ആറന്മുള: ആറന്മുളയിലെ സ്ത്രീ ശക്തിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ സര്‍ക്കാര്‍ തോല്‍വി സമ്മതിക്കുന്ന ദിവസം ഉടന്‍ ഉണ്ടാകുമെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന് പറഞ്ഞു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന ഒരു ഗ്രാമത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവള പദ്ധതി പ്രദേശത്തെ മൂന്നൂറിലധികം വീട്ടമ്മമാരുടെ ഏകദിന സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുനു അദ്ദേഹം.
അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള സമരമാണ് ആറന്മുളയിലേതെന്നും സംസ്ക്കാരത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കുവാന്‍ അമ്മമാര്‍ അനുവദിക്കരുതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശോഭാസുരേന്ദ്രന്. ആറന്മുളയില് വികസനം വരുന്നതിങ്ങനെയാണെങ്കില്അനുഭവിക്കാന് ആറന്മുളക്കാരുണ്ടാവില്ല. സമരം ചെയ്യുന്ന വീട്ടമ്മമാരുടെ വിഷമതകളും വാക്കുകളും കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിമാനത്താവളത്തിനുള്ള മുഴുവന്‍ അനുമതികളും റദ്ദുചെയ്യണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. പൈതൃകവും പരിസ്ഥിതിയും നിലനിര്‍ത്തുന്നതിന് ഇന്ത്യയിലെ സമരങ്ങളില്‍ ഇന്ന് ഏറ്റവും ശ്രദ്ധ കിട്ടിയ സമരമാണ് ആറന്മുളയിലേതെന്നും പൈതൃകത്തെയും ചരിത്രത്തെയും നശിപ്പിക്കുന്ന വികസനം ആപല്‍ക്കരമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡോ.ടി.എന്‍. സീമ എംപി പറഞ്ഞു. സിവില്‍ ഏവിയേഷന്റെ കണ്സള്ട്ടേഷന് കമ്മിറ്റിയില്‍ അംഗമായ ഡോ. റ്റി.എന്‍. സീമ നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആറന്മുളയില് വിമാനത്താവളം അനുവദിക്കാന്‍ സാധിക്കുകയില്ല എന്ന് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതായി അറിയിച്ചു.
തൃശ്ശൂര്‍ ആറങ്ങോട്ടുകര കൃഷിപാഠശാല വനിതാ നാടകസമിതി അവതരിപ്പിച്ച ഇടനിലങ്ങള്‍ എന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള നാടകം സത്യാഗ്രഹ പന്തലില്‍ അരങ്ങേറി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, വിജയമ്മ എസ്. പിള്ള, താര ഉണ്ണികൃഷ്ണന്, ശാന്തി വിജയന് നായര്‍, ഉഷ മോഹന്‍, ദീപ സുരേഷ്, രമ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: