അമൃതാനന്ദമയീ മഠത്തിന് അപകീര്‍ത്തികരമായ പുസ്തകമെഴുതിയ ഗെയ്ല് ട്രെഡ്വെല്ലിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് സ്വാമി പരമാത്മാനന്ദപുരി (നീല്‍ റോസ്നര്‍ )
പതിനെട്ടാം വയസ്സില്‍ ആദ്ധ്യാത്മികാന്വേഷണത്തിന് ഇറങ്ങിത്തിരിച്ചതാണ് ഞാന്‍. അമേരിക്കയില്‍നിന്ന് ഭാരതത്തിലെത്തി. ഇപ്പോള്‍ എനിക്ക് 64 വയസ്സുണ്ട്. 1978 ല്‍ ഞാന്‍ തിരുവണ്ണാമല ആശ്രമത്തില്‍ വസിച്ചിരുന്ന സമയത്ത് ഗെയ്ല് അവിടെ വന്നപ്പോഴാണ് ഞാനവരെ ആദ്യമായി പരിചയപ്പെട്ടത്. സമാദരണീയനായ ആദ്ധ്യാത്മിക ഗുരുവിന്റെ കൂടെ വസിക്കുകയായിരുന്നു ഞാന്‍. ഗുരുവുമായി അടുത്ത് ഇടപെടുകയും ചെയ്യുമായിരുന്നു. ആയതിനാല്‍, ഗെയ്ല് എന്നെ വിനയത്തോടും ബഹുമാനത്തോടും കൂടിയാണ് കണ്ടിരുന്നത്. അവര്‍ എന്നോട് ആദ്ധ്യത്മിക ചോദ്യങ്ങള്‍ ചോദിക്കും; ഞാന്‍ പൊതുവായ ആദ്ധ്യാത്മികമാര്ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ആയിരത്തിതൊള്ളായിരത്തി എണ്‍പതിന്റെ തുടക്കത്തില്‍ അമ്മയുടെ ആശ്രമത്തില്‍ എത്തുമ്പോള്‍, ആദ്യമൊക്കെ ഗെയ്ല് നിഷ്കളങ്കയും ലജ്ജാശീലയുമായാണ് കാണപ്പെട്ടത്. പക്ഷേ പെട്ടെന്ന് അവരില്‍ സ്വഭാവമാറ്റം കണ്ടുതുടങ്ങി. അവരുടെ പക്വതയില്ലായ്മ എന്നെ അത്ഭുതപ്പെടുത്തി; അവരുടെ സമീപനം പെട്ടെന്ന് മാറി, കുത്സിതത്വം അവരെ കീഴ്പ്പെടുത്തി. അസൂയക്കാരിയായ ഒരു കുട്ടിയെപ്പോലെ അവര്‍ അമ്മയോട് പെരുമാറി. അമ്മയോട് എന്തെങ്കിലും കാര്യത്തിന്റെ പേരില്‍ നീരസപ്പെട്ടാല്‍, ഞങ്ങള്‍ വസിക്കുന്ന ചെറുകുടിലിന്റെ വശങ്ങളില് അവര്‍ ചവുട്ടി തൊഴിക്കും.
അവര്‍ മാറിയ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടപ്പോള്‍ അവരുടെ വ്യക്തിത്വത്തിന്റെ മറ്റൊരുവശം പ്രകടമായി തുടങ്ങി. അത് അവരുടെ അപക്വതമൂലമാണ് എന്നാണ് ഞാനാദ്യം കരുതിയതെങ്കിലും, ദിവസം കഴിയുന്തോറും അതത്ര നിസ്സാരമായ വ്യക്തിത്വവൈകല്യമല്ല എന്നെനിക്ക് മനസ്സിലായി. ആള്‍ക്കാരെ, അവരുടെ മുഖദാവില്‍തന്നെ ഒരു വിവേകവുമില്ലാതെ അവര്‍ കളിയാക്കാനും നിന്ദിക്കാനും തുടങ്ങി. ഞാനടക്കം ആരും അവരുടെ അപക്വപെരുമാറ്റത്തിന് ഇരയാകുമായിരുന്നു.
ന്യായമായ കാര്യത്തിനാണെങ്കിലും, അവരെ ആരെങ്കിലും നേരിട്ട് വിമര്‍ശിച്ചാല്‍, അവര്‍ ഉടനെ ഹിംസ്രമായി പ്രതികരിക്കും; വികാരങ്ങള്‍ അനിയന്ത്രിതമായിരിക്കും. ഒരാളെ വിമര്‍ശിക്കുമ്പോള്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണെങ്കിലും ഗെയ്ലിന്റെ പ്രതികരണങ്ങള്‍ തീവ്രമായിക്കൊണ്ടിരുന്നു. എന്നോട് എന്തെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കില്‍ അതും പെട്ടെന്ന് മങ്ങി മറഞ്ഞു. അവര്‍ അഹങ്കാരിയും വഴക്കാളിയുമായിക്കൊണ്ടിരുന്നു. അമ്മയുമായുള്ള സഹവാസംകൊണ്ട് ഒരുനാള്‍ അവര്‍ ആത്മപരിശോധന ആരംഭിക്കുമെന്നും തന്റെ രീതികള്‍ തിരുത്തുമെന്നും ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അതൊരിക്കലും സംഭവിച്ചില്ല. അവര്‍ വിട്ടുപോയ സമയം വരെ അതേ രീതി തുടര്‍ന്നുകൊണ്ടിരുന്നു. അത് കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു.
തുടക്കത്തില്‍ അമ്മയുടെ മാതാപിതാക്കളും സഹോദരങ്ങളും വസിച്ചിരുന്ന കെട്ടിടത്തിന് പുറമേ ഒരു ചെറിയ കുടിലേ ഉണ്ടായിരുന്നുള്ളൂ. അതിലാണ് ഞങ്ങളെല്ലാം വസിച്ചുക്കൊണ്ടിരുന്നത്. ഒരു ദിവസം അതിശക്തമായ തലവേദന ബാധിച്ച് ഞാന്‍ കുടിലില്‍ കിടക്കുകയായിരുന്നു. എനിക്ക് വല്ലാത്ത ദാഹം തോന്നി. അപ്പോള്‍ ഗെയ്ല് പഴന്തുണി നനച്ച് നിലം തുടക്കുകയായിരുന്നു. എനിക്ക് എഴുന്നേല്ക്കാന് വിഷമമുണ്ടായിരുന്നതിനാല് ഞാന്‍ ഗെയ്ലിനോട് കുറച്ച് വെള്ളം കുടിക്കാന്‍ തരാന്‍ പറഞ്ഞു. പെട്ടെന്ന് അവരുടെ ഭാവം മാറി. തന്നെ വെള്ളമെടുത്ത് കുടിക്കാന്‍ അവര്‍ എന്റെ നേരെ അലറി. എന്നിട്ട്, ആ നനഞ്ഞ അഴുക്കുതുണി എന്റെ മുഖത്തേക്ക് എറിഞ്ഞു. സ്വാഭാവികമായും ഞാന്‍ അസ്വസ്ഥനായി. എഴുന്നേറ്റ് ആ പുരയിടത്തിന്റെ മറ്റേ അതിരിലുണ്ടായിരുന്ന ബാത്റൂമിലേക്ക് കഷ്ടപ്പെട്ട് നടക്കാന്‍ തുടങ്ങി. അത് ഉച്ചസമയമായിരുന്നു. കനത്തചൂടുമുണ്ടായിരുന്നു. അതുകൊണ്ട് കളരിയുടെ പിന്നിലെ തണലില്‍ നിന്ന് ഒന്ന് വിശ്രമിച്ച് കുറച്ച് ശക്തി സംഭരിക്കാന്‍ ശ്രമിച്ചു. ഞാന്‍ കഷ്ടപ്പെടുന്നത് പ്രത്യക്ഷത്തില്‍ത്തന്നെ കണ്ട്, എന്താണ് കാര്യമെന്നറിയാന്‍ അമ്മ എന്റെ അടുത്തേക്ക് വന്നു. എന്താണ് അല്‍പ്പം മുമ്പ് നടന്നെതെന്ന് ഞാന്‍ അമ്മയോട് വിശദീകരിച്ചു. ഗെയ്ലിന്റെ ഈ പുതിയ പൊട്ടിത്തെറിയില്‍ ദുഃഖിതയായ അമ്മ, അവരെ അറിവില്ലാത്ത കുട്ടിയായി കാണണമെന്നും അവരുടെ ഉപദ്രവങ്ങള്‍ക്കെതിരെ പ്രതികരിക്കരുതെന്നും എന്നോട് പറഞ്ഞു.
ഞാന്‍ പ്രതികരിച്ചാല്‍ ഞാനും അവരെപ്പോലെ അറിവില്ലാത്തവനാകും. ഇത് ശരിക്കും യുക്തിസഹമായി തോന്നിയതിനാല്‍, അന്നുമുതല്‍ ക്ഷമയും ആത്മനിയന്ത്രണവും പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗെയ്ല് അടുത്തുണ്ടായിരുന്നതിനാല്‍ ഈ ആദര്‍ശങ്ങള്‍ പരിശീലിക്കാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു.
തിരുവണ്ണാമലയില്വച്ച്, അവിടുത്തെ എന്റെ മുന്ഗുരുവിനെ പരിചരിച്ചിരുന്നപ്പോള് ഉള്ള അനുഭവംവച്ച് എനിക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ട്: ഒരു മഹാത്മാവിനെ പരിചരിക്കുന്നത് കഠിന സാധനകള്‍ അനുഷ്ഠിക്കുന്നത് പോലെയുള്ള തപസ്സാണ്. അതുകൊണ്ട് എനിക്ക് ഗെയ്ലിനോട് സഹാനുഭൂതി തോന്നാറുണ്ട്. മഹാത്മാക്കളുമായി വളരെയടുത്ത് പെരുമാറുമ്പോള്‍ ഭക്തരുടെ മനസ്സിന്റെ ഉള്ളറകളിലുള്ള ക്രോധം, അമര്‍ഷം തുടങ്ങിയവ പുറത്തുവന്ന് അതിയായ ആന്തരിക സംഘര്‍ഷം ഉണ്ടാക്കും. ഇതു ഒരാളുടെ പെരുമാറ്റത്തിലും പ്രകടമാകാം. പക്ഷെ ക്രമേണ ഭക്തന് എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞ് ആ വാസനകളെ ത്യജിക്കാനും സ്വയം നിയന്ത്രിക്കാനും പഠിക്കുന്നു. ഇവ പണ്ടുകഴിച്ച വിഷം പോലെയാണ്. ഇവയെ പുറത്തുകളഞ്ഞില്ലെങ്കില്‍ ആരോഗ്യം ഉണ്ടാകില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭൂതകാലത്തില്‍ അജ്ഞാനംമൂലം സമ്പാദിച്ച കുത്സിതവാസനകളെ നശിപ്പിച്ചാലേ മനശ്ശുദ്ധി കൈവരൂ. അമ്മയ്ക്ക് ഇക്കാര്യം നല്ലപോലെ അറിയാം. അതുകൊണ്ട് ഞങ്ങളുടെ സ്വന്തം കുത്സിതത്ത്വങ്ങളെക്കുറിച്ചും ആന്തരികസംഘര്ഷങ്ങളെക്കുറിച്ചും ബോധമുളളവരാകാന് അമ്മ ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു.
വളരെ മുമ്പേ അമ്മ എന്നോടും ഗെയ്ലിനോടും ഉപദേശിച്ചിരുന്ന ഒരു കാര്യമുണ്ട്. ഗുരു ആദ്യം തന്റെ ദിവ്യത്വം ശിഷ്യനു അല്‍പ്പം വെളിപ്പെടുത്തി കൊടുക്കും, പിന്നെ ശിഷ്യനെ ശുദ്ധീകരിക്കാന്‍ അവന്റെ വാസനകള്‍ പുറത്തു കൊണ്ടുവരുന്നതിനുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഒരാളെ ആദ്ധ്യാത്മികമായി വളര്‍ത്തി വികസിപ്പിക്കാനാണ്. ഇവ നമുക്കു പഠിക്കാനുളള പാഠങ്ങളാണ്. നേരത്തെ പറഞ്ഞപോലെ ഞാന്‍ ഗെയ്ലിനോട് സഹാനുഭൂതി കാണിച്ചു കൊണ്ടിരുന്നു. പക്ഷേ അവരുടെ കോപവും അഹങ്കാരവും വിഡ്ഢിത്തവും മാറിയില്ല എന്നു മാത്രമല്ല ക്രമേണ കൂടിക്കൂടി വന്നു. അവരുടെ ദുര്‍വാശി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി. പക്ഷെ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. തുടര്‍ന്നു ഞാന്‍ അവരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ തീരുമാനിച്ചു. അവരുടെ താമസകാലത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പരമാവധി കുറച്ചു മാത്രമേ ഞാന്‍ അവരുമായി ഇടപ്പെട്ടിരുന്നുളളു. ഇപ്പോള്‍ അവര്‍ തന്റെ പുസ്തകത്തിലൂടെ അമ്മയ്ക്കും അമ്മയുടെ ശിഷ്യന്മാര്ക്കുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍, തന്നെ പീഡിപ്പിച്ചിരുന്നു എന്ന ആരോപണങ്ങള്‍ അവരുടെ 20 വര്‍ഷത്തെ ആശ്രമജീവിതകാലത്ത് ഞാന്‍ കേട്ടിട്ടില്ല. ഈ ആരോപണങ്ങള്‍ വായിക്കുമ്പോള്‍ എനിക്കു മനസ്സിലാകുന്നത് അവര്‍ തെറ്റിദ്ധാരണകള്‍ക്ക് വശപ്പെട്ടിരിക്കുന്നു എന്നാണ്. മാനസികമായി രോഗഗ്രസ്ഥയാണെന്നാണ്. തന്റെ പുസ്തകത്തില്‍ അവര്‍ സ്വയം പ്രസ്താവിക്കുന്നു, “എന്റെ വിശ്വാസങ്ങളെ നിരൂപണം ചെയ്യുകയും, സത്യവും സങ്കല്‍പ്പവും വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ അത്യന്തം വേദന അനുഭവിക്കുന്നു.” ഈ പ്രസ്താവന ഗെയ്ലിന്റെ മിഥ്യാധാരണകളെ വളരെയേറെ തുറന്നുകാട്ടുന്നു.
ഡിപ്രഷന് എന്നൊരവസ്ഥയുണ്ട് (വിഷാദരോഗം). ഇതു മറ്റു രോഗാവസ്ഥകള്‍ക്കു പുറമേ, മാറാത്ത കുത്സിതത്ത്വവും പീഡയും, അമര്ഷവുമുളള മാനസികതയും സംജാതമാകാം. ഡിപ്രഷന് ബാധിച്ചവര്‍ അവര്‍ക്ക് ഏറ്റവും അടുപ്പമുളളവരെ സംശയരോഗത്തിന്റെ കണ്ണുകളിലൂടെ വീക്ഷിച്ചേക്കാം. ഇല്ലാത്ത കാര്യങ്ങള്‍ അവരില്‍ ആരോപിച്ചേക്കാം. ഇക്കാര്യത്തില്‍ മരുന്നുകള്‍ക്ക് വളരെ സഹായിക്കാന്‍ കഴിയും. പക്ഷെ തനിക്ക് ചികിത്സ വേണമെന്ന് വിഷാദരോഗി സമ്മതിക്കാന്‍ വളരെ ബുദ്ധിമുട്ടും നാണക്കേടും തോന്നിയേക്കാം.
ആശ്രമം വിട്ടുപോകുമ്പോള്‍ ഗെയ്ലിന്റെ മാനസിക അവസ്ഥ വളരെ മോശമായിരുന്നുവെങ്കിലും അവര്‍ ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കുമെന്നോ, അതു പ്രചരിപ്പിക്കാന്‍ ഇത്രവരെ പോകുമെന്നോ എനിക്കു തോന്നിയില്ല. അവരില്‍ അധികമായ കോപവും അമര്‍ഷവും പ്രകടമായിരുന്നെങ്കിലും, ഇത്തരമൊരു പുസ്തകം എഴുതുമെന്ന് ഞാന്‍ ചിന്തിച്ചുപോലുമില്ല. ആത്മനാശകാരിയായ ഒരു പുസ്തകം, ആദ്ധ്യാത്മികതയില്‍ പ്രവേശിക്കുകപോലും ചെയ്തിട്ടില്ലാത്തവരും വിശ്വാസത്തില്‍ ഉറച്ചിട്ടില്ലാത്തവരുമായവരുടെ വിശ്വാസം നശിപ്പിക്കുന്ന ഒരു പുസ്തകം.
അവര്‍ പോയപ്പോള്‍ അവരോട് വളരെയധികം അനുഭാവം പ്രകടിപ്പിച്ചവര്‍, അവരെ പുസ്തകമെഴുതാനും പ്രസിദ്ധീകരിക്കാനും പ്രോത്സാഹിപ്പിച്ചു കാണും, അതാണ് കരണീയം എന്നു ബോധ്യപ്പെടുത്തിക്കാണും. എളുപ്പം വളയ്ക്കാവുന്ന അവസ്ഥയിലാണ് ഗെയില്‍ എന്നു കണ്ട്, ഒരുപക്ഷെ, അവസരം മുതലാക്കാന്‍ അവര്‍ മുതിര്‍ന്നതാകണം; അങ്ങനെ പുസ്തകം പ്രചരിപ്പിച്ചതാകണം. ഇത്തരം ചില ആശയങ്ങള്‍ പുസ്തകത്തിന്റെ അവസാനത്തില്‍ ഗെയ്ല് ഉദ്ധരിക്കുന്നുണ്ട്. ഒരു അജണ്ട നടപ്പിലാക്കാനുളള ഉദ്ദേശ്യം ഇതിന്റെ പിന്നിലുണ്ടെന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: