നേരിടാന്‍ രാഷ്ട്രീയ ശക്തിയാര്‍ജ്ജിക്കണം: ബിജെപി
തിരുവനന്തപുരം: ഹൈന്ദവാശ്രമങ്ങള്ക്കും സാംസ്കാരിക കേന്ദ്രങ്ങള്‍ക്കും എതിരായി നടക്കുന്ന വ്യാജപ്രചരണങ്ങളും കടന്നാക്രമണങ്ങളും അവയെ തകര്‍ക്കാനുദ്ദേശിച്ചുള്ള ആസൂത്രിത ശ്രമങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ഇത്തരം നടപടികളെ എതിര്‍ത്ത് തോല്പിക്കാന് വിശ്വാസി സമൂഹം രാഷ്ട്രീയ ശക്തിയാര്‍ജ്ജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലെ പഞ്ചായത്ത്തലത്തിലുള്ള പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉപരി പ്രവര്‍ത്തകരുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചില ശക്തികള്‍ വ്യാജപ്രചരണം ദൃശ്യ മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും നടത്തിവരുന്നത് വ്യാപകമാകുകയാണ്. അടിസ്ഥാനമില്ലാത്തതും തെളിവില്ലാത്തതുമായ ആരോപണങ്ങളാണ് ഇവരുന്നയിക്കുന്നത്. ഹൈന്ദവ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ജനപിന്തുണയില്‍ അസ്വസ്തരാകുന്ന ഒരു പറ്റം രാഷ്ട്രീയക്കാരും അവര്‍ക്കൊപ്പം ചേരുകയാണ്. വിദേശത്തും നമ്മുടെ നാട്ടിലും പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ പിന്തുണയും ഇത്തരക്കാര്‍ക്കുണ്ട്. ഇവരുടെ സംഘടിതാക്രമണങ്ങളില്‍ നിന്ന് ഹൈന്ദവ ആശ്രമങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന് വിശ്വാസി സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. രാഷ്ട്രീയ ശക്തികൂടി ആര്‍ജ്ജിച്ചാല്‍ മാത്രമേ കാര്യക്ഷമമായി ഇതിന് തടയിടാനാകൂ. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് അതിനുകൂടിയുള്ള അവസരമാണെന്നും വി.മുരളീധരന് അഭിപ്രായപ്പെട്ടു.
സമൂഹം അംഗീകരിക്കുന്ന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് കൊച്ചിയില്‍ പറഞ്ഞു. അമൃതാനന്ദമയി ദേവിയെ പൊലൊരു വ്യക്തിയെ തകര്‍ക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമൃതാനന്ദമയി ദേവിക്കും ആശ്രമത്തിനും എതിരായുള്ള ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കും ഒരു പങ്കുണ്ട്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കാതെ ഇക്കാര്യം പരിശോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വി എച്ച് പി പ്രതിഷേധിച്ചു
കൊച്ചി: മാതാ അമൃതാനന്ദമയി ദേവിയേയും മഠത്തേയും അപകീര്‍ത്തിപ്പെടുത്തും വിധം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പറഞ്ഞു. മാതാ അമൃതാനന്ദമയി ലോകനന്മക്കായി ചെയ്തുവരുന്ന സേവനങ്ങളേയും ത്യാഗങ്ങളേയും വിലകുറച്ച് കാണിക്കാനുള്ള ആഗോള ഗുഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശ്രമം ഉപേക്ഷിച്ചു പോയ വിദേശവനിത ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം ആസൂത്രിത തിരക്കഥയുടെ ഭാഗമാണ്. മാതാ അമൃതാനന്ദമയിമഠത്തെ തകര്‍ക്കാനുള്ള ശ്രമം ഇതിന് മുന്‍പും നടന്നിട്ടുണ്ട് . അമ്മയുടെ നാള്‍ക്ക് നാള് വര്‍ദ്ധിച്ചുവരുന്ന ജനസമ്മതിയും അതിലൂടെ ഹിന്ദുധര്‍മ്മത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും ചിലരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഹൈന്ദവ ധര്‍മ്മത്തിനു നേരെയും ധര്‍മ്മ ഗുരുക്കന്മാര്ക്ക് നേരെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ നിഴല്‍യുദ്ധത്തിനെതിരെ ഹിന്ദുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: