പോര്‍ട്ട് എലിസബത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 423റണ്‍സിന് പുറത്തായി. 116 റണ്‍സെടുത്ത ഡിവില്ലിയേഴ്സിന്റെയും 123 റണ്‍സെടുത്ത ജെ.പി. ഡുമ്നിയുടെയും സെഞ്ച്വറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട്. 65 റണ്‍സുമായി വാര്‍ണറും 12 റണ്‍സുമായി ലിയോണുമാണ് ക്രീസില്‍.
214ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡിവില്ലിയേഴ്സും ഡുമ്നിയും ചേര്‍ന്ന് മികച്ച പ്രകടനമാണ് നടത്തിയത്. ആറാം വിക്കറ്റില്‍ 149 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ഇതിനിടെ ഡിവില്ലിയേഴ്സ് തന്റെ19-ാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ സ്കോര്‍ 349-ല്‍ എത്തിയശേഷം 116 റണ്‍സെടുത്ത ഡിവില്ലിയേഴ്സിനെ ലിയോണ്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. പിന്നീട് ഡുമ്നി ഒറ്റക്കാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനെ ചുമലിലേറ്റിയത്. തുടര്‍ന്നെത്തിയ ഫിലാന്‍ഡര്‍ ആറ് റണ്‍സെടുത്തും വെയ്ന്‍ പാര്‍ണല്‍ 10 റണ്‍സെടുത്തും പുറത്തായി. എന്നാല്‍ പരമാവധി സ്ട്രൈക്ക് എടുത്ത് കളിച്ച ഡുമ്നി സ്കോര്‍ 420-ല്‍ എത്തിച്ചു. ഇതിനിടെ ഡുമ്നി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 199 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളോടെയാണ് ഡുമ്നി മൂന്നക്കം കടന്നത്. ഒമ്പതാമനായാണ് ഡുമ്നി മടങ്ങിയത്. ലിയോണിനാണ് വിക്കറ്റ്. ഓസ്ട്രേലിയക്ക് വേണ്ടി നഥാന്‍ ലിയോണ്‍ 130 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തലേ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 7 റണ്‍സുള്ളപ്പോള്‍ അഞ്ച് റണ്‍സെടുത്ത റോജേഴ്സിനെ ഫിലാന്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. പിന്നീട് സ്കോര്‍ 41-ല്‍ നില്ക്കേരണ്ട് വിക്കറ്റുകളാണ് കംഗാരുക്കള്‍ക്ക് നഷ്ടമായത്. എട്ട് റണ്‍സെടുത്ത അലക്സ് ഡൂലനെയും റണ്ണൊന്നുമെടുക്കാതെ ഷോണ്‍ മാര്‍ഷിനെയും പാര്‍ണലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എ.ബി. ഡിവില്ലിയേഴ്സ്പിടികൂടി.പിന്നീട് വാര്‍ണറും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ചേര്ന്ന്രക്ഷാപ്രവര്ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 81-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വീണു. 19 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ ഫിലാന്‍ഡര്‍ എല്‍ഗറിന്റെ കൈകളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: