ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യന്‍ യുവനിര ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ശ്രീലങ്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് യുവനിര അവസാന എട്ടില്‍ പ്രവേശിച്ചത്.
ക്യാപ്റ്റന്‍ വിജയ് സോള്‍ ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. ഓപ്പണര്‍മാരായ ബെയ്ന്‍സും ഹെര്‍വാഡ്കറും പപ്പുവ ന്യൂഗിനിയക്കെതിരെ ഫോമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ രണ്ട് അര്ദ്ധസെഞ്ച്വറിനേടിയ മലയാളിയും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സഞ്ജു വി. സാംസണും ആറാമനായി ഇറങ്ങുന്ന സര്‍ഫറാസ് ഖാനും മികച്ച ഫോമിലാണ്. ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. പ്രത്യേകിച്ചും കുല്‍ദീപ് യാദവും ദീപഖൂഡയും ആമിര്‍ ഗാനിയും. ഗ്രൂപ്പിലെ അവസാന രണ്ട് മത്സങ്ങളിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ പപ്പുവ ന്യൂഗിനിക്കെതിരെ ഇറങ്ങിയ മോനു കുമാറും മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് ഇന്നത്തെ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ മുന്‍തൂക്കം നല്കുന്നു.
മറുവശത്ത് ഇംഗ്ലണ്ടും മികച്ച ആത്മവിശ്വാസത്തിലാണ്. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇയെ കീഴടക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയോട് പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയതോടെയാണ് രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. മികച്ച ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഓപ്പണര്‍ ഹാരി ഫിഞ്ച്, റയാന് ഹിഗ്ഗിന്‍സ്, ജോനാഥന് ടാറ്റര്സാള്, ബെന്‍ ഡെക്കറ്റ്, ബര്‍ണാഡ് എന്നിവരുള്‍പ്പെടുന്ന ബാറ്റിംഗ്നിര മികച്ച ഫോമിലാണ്.
ഷാര്‍ജയില്‍ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാന് ശ്രീലങ്കയുമായും ഏറ്റുമുട്ടും. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: