തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതാ.എസ്.നായരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തു നല്കി. സോളാര്‍ കേസ് അടക്കമുള്ള തട്ടിപ്പു കേസുകളില്‍ ലക്ഷക്കണക്കിന് തുകയാണ് ജാമ്യമായി കെട്ടിവച്ചത്. ഇതിന്റെ ഉറവിടം എന്താണെന്ന് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
വിവിധ കേസുകളിലായി 12 ലക്ഷത്തിലധികം രൂപ സരിത ജാമ്യത്തുകയിനത്തില് മാത്രം കെട്ടിവച്ചു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വേറെ തുകയും ചെലവഴിച്ചു.
ഇതിനെല്ലാം സരിതയ്ക്ക് പണം ലഭിച്ചത് എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. തന്റെ കൈവശം പണം ഇല്ലായിരുന്നു എന്ന് സരിത കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണ്. 70, 000 രൂപ മാത്രമാണ് സരിതയുടെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിക്കാന്‍ ഭീമമായ തുകയാണ് ചെലവായത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കത്തില്‍ വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: