തൃപ്പൂണിത്തുറ: കഴിഞ്ഞവര്‍ഷങ്ങളിലെപ്പോലെ നൂറുമേനിയുടെ നിറവില്തന്നെയാണ് ഈ പ്രവാശ്യവും നടനും സംവിധായകനുമായ ശ്രീനിവാസന്. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ കണ്ടനാട്ടുള്ള വീടിനോട് ചേര്‍ന്ന് ചെയ്തിരിക്കുന്ന നെല്‍ക്കൃഷിയുടെ വിളവെടുപ്പുത്സവം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. സുഹൃത്തും അയല്‍വാസിയുമായ പി.കെ. പ്രകാശിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ പാടത്ത് പ്രമുഖ പ്രകൃതികൃഷി പ്രചാരകന് കെ. എം. ഹിലാലും ചേര്‍ന്നാണ് കൃഷിയിറിക്കിയിരുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടയായിരുന്നു ഇത്തവണയും കൃഷി ചെയ്തത്.
ഗോമൂത്രവും ചാണകവും മാത്രമേ കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളു. ഗോമൂത്രത്തിനും ചാണകത്തിനുമായി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കാസര്‍കോഡന്‍ പശുവിനെ മൂന്നുവര്‍ഷമായി ശ്രീനിവാസന് വളര്‍ത്തിവരുന്നു. പാടത്ത് ജലക്ഷാമം നേരിട്ടിട്ടുപോലും ഇത്തവണ മികച്ചവിളവാണ് ശ്രീനിവാസന് ലഭിച്ചത്.
പാമ്പാക്കുട ബ്ലോക്ക് ഗ്രീന്‍ ആര്‍മിയാണ് യന്ത്രം ഉപയോഗിച്ച് ഞാറു നടീല്‍ നടത്തിയത്. അങ്കമാലി വെങ്ങൂര്‍ സഹകരണസംഘത്തിന്റെ കൊയ്ത്തുമെതി യന്ത്രമാണ് കൊയ്ത്തിന് ഉപയോഗിച്ചത്. ഭക്ഷണത്തിലൂടെ ശരീരത്തില്‍ കടന്നുകൂടുന്ന വിഷാംശത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ഇത്തരത്തിലുള്ള സംരംഭത്തിനു തന്നെ പ്രേരിപ്പിച്ചതെന്നു ശ്രീനിവാസന് പറഞ്ഞു. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അങ്കിതാസലിം, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍, അയല്‍വാസികള്‍ തുടങ്ങി ഒരുവന് ജനാവലി വിളവെടുപ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: