കൊച്ചി: ഏറെ പ്രതീക്ഷകളോടെ പ്രഖ്യാപിക്കപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം എങ്ങുമെത്താത്തതിന് പിന്നില്‍ മുഖ്യമന്ത്രിയും കുടുംബവും മുന്‍ വ്യവസായ മന്ത്രി എളമരം കരീമുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. സ്മാര്‍ട്ട് സിറ്റിയുടെ മറവില്‍ വന്‍ ഭൂമി തട്ടിപ്പാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാര്‍ട്ട് സിറ്റിക്കായുള്ള കെട്ടിട നിര്‍മാണത്തിന്റെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും എ.എന്‍.രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് പി.ജെ.തോമസ് പങ്കെടുത്തു.
എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളിയുടെ ഭാഗമായിട്ടാണ് സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം എങ്ങുമെത്താത്തതെന്നും അദ്ദേഹം പറഞ്ഞു.
90,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ കിട്ടുന്ന മേഖലയായിരിക്കുമെന്നാണ് 2007 ല്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നത്. കേരളത്തില്‍ ഇന്‍ഫോ പാര്‍ക്കുമായി ബന്ധപ്പെട്ട 20,000ത്തോളം ആളുകള്‍ തൊഴില്‍ എടുക്കുന്നുണ്ട്. ആ ഇന്ഫോപ്പാര്ക്കിന്റെ ഭൂരിഭാഗവും കെഎസ്ഇബിയുടെ പ്രധാനപ്പെട്ട സ്ഥലവും ഉള്‍പ്പെടെ ഏകദേശം 243 ഏക്കര്‍ ഭൂമി സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടി സര്‍ക്കാര്‍ നീണ്ട കാലാവധിയിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്.
2007 ല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി 9 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. 2007 മുതല്‍ ഓരോ വര്‍ഷവും പണിപൂര്ത്തിയാക്കേണ്ട കെട്ടിടത്തിന്റെ ചതുരശ്ര അടിയെക്കുറിച്ച് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആ കണക്ക് അനുസരിച്ച് 2017 ഓടെ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതാണ്. 2008 ല്‍ 6,19,6359 ചതുരശ്ര അടിയും 2009 ല്‍ 8,37,411 ചതുരശ്ര അടിയും 2010 ല്‍ 7,72,000 ചതുരശ്ര അടിയും 2011 ല്‍ 7,81,135 ചതുരശ്ര അടിയും തീരേണ്ടതായിരുന്നു. 2014 ല്‍ 4,11,522 ചതുരശ്ര അടിയും പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ പെയിലിങ് മാത്രമാണ് നടന്നിട്ടുള്ളത്. പണി പൂര്‍ത്തിയാവുമ്പോള്‍ നൂറ് സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ക്ക് തൊഴില്‍ കിട്ടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അങ്ങനെയാണെങ്കില്‍ 53,000 ത്തില്‍ അധികം ആളുകള്‍ക്ക് ഇതിനകം തൊഴില്‍ കിട്ടേണ്ടതായിരുന്നുവെന്നും എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
ഇന്‍ഫോ പാര്‍ക്ക് സിഇഒ ആയിരുന്ന ജിജോ ജോസഫാണ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ സിഇഒ. ഇന്‍ഫോ പാര്‍ക്കിന്റെ പല പ്രമുഖരും ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയിലാണ്. സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മാണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്‍ഫോ പാര്‍ക്കിന്റെ 50 ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തികള്ക്ക്്് വിറ്റതായാണ് മനസ്സിലാകുന്നത്. നിലവില്‍ ഏഴ് ലക്ഷം രൂപയാണ് ഇവിടെ സെന്റിന് വില കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ 350 കോടി രൂപ ഭൂമി ഇടപാടിലൂടെ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് കൈക്കലാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാത്തത് എന്തുകൊണ്ടാണെന്നും ഇന്‍ഫോ പാര്‍ക്ക് തകര്‍ക്കുന്നതിന് പിന്നിലെ ഗൂഡാലോചനയക്ക് പിന്നില്‍ ആരാണെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എളമരം കരീമിനും പുറമെ ജില്ലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്നും എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. വി.എസ് അച്ചുതാനന്ദന് ഒഴികെയുള്ള പല ഉന്നതര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. 1000 ത്തില്‍ പരം കോടിയുടെ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: