മലപ്പുറം: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജീവനക്കാരി രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാധയുടെ കുടുംബത്തിനൊപ്പമെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സ് ശ്രമം തുടങ്ങി. സിബിഐ അന്വേഷണമാണ് രാധയുടെ കുടുംബം ആവശ്യപ്പെടുന്നതെങ്കില്‍ അതിനുവേണ്ടി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനും മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകനുമായ ആര്യാടന് ഷൗക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാധയുടെ കുടുംബത്തിന് വിശ്വാസം തോന്നുന്ന ഏത് ഏജന്‍സിയും നടത്തുന്ന അന്വേഷണത്തിന് പൂര്‍ണ്ണ പിന്തുണയാണ് ആര്യാടന് ഷൗക്കത്ത് വാഗ്ദാനം ചെയ്തിരിക്കുന്നത്.
രാധയുടെ കുടുംബത്തെ ഒപ്പംനിര്‍ത്താനും രാധയുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നു വരുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രഖ്യാപനം എന്നാണു കരുതപ്പെടുന്നത്. രാധയുടെ കുടുംബത്തിന് തൃപ്തികരമായ അന്വേഷണം നടത്തണമെന്ന് ആര്യാടന് ഷൗക്കത്ത് നേതൃത്വം നല്കുന്ന നിലമ്പൂര്‍ നഗരസഭായോഗവും ഇന്നലെ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പത്മിനി തോമസ് അവതരിപ്പിച്ച പ്രമേയത്തെ വൈസ് ചെയര്‍പേഴ്സണ്‍ മുംതാസ് ബീഗം പിന്തുണക്കുകയായിരുന്നു. നഗരസഭ പ്രമേയം പാസ്സാക്കിയ വിവരവും ആര്യാടന് ഷൗക്കത്താണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
കൊലപാതകം നടന്നത് കോണ്‍ഗ്രസ് ഓഫീസിലാണെന്ന് കണ്ട് സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നായിരുന്നു ആര്യാടന് ഷൗക്കത്തിന്റെ ആരോപണം. വ്യക്തിഹത്യ നടത്തി നിലമ്പൂരിലെ രാഷ്ട്രീയം തിരിച്ചുപിടിക്കാനുള്ള ശ്രമമാണിത്. സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ല. ഒളിക്കാനും മറയ്ക്കാനും ഉള്ളവരാണ് സിബിഐ അന്വേഷണത്തെ ഭയക്കേണ്ടത്. സിബിഐ അന്വേഷണമാണ് വേണ്ടതെങ്കില്‍ അതിന് കോണ്‍ഗ്രസ് മുന്നിലുണ്ടാകും. അന്വേഷണം കൃത്യമായാണ് നടക്കുന്നത്. അന്വേഷണത്തില്‍ എവിടെയും ഇടപെടല്‍ നടത്തിയിട്ടില്ല. സത്യം എന്നായാലും പുറത്തുവരും.
രാധയെ കാണാനില്ലെന്ന് അറിഞ്ഞതുമുതല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് ഒപ്പം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് ഓഫീസിലാണ് കൊലപാതകം നടന്നത് എന്ന് അറിഞ്ഞതോടെയാണ് സിപിഎമ്മുകാര്‍ രംഗത്ത് വന്നതെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
കോണ്‍ഗ്രസ്സ് ഓഫീസില്‍ സരിത വന്നിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സരിതയോട് ചോദിക്കണമെന്നായിരുന്നു മറുപടി. കേസിലെ പ്രതി ബിജുവുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഫോട്ടോ നശിപ്പിച്ചു കളഞ്ഞല്ലോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവമേ ഉണ്ടായിട്ടില്ലെന്ന് മറുപടി നല്കി.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ തന്നില്‍ നിന്ന് മൊഴി എടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്നും ആര്യാടന് ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. രാധയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും മഹിളാമോര്‍ച്ചയും യുവമോര്‍ച്ചയും പ്രക്ഷോഭത്തിലാണ്. രാധയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാധയുടെ കുടുംബവും വിവിധ സംഘടനകളും നേരത്തെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: