കാസര്‍കോട്: ഇന്റര്‍ നെറ്റില്‍ മോദി വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളെ നേരിടാന്‍ നമോ വോളണ്ടിയേഴ്സ് തയ്യാറായി. രാഷ്ട്രീയത്തിനതീതമായി നരേന്ദ്രമോദിയെ ആരാധിക്കുന്നവര്‍ നവമാധ്യമങ്ങളിലെ ആശയപ്രചരണത്തിന് കൂട്ടായ്മ രൂപീകരിക്കുന്നു. ‘മോദിക്ക് ഒരു വോട്ട്’ എന്ന മുദ്രാവാക്യവുമായി നമോ ആരാധകരുടെ സംഗമം കാസര്‍കോട്ട് നടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. നമോ വളണ്ടിയേഴ്സ് കാസര്‍കോട് എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടും രൂപീകരിച്ചിട്ടുണ്ട്. പ്രാദേശികമായി വിവിധ സ്ഥലങ്ങളില്‍ സംഗമം നടന്നു വരുന്നുണ്ട്. നവമാധ്യമങ്ങളിലെ മോദിതരംഗം വോട്ടുപെട്ടിയിലെത്തിക്കുക എന്നതാണ് നമോ വളണ്ടിയേഴ്സിന്റെ ലക്ഷ്യം. പുതുവോട്ടര്‍മാരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. കൃത്യമായ സംഘടനാ സംവിധാനമോ ചട്ടക്കൂടോ ഇല്ലാത്ത നമോ വളണ്ടിയേഴ്സില്‍ മോദിയെ അനുകൂലിക്കുന്ന ആര്‍ക്കും അംഗങ്ങളാകാം. ഓണ്‍ലൈന്‍ പ്രചരണത്തിന് വിദഗ്ധര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. ഗുജറാത്ത് വിസനമാതൃകയും മോദിയുടെ ആവേശകരമായ പ്രസംഗങ്ങളും പ്രചരണത്തിന് ആയുധമാകും. മോദി വിരുദ്ധ ഗ്രൂപ്പുകളുടെ കള്ള പ്രചരണത്തെ നേരിടാനും പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കും. ബിജെപിയുടേയോ പോഷക സംഘടനകളുടേയോ സജീവ പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. രാഷ്ട്രീയത്തിനപ്പുറം മോദിയെ പിന്തുണയ്ക്കുന്നവര്‍ വര്‍ദ്ധിച്ചുവരികയാണെന്നും നമോ വളണ്ടിയേഴ്സിന് ലഭിക്കുന്ന പ്രതികരണം ആശാവഹമാണെന്നും കണ്‍വീനര്‍ ഷിബിന്‍ തൃക്കരിപ്പൂര്‍ പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളുടെ മോദി വിരുദ്ധതക്കുള്ള മറുപടികൂടിയാകും നമോ വളണ്ടിയേഴ്സ്. ഇല്ലാക്കഥകളുടെ പേരില്‍ പരമ്പരാഗത മാധ്യമങ്ങള്‍ വേട്ടയാടിയപ്പോള്‍ നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച കഥയാണ് മോദിയുടേത്. രാജ്യമെങ്ങും മോദി തരംഗം അലയടിക്കുമ്പോഴും കേരളത്തില്‍ വിരുദ്ധ സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളിലൂടെ മോദിവിരുദ്ധതയെ അതിജീവിക്കാനാണ് നമോ വളണ്ടിയേഴ്സിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: