് ചെയര്മാന്
കാസര്‍കോട്: തുളു അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന് ചെയര്മാന് സുബ്ബയ്യറൈ. ഓഫീസ് നിര്‍മ്മിക്കാന്‍ തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല. സ്റ്റാഫിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയംഗം രാജിവച്ചുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: