തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളുടെ ഉമസ്ഥതയിലുള്ള ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെട്ടതായി ഓഡിറ്റ് റിപ്പോര്‍ട്ട്.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ശരിയായ വിധം പരിപാലിക്കാത്തതിനാല്‍ സര്‍വ്വകലാശാലകളുടെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ വിലമിതിക്കുന്ന ആസ്തികള്‍ നശിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളുടെ ആസ്തികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണു കോടികള്‍ വിലമതിക്കുന്ന ഭൂമിയും മറ്റാസ്തികളും അന്യാധീനപ്പെടുന്നത്. കൃത്യസമയത്ത് പട്ടയം കരസ്ഥമാക്കാത്തതിനാലും ഭൂമി അതിര്‍ത്തി തിരിച്ച് അളന്നു വേര്‍തിരിച്ച് സംരക്ഷിക്കാത്തതിനാലുമാണ് അന്യാധീനപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അഞ്ചേക്കറോളം ഭൂമി ഇത്തരത്തില്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ നഷ്ടപ്പെട്ടത് 1.71 ഏക്കര്‍ ഭൂമിയാണ്. എംജി സര്‍വ്വകലാശാലയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചു കൃത്യമായ കണക്കുകളോ വിവരങ്ങളോ രേഖകളോ ഇല്ല. മിക്ക സര്‍വ്വകലാശാലകളിലും സൂക്ഷിച്ചിട്ടുള്ള ഭൂവിവര രജിസ്റ്റര്‍ അപൂര്‍ണവും അധികാരികള്‍ സാക്ഷ്യപ്പെടുത്താത്തതുമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിക്ക് പുറമെ മറ്റാസ്തികള് സംരക്ഷിക്കുന്ന കാര്യത്തിലും സര്‍വ്വകലാശാലകള്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കേരള സര്‍വ്വകലാശാലയില്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെയും കൃത്യമായി പരിപാലിക്കാതെയും നശിക്കുകയാണ്. സംസ്കൃത സര്‍വ്വകലാശാലയില്‍ ഉപയോഗശൂന്യമായ വാഹനങ്ങള്‍ യഥാസമയം ലേലം ചെയ്യാത്തതിനാല്‍ വന്‍ സാമ്പത്തിക നഷ്ടംസംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഗ്രീന്‍ ഹൗസുകളും പോളി ഹൗസുകളും നിര്‍മ്മിക്കാന്‍ ലക്ഷങ്ങളാണ് ചെലവാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പൊടിപിടിച്ചു നശിക്കുന്നതിനെത്തുടര്ന്നു ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെടുന്ന ഭൂമിയുടെയും മറ്റാസ്തികളുടെയും വിശദവിവരങ്ങടങ്ങിയ റിപ്പോര്‍ട്ടാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം തയ്യാറാക്കിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: