കള്ളനും പോലീസും കൂട്ടുകെട്ടിയാല് പുലരുവോളം കക്കാമെന്നൊരു ചൊല്ലുണ്ട്. ഏതാണ്ടതുപോലെയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍. കാലങ്ങളായി അവര്‍ കള്ളനും പോലീസും കളിക്കുകയാണ്. അതാകട്ടെ തനി ഒത്തുകളിയും. കേരളം കണ്ടതില്‍വച്ച് ഏറ്റവും നിഷ്ഠുരമായ ആദ്യകൊലപാതകമായിരുന്നു കെ.ടി.ജയകൃഷ്ണന്മാസ്റ്ററുടെ കൊലപാതകം. സ്കൂളില്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ തുണ്ടുതുണ്ടാക്കിയ കേസിലെ പ്രതികളെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്താനും കഴിയണമെന്ന് കേരളം ആഗ്രഹിച്ചു. കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും ആരെന്നറിയണമെന്നാശിച്ചു. അതിനുവേണ്ടി സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണമെന്ന ആവശ്യം പലകുറി ആവര്‍ത്തിച്ചതിനെതുടര്‍ന്ന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത്രകാലമായിട്ടും സിബിഐ അന്വേഷണമെന്ന ജനകീയാവശ്യം മാത്രം നടക്കാത്തതെന്തുകൊണ്ട് എന്ന അന്വേഷണം നല്കുന്ന ഉത്തരം ഭരണ-പ്രതിപക്ഷ ഒത്തുകളി എന്നതാണ്. ഇത് ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസില്‍ മാത്രമല്ല പിന്നീടിങ്ങോട്ട് നടന്ന ഭീകരമായ കൊലപാതകങ്ങളിലെല്ലാം ഈ കള്ളക്കളിയാണ് കാണാനായത്.
ഒരു പ്രകോപനവുമില്ലാതെ എട്ടുഹിന്ദുക്കളെ വെട്ടിനുറുക്കിയ സംഭവമായിരുന്നല്ലൊ മാറാട് നടന്നത്. ഏകപക്ഷീയമായ ആ കൊടുംക്രൂരത നടന്നിട്ട് പന്തീരാണ്ടായി. തിരിച്ചടിക്കാന്‍ കഴിയാത്ത ജനതയായിരുന്നില്ല മാറാട് കടപ്പുറത്തുള്ളവര്‍. പക്ഷേ കൊലയ്ക്കു കൊല പരിഹാരമല്ലെന്ന വിശ്വാസത്തോടെ ഹിന്ദുസംഘടനകളുടെ അഭ്യര്‍ത്ഥനയും നേതൃത്വവും സ്വീകരിച്ച് നീതിക്കുവേണ്ടി അഞ്ചുമാസത്തോളം സമരം നടത്തിയശേഷമാണ് സര്‍ക്കാര്‍ ഒന്നനങ്ങിയത്.
മാറാട് ചര്‍ച്ചയില്‍ സിബിഐ അന്വേഷണം തത്ത്വത്തില്‍ അംഗീകരിച്ചതാണ്. മാത്രമല്ല മാറാട് ജുഡീഷ്യല്‍ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു ഗൂഢാലോചന സംയുക്ത കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം. എന്നാല്‍ സിബിഐ അന്വേഷണം മാത്രം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണം അസാധ്യമെന്ന സിബിഐ അറിയിപ്പ് വന്നു. ഉടന്‍തന്നെ തിരക്കിട്ട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കോടതി ഉത്തരവിലൂടെയും സിബിഐ അന്വേഷണം ഉണ്ടാവരുതെന്ന ലക്ഷ്യമായിരുന്നു ഈ ധൃതിക്കു പിന്നില്‍. ഗൗരവമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ഗൂഢാലോചന സംബന്ധിച്ച ചില ചെറിയ തുമ്പുകള്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളൂവെന്നുമാണ് 2012 ആഗസ്റ്റ് 16ന് മാറാട് കൂട്ടക്കൊല റിവിഷന്‍ പെറ്റീഷനില്‍ ഹൈക്കോടതി വിധിയില്‍ സൂചിപ്പിച്ചത്. ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശക്തവും ഗൗരവവുമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും വിധി ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലേ കൂട്ടക്കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയെ സംബന്ധിച്ച് ഇത്രയും കൃത്യമായ വിധിന്യായം പുറപ്പെടുവിച്ചിട്ടും മാറാടു കേസില്‍ സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. ചന്ദ്രശേഖരന് വധക്കേസിലും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നല്ല.
ടിപി വധത്തിലെ ഉന്നത രാഷ്ട്രീയബന്ധം തെളിയിക്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. പി.മോഹനന്റെ അറസ്റ്റിന് ശേഷം നടന്ന എല്ലാകാര്യങ്ങളും നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശക്തമായ ഒരു തെളിവുപോലും ഹാജരാക്കാതെയാണ് മോഹനനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. അറസ്റ്റിന് മുമ്പുതന്നെ കോണ്‍ഗ്രസും സിപിഎമ്മും എത്തിച്ചേര്‍ന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സിബിഐ അന്വേഷണത്തെ തന്ത്രപൂര്‍വ്വം അട്ടിമറിക്കുന്നതോടെ കോണ്‍ഗ്രസും സിപിഎമ്മും എഴുതിതയ്യാറാക്കിയ തിരക്കഥ പൂര്‍ത്തിയാവും. സര്‍ക്കാര്‍ തീരുമാനത്തെ കയ്യടിച്ച് സ്വീകരിക്കുന്ന ആര്‍എംപിയും കെ.കെ.രമയും നിരാശയോടെ പ്രതികരിക്കേണ്ട സാഹചര്യത്തിന് അധികം കാത്തിരിക്കേണ്ടിവരില്ല. കോണ്‍ഗ്രസും സിപിഎമ്മും പുറത്തുപറയാന്‍ കൊള്ളാത്ത രാഷ്ട്രീയ ബാന്ധവമാണ് തുടരുന്നത്. അത് അടുത്തെങ്ങും തകരണമെന്ന് ഇരുകൂട്ടര്‍ക്കും ഓര്‍ക്കാന്‍പോലും പറ്റാത്തതാണ്. ഒരേ കള്ളനാണയത്തിന്റെ ഇരുപുറമല്ല ഒരേ പുറമാണിവര്. ഈ വഞ്ചന ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ സിബിഐ അന്വേഷണ പ്രഖ്യാപനം സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢതന്ത്രം മാത്രം. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചുള്ള സിബിഐ അന്വേഷണമെന്ന പ്രഖ്യാപനത്തിന് മാറാട് ഹിന്ദു കൂട്ടക്കൊലയുടെ അന്വേഷണത്തിന്റെ ഗതി തന്നെയാണ് വരാന്‍പോകുന്നത്. അങ്ങനെ കോണ്‍ഗ്രസ്-സിപിഎം ധാരണ പ്രകാരം കേസിലുള്‍പ്പെട്ടെ വമ്പന്‍ സ്രാവുകളെ സംരക്ഷിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: