ആത്മകഥകള്‍ക്ക് പലതിനുമുള്ള പൊതു ദോഷമാണത്- ‘ഞാനാ’യിരിക്കും മുന്നില്‍, ‘ഞാനൊ’ഴിവാക്കിയാല് കാറ്റുപോയ ബലൂണ്‍ പോലെ. അത്തരത്തില്ലാത്ത ആത്മകഥകള്‍ക്ക് കാലാതിവര്‍ത്തിത്വം ഉണ്ടാവുകയും ചെയ്യും.
ഒപ്പം നടന്നവരെ, ഒന്നിച്ചുനിന്നവരെ പിന്നിലാക്കി മുന്നില്‍ കയറി നിന്നുള്ള പ്രസംഗങ്ങളായാല് അത് ആത്മകഥയാവില്ല, ആത്മപ്രശംസയാകും. കടന്നുപോയ കാലത്തിന്റെ ചരിത്രം രേഖപ്പെടുത്താതെ നടന്നുപോകുന്ന ആത്മകഥാകാരന് ഒരിക്കലും വായനയുടെ ചരിത്രത്തില്‍ ഇടം നേടില്ല. ചരിത്രവും രാഷ്ട്രീയവും സമൂഹവും വളര്‍ന്നതിനൊപ്പം നടന്ന ഒരു വ്യക്തിയായി സ്വയം അവതരിപ്പിക്കുമ്പോഴാണ് ആത്മകഥയെ വായനക്കാരന് ആത്മാവിലുള്ക്കൊള്ളുകയുള്ളൂ. അവിടെ ഭാഷയുടെ കസര്‍ത്തിനു പകരം ലാളിത്യവും ആത്മാഭിമാന പ്രകടനത്തിനു പകരം ആത്മാര്‍ത്ഥതയും കൂടി ചേരുവയാകുമ്പോള്‍ നല്ലൊരാത്മകഥയായി. വ്യക്തിവിശേഷത്തിനും കുടുംബ പുരാണത്തിനുമപ്പുറം വളരുന്ന അത്തരം ആത്മകഥകള്‍ എത്രയുണ്ടാവും എന്നൊരു കണക്കെടുപ്പ് നല്ലതാണ്. അഡ്വ.പി.ആര്.നമ്പ്യാര്‍ “ഓര്‍മയുടെ തീരത്തിരിക്കു”മ്പോള്‍ വായനക്കാരന് തോന്നുന്നത് ഇതാണ്.
ചരിത്രത്തിന്റെ സാങ്കേതിക ജഡിലതകളുടെ തടസ്സമുള്ളുകളില്ലാത്ത വഴിയിലൂടെയുള്ള സഞ്ചാരം എത്ര ഹൃദമാണെന്നോ. ഇഎംഎസ് എന്ന കേരള പുരുഷനെക്കുറിച്ച് എത്രയെത്രപേര്‍ എഴുതിയിരിക്കുന്നു. ഇഎംഎസിനെക്കുറിച്ച് നമ്പ്യാര്‍ ഒരധ്യായത്തില്‍ മുഴുവന്‍ വിവരിക്കുന്നത് അത്രയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത വിഷയങ്ങളിലൂടെയാണ്്- ഇഎംഎസ് എന്ന അത്ഭുതം.
ആറാം തമ്പുരാനെന്ന പൂമുള്ളി കുഞ്ഞപ്ഫന്‍ തമ്പുരാനേയും ചിനക്കത്തൂര്‍ പുരത്തേയും കേളപ്പജി പ്രസിഡന്റായിരുന്ന കെപിസിസിയേയും മറ്റും നമ്പ്യാര്‍ വിവരിക്കുമ്പോള്‍ അവിടെയെങ്ങും ഞാന്‍ മുന്നിട്ടുനില്ക്കുന്നില്ലെന്നതാണ് ഈ ആത്മകഥയുടെ ഒരു പ്രത്യേകത. വക്കീല്‍ ജോലിയുടെ പഠനകാലത്തെ വിവരണം എത്ര രസകരമായി നമ്പ്യാര്‍ ചെയ്തിരിക്കുന്നു. അവിടേയും ആ രംഗത്തെ മഹാരഥന്മാരേയും മഹാസംഭവങ്ങളെയും ചരിത്രത്തിലാക്കാനാണദ്ദേഹം ശ്രമിക്കുന്നത്. പൂമുള്ളി കേസ് എന്ന അധ്യായം ഇന്നത്തെ ഭൂമി വിവാദ സാഹചര്യത്തില്‍ ഏറെ പ്രത്യേകതയുള്ളതാണ്. അഡ്വ.നമ്പ്യാര്‍ കോടതി മുറിയില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയതിന്റെ വിശദമായ ചരിത്രമാണ് അധ്യായം 29-ല്‍. “ജനസംഘത്തിലായിരുന്നു ആദ്യം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്… എന്നു തുടങ്ങി. …പാര്‍ട്ടിയോട് വിട പറഞ്ഞത്” എന്ന് അവസാനിക്കുന്ന അധ്യായത്തില്‍ കേരളത്തിലെ ജനസംഘം-ബിജെപി ചരിത്രത്തിന്റെ സംക്ഷിപ്തമുണ്ട്. അവിടെ പക്ഷേ നമ്പ്യാരിലെ രാഷ്ട്രീയക്കാരന് കുറച്ചുമുന്നില്‍ വന്നിട്ടില്ലെ എന്നു സംശയിക്കണം. കാരണം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ അദ്ദേഹം തന്റെ ഭാഗം ന്യായീകരിക്കാന്‍ നടത്തുന്ന വിവരണങ്ങളില്‍ മറ്റു ഘട്ടത്തിലും പ്രകടിപ്പിച്ച നേരിട്ടറിഞ്ഞ കാര്യം സുവ്യക്തമായി പറയുക എന്ന രീതി ഇല്ല. പറഞ്ഞുകേട്ട അറിവുകളും ഊഹാപോഹങ്ങളും കുറിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീ ചരിത്രം അറിയാവുന്നവര്‍ വിയോജിക്കുന്ന മേഖലകള്‍ ഇതിലുണ്ട്.
1973 ല്‍ ഭാരതീയ ജനസംഘത്തിന്റെ ഉജ്ജയിന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച സാമ്പത്തിക പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങിവക്കാന്‍ അടല്‍ ബിഹാരി വാജ്പേയി തന്നെ ക്ഷണിച്ചതും പുതിയ അധ്യക്ഷനായി ചുമതലയേറ്റ അദ്വാനിയെ സ്വീകരിച്ചാനയിച്ച പ്രകടനത്തില്‍ പങ്കെടുത്തതും മറ്റും നമ്പ്യാര്‍ ഹൃദ്യമായി വിവരിക്കുമ്പോള്‍ സഘടനയുടെ ചരിത്രം ഒപ്പം നടക്കുകയാണ്. തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ച് അദ്ദേഹം നല്കുന്ന ചെറുകുറിപ്പും ഏറെ വിലപിടിച്ചതാണ്. അവതാരികയില്‍ പി.പരമേശ്വരന് അത് എടുത്തുപറയുന്നുണ്ട്.
എണ്പത്തിയാറു കഴിഞ്ഞിരിക്കുന്നു പി.ആര്.നമ്പ്യാര്‍ എന്ന രാമന്‍കുട്ടി നമ്പ്യാര്‍ക്ക്. ഓര്‍മകള്‍ തിരതള്ളുന്ന കാലം. അതില്‍ പലതും പറയാതെ പോയാല്‍ തലമുറകള്‍ക്ക് നഷ്ടമാകുമെന്ന തോന്നല്‍ ഉണ്ടാവുമ്പോഴാണ് കുറിപ്പുകളാക്കുന്നത്. തന്റെയും കുടുംബത്തിന്റെയും ചരിത്രത്തിന് പുറത്തേക്ക് കുറിപ്പക്ഷരങ്ങള് വളരുമ്പോഴാണ് അത് വായിക്കപ്പെടുന്നത്. അഡ്വ.പി.ആര്.നമ്പ്യാര്‍ക്ക് ആശ്വസിച്ചാഹ്ലാദിക്കാം, തീരത്തിരുന്ന് കുത്തിക്കുറിച്ചതിന് വായനക്കാരുണ്ടാകും എന്ന്.
– കെ.എസ്.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: