ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഇതുവരെ അന്വേഷിക്കാത്ത ചില തലങ്ങളും അനുബന്ധ സംഭവങ്ങളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനയുടെ ആഴക്കയങ്ങള്‍ ഫലപ്രദമായി കണ്ടെത്തി കുറ്റക്കാരായ ഉന്നതന്മാരെ നിയമദണ്ഡനത്തിനു വിധേയമാക്കണമെന്ന് ബിജെപി പലകുറി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ബിജെപിക്ക് അഭിപ്രായമുണ്ട്. എന്നാല്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ന്യായമായ ഈ അവശ്യത്തിനു നേരേ ബോധപൂര്‍വ്വം മുഖം തിരിക്കുകയായിരുന്നു. സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ നേതൃത്വപരമായ ഗൂഢാലോചനയും പങ്കാളിത്തവും പച്ചക്കൊടികാട്ടലുമൊക്കെ എപ്പോഴുമുണ്ടാകാറുണ്ട്. അതുകൊണ്ടാവാം സിപിഎം ഉന്നത നേതാക്കന്മാര് സിബിഐ അന്വേഷണ വാര്‍ത്ത കേട്ട് ഞെട്ടിവിറച്ചു വിറങ്ങലിച്ചുപോയത്.
ടിപി കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുന്നതില്‍ യാതൊരുവിധ അനൗചിത്യവുമില്ല. ധാര്‍മ്മികമായോ നിയമപരമായോ ഇക്കാര്യത്തില്‍ പിശകോ വീഴ്ചയോ ചൂണ്ടിക്കാട്ടാനുമുണ്ടാവില്ല. കേരളീയ പൊതുസമൂഹം ഈ ഉദ്യമത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തുകഴിഞ്ഞിരിക്കയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്കണ്ഠയും ആശങ്കയുമുള്ള ആളാണ് ഈ ലേഖകന്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യ വിലപേശലിന് ഈ കേസ് ഇന്ധനമാകുമെന്ന് ഞാന്‍ കരുതുന്നു. അന്വേഷണവും വിചാരണയും കഴിഞ്ഞശേഷം കേസുകളുടെ അന്വേഷണം സിബിഐക്കു കൈമാറിയ എത്രയോ കേസുകള്‍ നമുക്കിടയിലുണ്ട്. 1979 ലെ നാരംഗ് കേസു മുതല്‍ ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസുവരെ ഈ പട്ടികയില്‍പ്പെടുന്നു.
ചന്ദ്രശേഖരന് കേസില്‍ അന്വേഷിക്കാന്‍ വിട്ടുപോയതോ ഭരണകൂട ഇടപെടല്‍മൂലം അട്ടിമറിക്കപ്പെട്ടതോ ആണ് കേസിലുള്‍പ്പെട്ട ഗൂഢാലോചന രണ്ടു ജില്ലകളിലെ പാര്‍ട്ടി ഘടകങ്ങള്‍ സംയോജിച്ച് ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയ കൊലക്കുപിന്നില്‍ ഉന്നത നേതാക്കന്മാരുടെ പങ്ക് ഉറപ്പിക്കാവുന്നതാണ്. സിപിഎം പ്രതിക്കൂട്ടിലാക്കപ്പെട്ട ഈ സംഭവത്തിന്റെ ‘ക്ലൈമാക്സില്‍’ സിപിഎമ്മിലെ ഉന്നതരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. കോണ്‍ഗ്രസ് വീണാല്‍ സിപിഎമ്മും മറിച്ചാണ് വീഴ്ചയെങ്കില്‍ കോണ്‍ഗ്രസ്സും ഓടിയെത്തി മറുഭാഗക്കാരനെ രക്ഷപ്പെടുത്തിയ ചരിത്രം ഇവിടെ ഒട്ടനവധിയുണ്ട്. കേരളത്തില്‍ പരസ്പരാശ്രിതങ്ങളും പരസ്പരപൂരകങ്ങളുമാണ് സിപിഎം- കോണ്‍ഗ്രസ് കക്ഷികള്‍.
സിബിഐ എന്നറിയപ്പെടുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയാണ്. എന്‍ഡിഎയുടെ ഭരണകാലമൊഴിച്ചുനിര്ത്തിയാല് പൊതുവില്‍ സിബിഐക്കെതിരെ പക്ഷപാത സമീപനം എക്കാലത്തും ആരോപണ രൂപത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
വാജ്പേയി ഭരണത്തിന്‍കീഴില്‍ അപ്രകാരമൊരാക്ഷേപം ആരും ഉയര്‍ത്തിയിട്ടില്ല. ഇപ്പോഴത്തെ കോണ്‍ഗ്രസ് ഭരണകൂടം രാഷ്ട്രീയ നേട്ടത്തിനായി സിബിഐയെ ദുരുപയോഗം ചെയ്ത ഒട്ടനവധി കഥകള്‍ അങ്ങാടിപ്പാട്ടാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണവും സിബിഐക്കു കൈമാറാന്‍ യുഡിഎഫ് ആദ്യം വിസമ്മതിച്ചതിനു പിന്നിലും ഇപ്പോള്‍ അംഗീകരിച്ചതിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിനുപിന്നില്‍ നിയമാധിഷ്ഠിത അംശത്തേക്കാള്‍ രാഷ്ട്രീയ അംശത്തിനാണ് പ്രാമുഖ്യമുള്ളത്.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കോട്ടയം ബാങ്കു കേസ്, എസ്എന്‍സി ലാവ്ലിന് കേസ്, ബ്രഹ്മപുരം കേസ് തുടങ്ങി അര ഡസന്‍ പ്രോസിക്യൂഷന് കേസുകളെങ്കിലും ‘അബോര്‍ട്ടു’ ചെയ്യപ്പെട്ട് ഇല്ലാതായത് ഇടത്-വലത് മുന്നണികള്‍ തമ്മിലുണ്ടാക്കിയ രഹസ്യധാരണകള്‍ കൊണ്ടാണ്.
ലാവ്ലിന് കേസില്‍ സിബിഐ അന്വേഷണം വെണ്ടെന്ന് കേന്ദ്രസര്‍ക്കാരും കേരളത്തിലെ ഇടത്-വലത് ഭരണകൂടങ്ങളും വാദിച്ചതിന് ഈ ലേഖകന്‍ ദൃക്സാക്ഷിയാണ്. എന്നാല്‍ കാണാനില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫയലുകള്‍പോലും ഹൈക്കോടതി കണ്ടെത്തുകയും പരിശോധിച്ചു പഠിക്കുകയും ചെയ്ത ശേഷമാണ് സിബിഐ അന്വേഷണ വിധി പ്രഖ്യാപനമുണ്ടായത്. സിബിഐയും കോടതിയില്‍ സര്‍ക്കാര്‍ ഭാഗത്തായിരുന്നു. എന്നാല്‍ പ്രസ്തുത കേസും അട്ടിമറിക്കപ്പെട്ടു. പ്രാഥമിക തെളിവുകള്‍ വരെ മറച്ചുവെച്ചാണ് സിബിഐ കോടതിയില്‍ കുറ്റപത്രം ഫയലാക്കിയതെന്ന് സ്പെഷ്യല്‍ കോടതിയുടെ കുറ്റവിമുക്ത വിധി തെളിയിച്ചിരിക്കുന്നു. മാറാട് കൂട്ടക്കൊലക്കേസിലും യുഡിഎഫ്- എല്‍ഡിഎഫ് സംവിധാനങ്ങള്‍ പരസ്പര സഹായികളായി സിബിഐ അന്വേഷണ ശ്രമത്തെ പരാജയപ്പെടുത്തുകയാണുണ്ടായത്. മാറാട് കേസില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സിബിഐ അന്വേഷണത്തെ എതിര്‍ത്ത യുഡിഎഫും എല്‍ഡിഎഫും തെരുവില്‍ സിബിഐ അന്വേഷണത്തിന്റെ വക്താക്കളായി വേഷം കെട്ടിയാടാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഇപ്പോള്‍ ടിപി വധഗൂഢാലോചനയുടെ അന്വേഷണം സിബിഐക്കു കൈമാറിക്കൊണ്ടുള്ള പ്രഖ്യാപനം വെറുമൊരു പ്രഹസനമായി മാറിയേക്കും. കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാദ്ധ്യത തികച്ചും വിരളമാണ്. കേസിലെ പ്രതികളും സ്വര്ണ്ണകടത്തുകാരനായ ഫയാസും തമ്മിലുള്ള ബന്ധങ്ങള്‍, സാമ്പത്തിക സ്രോതസ്സ്, ഗൂഢാലോചന, ജയിലിലെ ഫോണ്‍ വിളികള്‍, സംരക്ഷണം, കുറ്റവാളികളെ ഒളിപ്പിക്കല്‍ തുടങ്ങി ആറു കാര്യങ്ങളാണ് അന്വേഷിക്കാനായി കേരള സര്‍ക്കാര്‍ സിബിഐയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ നിസ്സാരമായ ആരോപണങ്ങള്‍കൂടി കുറ്റാന്വേഷണപരിധിയില്പ്പെടുത്തി സിബിഐ അന്വേഷണ സങ്കല്‍പ്പത്തെ നിസ്സാരവല്ക്കരിച്ചിരിക്കയാണ്. വൈവിദ്ധ്യവും വൈരുദ്ധ്യവുമുള്ള ആരോപണങ്ങള്‍ ഒന്നിച്ച് അന്വേഷിക്കാന്‍ സിബിഐ സ്വാഭാവികമായും വിമുഖരായിരിക്കും. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണകൂടങ്ങളെ പലപ്പോഴും അകമഴിഞ്ഞു സഹായിച്ച ചരിത്രമുള്ള പാര്‍ട്ടികളാണ് ഇടതുപക്ഷക്കാര്‍. കോണ്‍ഗ്രസ്സ് സ്വന്തം നിലനില്‍പ്പിനായി സിപിഎമ്മിനെ ആശ്രയിക്കേണ്ടിവരുന്ന നാളുകളും, അതിനുള്ള ഉപകരണസ്മരണാ പട്ടികയില്‍ ടിപി കേസ് ഇടം നേടുകയും ചെയ്യുന്ന നാളുകളും ആര്‍ക്കും തള്ളിക്കളയാനാവില്ല. ടിപി കേസ് അന്വേഷണത്തിന്റെ പരിസമാപ്തി അത്തരമൊരു ദുരന്തമാകാതിരിക്കാന്‍ ഇടയാകട്ടെ.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: