ആംഡ് ഫോഴ്സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ആര്.പി.എഫ്, സിആര്‍പി, എംഎസ്പി, എസ്പിഎഫ്….. ഇത്യാദിവഹകള്‍ ഒട്ടേറെയുണ്ട്. കേള്‍ക്കാത്തവര്‍ ചുരുക്കം. വിവിഐപികള്‍ക്കു വേണ്ടി ബ്ലാക്ക്ക്യാറ്റ്സ് എന്നൊരു വകഭേദം വേറെ. ശ്രേഷ്ഠമലയാളത്തില്‍ കരിമ്പൂച്ചയാണ് വ്യാപകമായി പ്രചാരം നേടിയത്. നേതാവിന്റെ തലയ്ക്കും വിലയ്ക്കുമൊത്തവണ്ണം പൂച്ചകള്‍ കൂടുകയും കുറയുകയും ചെയ്യും. ഒരു പക്ഷേ, പൂച്ചകള്ക്കാവും വിലയും നിലയും കൂടുതല്‍. രാഷ്ട്രീയ സുരക്ഷിതത്വം മറിച്ചാവുന്നു എന്നേയുള്ളു. സാധാ പൊതുജനം കൂടി ആശിക്കില്ലേ ചുരുങ്ങിയ പക്ഷം ഒരു കാക്കി അകമ്പടി. ഇവരൊക്കെ നേരാംവണ്ണം സംരക്ഷിക്കുമോ എന്നു ചോദിച്ചാല്‍ ദാ ആ പരസ്യം ഓര്‍ത്താല്‍ മതി: വിശ്വാസം, അതല്ലേ എല്ലാം.
മേപ്പടി ഫോഴ്സുകള്‍ ഓരോ കാലത്തിന് അനുസരിച്ചും നിലപാടുകള്ക്കനുസരിച്ചും രൂപം കൊണ്ടതാണ്. ഇന്നത്തെ കാലത്ത് മറ്റൊരു ഫോഴ്സിനു കൂടി സാദ്ധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അതെന്താണെന്നുവെച്ചാല്‍ ഇത്തിരി അശ്ലീലം കലര്‍ന്ന ഒന്നാണ്. എന്നാല്‍ വളരെ പ്രധാനപ്പെട്ടതാണുതാനും. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഗ്രനേഡ്, ചൊറിപ്പൊടി, കണ്ണീര് വാതകം, ജലപീരങ്കി ഇത്യാദിയാണല്ലോ മുളവടി കൂടാതെയുള്ള മറ്റ് പ്രയോഗങ്ങള്‍. എന്നാല്‍ ഇവയൊന്നും പോരാത്ത ഒരു പ്രയോഗമാണ് പോലീസ് അക്കാദമിയില്‍ രൂപമെടുത്തിരിക്കുന്നത്. അതിന്റെ ട്രയല്‍ റണ്‍ പല സ്ഥലത്തും നടന്നുകഴിഞ്ഞു. സംഗതി ഉഗ്രനാണെന്നത്രേ അനുഭവസ്ഥര്‍ പറയുന്നത്. ആയതിനാല്‍ അത്തരമൊരു ഫോഴ്സിന്റെ രൂപീകരണത്തിലേക്കാണ് അധികൃതര്‍ തിരിഞ്ഞിരിക്കുന്നത്.
സെക്ഷ്വല്‍ ഡിസ്ട്രക്ഷന്‍ ഫോഴ്സ് (എസ്ഡിഎഫ്) എന്ന് ആംഗലേയത്തില്‍ പറയാം. ശ്രേഷ്ഠഭാഷയില്‍ വരിയുടയ്ക്കല്‍ പട എന്നുമാകാം. തിരുന്ത്വോരത്ത് ഒര യുവസഖാവില്‍ പ്രയോഗിച്ചു വിജയം കണ്ടതോടെ പോലീസ് സേന വര്‍ധിതവീര്യത്തിലാണ്. അവിടെ മധ്യവയസ്കനായ പോലീസ് ഏമാന് ആണ് മേപ്പടി പ്രയോഗം നടത്തിയതെങ്കില്‍ വടക്കന്‍ കേരളത്തില്‍ ചുള്ളന്മാരായ പോലീസ് കുട്ടികളാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാതയുടെ പേരില്‍ നാട്ടുകാരെ നട്ടുച്ചവെയിലിലേക്ക് തള്ളിവിടാന്‍ നോക്കുമ്പോഴായിരുന്നു പ്രയോഗം. പരിക്കേറ്റ വിമുക്തഭടന് ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ക്കാര്‍ നടപടിക്കുമുതിരുമ്പോള് പ്രതിഷേധവുമായി എത്തുന്നവരുടെ വംശം പോലും കുറ്റിയറ്റുപോകണമെന്ന നിലപാടാവാം ഇത്തരം പ്രയോഗത്തിന്റെ പിന്നാമ്പുറരഹസ്യം. ഐവിഎഫ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ ചികിത്സയ്ക്ക് സാധാരണക്കാര്‍ പോകില്ലെന്ന ഉത്തമ ബോധ്യവും അവര്‍ക്കുണ്ടാകാം. ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്. മാറ്റമില്ലാത്തത് അതിനു മാത്രമെന്ന വിശ്വോത്തര വാക്യം ഹൃദയങ്ങളെ കോള്മയിര് കൊള്ളിക്കുന്ന വേളയില്‍ പ്രത്യേകിച്ചും. അടുത്ത തലമുറയ്ക്കുവേണ്ടി (അങ്ങനെയുണ്ടാകുമോ എന്ന സംശയം അസ്ഥാനത്തല്ല) രൂപം കൊണ്ടിരിക്കുന്ന എസ്ഡിഎഫിനെക്കുറിച്ച് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് ചര്‍ച്ചയെങ്കിലും സംഘടിപ്പിക്കാന്‍ ചുണക്കുട്ടപ്പന്മാരായ ആങ്കറന്മാര് തയാറാവണമെന്ന അപേക്ഷയോടെ നിര്‍ത്തട്ടെ.
മടി വന്നു പോയാല്‍ പിന്നെ പ്രശ്നം തന്നെയാണ്. മടിമാറ്റാന്‍ കോരേട്ടന്റെ ചായപ്പീടിക മുതല്‍ ഐഐഎം സ്ഥാപനം വരെ വിവിധ കലാപരിപാടികള്‍ നടത്താറുണ്ട്. റിഫ്രഷര്‍ കോഴ്സ് (ഉണര്‍വ് പഠനം എന്നു പറയാമോ എന്തോ) എന്ന ഓമനപ്പേരില്‍ അത് അറിയപ്പെടുന്നു. അങ്ങനെയെന്തെങ്കിലും നമ്മുടെ പോലീസ് സേനയിലും വേണമെന്ന് നിര്‍ദ്ദേശിക്കുന്നു ബഹുമാനിതനായ ഡിജിപി. സംസ്ഥാനത്തെ ഭൂരിപക്ഷം എസ്ഐ മാരും മടിയന്മാരെന്നാണ് അദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് കര്‍ക്കശ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്ത മലയാള മനോരമ(ഫെബ്രു.20) യില്‍. അതില്‍ നിന്ന്: സ്റ്റേഷന്റെ ചുമതലയുള്ള ഹൗസ് ഓഫീസറുടെ ചുമതല കൃത്യമായി നിര്‍വഹിക്കുന്നതില്‍ ചെറുപ്പക്കാരായ എസ്ഐമാര്‍ക്ക് താല്‍പ്പര്യമില്ല……..ക്രമസമാധാന പ്രശ്നങ്ങളില്‍ നേരിട്ടെത്തി വിവരം ശേഖരിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. ഓഫീസില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും പലര്‍ക്കും മടിയാണ്. രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിച്ച് കാര്യങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ പലരും വ്യഗ്രത കാണിക്കുന്നു. ഇങ്ങനെ പോകുന്നു ഏമാന്റെ റിപ്പോര്‍ട്ട്. തിര്വന്തോരത്തും വടകരയിലും മറ്റ് ചിലയിടങ്ങളിലും നടപ്പാക്കിയ എസ്ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ ഉത്തരവു കൊടുത്താല്‍ ഈ മടിയൊക്കെ മാറില്ലേ എന്നാണ് കാലികവട്ടത്തിന് തോന്നുന്നത്. പിന്നെ ഒരു പഴമൊഴിയും ഓര്‍മവരുന്നു. മോന്തായം വളഞ്ഞാല്‍ കഴുക്കോലൊക്കെ…………..
കണ്ണഞ്ചേരിയിലെ (കോഴിക്കോട് ടൗണില്‍ നിന്ന് നാലഞ്ചു കി. മീറ്ററിനുള്ളില്‍ കിടക്കുന്ന സ്ഥലം) ബാലകൃഷ്ണന് മാസ്റ്റര്‍ വാസ്തവത്തില്‍ ത്യാഗസമ്പന്നനായ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ രാമദാസ് വൈദ്യര്‍ക്കു ശേഷം ഇത്ര സജീവമായി ജനങ്ങളുമായി ഇടപഴകുന്ന ഒരു വ്യക്തിയെ കാണാന്‍ പ്രയാസം. പ്രസംഗം മാത്രമല്ല പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുള്ള ആ ഗുരുനാഥന് അടുത്തിടെ കോഴിക്കോട്ട് നടത്തിയ പ്രകടനം ചിരിയ്ക്കും ചിന്തയ്ക്കും തിരികൊളുത്തി. വടകര എസ്ഐ ഒരു വിമുക്ത ഭടന്റെ ജനനേന്ദ്രിയം തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണന് മാസ്റ്ററും തന്റെ സന്തത സഹചാരികളായ പ്രവര്‍ത്തകരും നിരീക്ഷണത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തിയത്. ജനനേന്ദ്രിയ രക്ഷായാത്ര എന്നായിരുന്നു പ്ലക്കാര്‍ഡില്‍ രേഖപ്പെടുത്തിയത്. ആധുനിക സമൂഹത്തില്‍ ചിരിയ്ക്കും ചിന്തയ്ക്കും സ്ഥാനം കുറഞ്ഞതുകൊണ്ടാണ് കാക്കിയിട്ടതും ഇടാത്തതുമായ ക്രൂരതയും കുറ്റകൃത്യങ്ങളും അരങ്ങുതകര്‍ക്കുന്നത്. അതിലേക്കുള്ള ചൂണ്ടുപലകയാവുന്നു മാസ്റ്ററുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്ക് മുമ്പില്‍ കാലികവട്ടത്തിന്റെ കൂപ്പുകൈ.
ചിലര്‍ പൊടുന്നനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തും. എന്നാല്‍ കഴിവും കരുത്തും പാണ്ഡിത്യവുമുണ്ടായാലും ചിലര്‍ക്ക് ഇരുട്ടു മുറിയില്‍ നില്ക്കുന്ന അനുഭവമായിരിക്കും. ഇതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരുപാടുത്തരങ്ങളുണ്ടാവാം. പക്ഷെ അത് പലപ്പോഴും സംതൃപ്തിദായകമല്ല. ഗാനരചയിതാവ് ദേവദാസിന്റെ സ്ഥിതിയും അതു തന്നെ. അനുഗൃഹീതനായ ഈ പാട്ടെഴുത്തുകാരന് പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും അജ്ഞാതന്‍. പക്ഷെ, അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇരുതലമുറയും ആസ്വദിച്ച് കേള്‍ക്കുന്നു. കാട്ടുക്കുറിഞ്ഞി പൂവും ചൂടി, കന്നിപ്പൂമാനം കണ്ണും നട്ട്, നീനിറയൂ ജീവനില്‍, സ്വപ്നം വെറുമൊരു സ്വപ്നം, മാന്മിഴിയാല് മനം കവര്‍ന്നു….. തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ദേവദാസ് ഇന്നും പ്രശസ്തിയുടെ പരിവേഷമില്ലാതെ, പരിഭവമില്ലാതെ ആലപ്പുഴയിലെ ചിങ്ങോലി ഗ്രാമത്തില്‍ കഴിയുന്നു. അതിമനോഹരമായ ഒരു കവിത പോലെ ദേവദാസിനെക്കുറിച്ച് മധു തൃപ്പെരുന്തറ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ (ഫെബ്രു 16) എഴുതുന്നു. ഒരു ഗാനത്തിന്റെ പകുതി എഴുതിയവരെപ്പോലും നമ്മുടെ മാധ്യമങ്ങള്‍ ചാനലുകളിലും പത്രങ്ങളിലുമായി കൊണ്ടാടുമ്പോള്‍, ഇത്രയേറെ ഹിറ്റ് ഗാനങ്ങള്‍ രചിച്ച ദേവദാസിനെ നാം കണ്ടിട്ടും കേട്ടിട്ടുമില്ലാതാവാന് കാരണമെന്താവാം ? എന്നാണ് മധു ചോദിക്കുന്നത്. അതിനുത്തരം നമുക്കറിയാം. അതാണ് ലോകം, പ്രത്യേകിച്ച് കലാലോകം, മാധ്യമലോകം.
എഴുത്തുകാരന് ഒറ്റ്ക്ക് നില്ക്കുന്ന ഭരണകൂടമാണോ? ഈ ചോദ്യത്തിന് ടാഗോറിന്റെ ജീവചരിത്രകാരനും എഴുത്തുകാരനുമായ അമിയദേവിലൂടെ ഇന്ദുകേഷ് തൃപ്പനച്ചി ഉത്തരം കണ്ടെത്തുന്നു. മലയാളം വാരിക (ഫെബ്രു 21) യില്‍ അത് വായിക്കാം. കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളിലും മാനവിക പ്രവര്‍ത്തനങ്ങളിലും സജീവ ഇടപെടലുകള്‍ നടത്തിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് എഴുത്തുകാര്‍ അകലുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് അമിയ ദേവിന്റെ ഉത്തരം നോക്കുക. ലോകത്ത് എവിടെയായാലും യഥാര്‍ത്ഥ എഴുത്തുകാരന് മാനവികതയുടെയും അവഗണിക്കുന്നവരുടെയും പക്ഷത്തു നില്ക്കാന് ആഗ്രഹിക്കുന്നയാളാണ്. യഥാര്‍ത്ഥ പ്രതിഭയും ആദര്‍ശധീരതയും ഉള്ള എഴുത്തുകാരന് ഒറ്റയ്ക്കു നില്ക്കുന്ന ഒരു ഭരണകൂടമാണ്. അയാള്‍ക്ക് ഭരണകൂട-രാഷ്ട്രീയ-മാഫിയാ കൂട്ടുകെട്ടിന്റെ പിണിയാളാവേണ്ടിവരുന്നില്ല. ലോകത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുവരെ അടിസ്ഥാനവര്‍ഗത്തിന്റെയും ശബ്ദമില്ലാത്തവന്റെയും ശബ്ദമാണെന്ന് പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇടതുപക്ഷവുമായി ഈയൊരു വീക്ഷണകോണിലൂടെയാണ് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ സമൂഹത്തിലെ അടിത്തട്ട് വിഭാഗത്തെ കൈയൊഴിഞ്ഞ് ഉന്നത ശ്രേണിയിലുള്ളവരെ മാത്രം ഫോക്കസ് ചെയ്യുന്ന തരത്തിലേക്ക് പാര്‍ട്ടി ചുവടുമാറ്റിയപ്പോഴാണ് സ്വതന്ത്രരായി ചിന്തിക്കുന്നവര്‍ക്ക് പുനര്‍ചിന്തനം നടത്തേണ്ടിവന്നത്. അത്തരം പുനര്‍ചിന്തനങ്ങള്‍ പാര്‍ട്ടിക്കുണ്ടാവണമെന്ന് ആരും ശഠിക്കരുത്. ശഠിക്കും മുമ്പ് ഒഞ്ചിയത്തെ പുതുസംഭവ വികാസങ്ങള്‍ ഓര്‍മയിലുണ്ടാവണം.
തൊട്ടുകൂട്ടാന്‍
നാലുദിക്കിലേക്കും തുറന്നുവെച്ചിരിക്കുന്ന ചെവി
എല്ലാം കാണുന്ന കണ്ണ്
ത്രസിക്കുന്ന മീശ
മുതുകുവളച്ച് വാലാട്ടി ഒരൊറ്റ ചാട്ടം
വാലുചുരുട്ടി പതുങ്ങി കൂനിക്കൂടി ഒരൊറ്റ
ഉറക്കം
–ഷിബു ഷണ്മുഖം
കവിത: പൂച്ച
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫെബ്രു.23)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: