224. രമണീയഗുണാംബുധിഃ – രമണീയമായ ഗുണങ്ങള്‍ക്കു സമുദ്രമായവന്.
രമണീയം എന്ന പദത്തിന് രമിപ്പിക്കുന്നത് എന്നര്‍ഥം. ഗുണാംബുദ്ധി എന്ന ആലങ്കാരികപ്രയോഗത്തിന് സമുദ്രജലം പോലെ അഗാധവും അമേയവുമായ ഗുണങ്ങളുള്ളവന്‍ എന്ന് അര്‍ഥം. രാമകഥ അതിന്റെ ഗുണഭൂയിഷ്ഠതകൊണ്ട് ലോകത്തെയാകെ രമിപ്പിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു. ഈ ഒറ്റക്കാര്യം കൊണ്ട് രാമന് രമണീയ ഗുണാംബുധിയാണെന്ന് ആര്‍ക്കും മനസ്സിലാക്കാം.
166 തൊട്ട് 224 വരെയുള്ള നാമങ്ങള്‍ രാമായണവുമായി ബന്ധപ്പെട്ടവയാണ്. വാല്മീകി രാമായണം 24,000 ശ്ലോകങ്ങള്‍ കൊണ്ടവതരിപ്പിച്ച രാമകഥ ഭാഗവതക്കാര് രണ്ടധ്യായമായി ചുരുക്കി. നാരായണീയം രണ്ടു ദശകങ്ങള്‍കൊണ്ട് സംഗ്രഹിച്ചു. സഹസ്രനാമം 58 നാമങ്ങള്‍കൊണ്ട് രാമകഥ സൂചിപ്പിക്കുന്നു.
225. രോഹിണീഗര്ഭസംപ്രാപ്തഃ – രോഹിണിയുടെ ഗര്‍ഭത്തെ പ്രാപിച്ചവന്.
ഗുരുവായൂരപ്പന്റെ അവതാരങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ മുഖ്യമായ പത്തെണ്ണത്തെ ദശാവതാരങ്ങള്‍ എന്നുപറയും. അവയില്‍ എട്ടാമത്തെ അവതാരത്തെക്കുറിച്ചാണ് ഈ നാമം. വസുദേവപത്നിയായ ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തില്‍ വളര്‍ന്ന ശിശുവിനെ യോഗമായ വസുദേവന്റെ മറ്റൊരു പത്നിയായ രോ ഹിണിയുടെ ഗര്‍ഭത്തിലേക്കു മാറ്റി. രോഹിണിയുടെ മകനായാണ് ശിശു ജനിച്ചത്. രണ്ടമ്മമാരുടെ ഗര്‍ഭത്തില്‍ നിന്നുണ്ടായ മറ്റൊരു ജനനം പുരാണങ്ങളില്‍ പോലും വിരളമാണ്. ദേവകീ ഗര്‍ഭത്തില്‍ നിന്ന് രോഹിണീഗര്ഭത്തിലെത്തിചേര്ന്ന ഭഗവാനെ നാമം സ്തുതിക്കുന്നു.
226. ബലരാമഃ – ബലരാമന്, ബലത്താല്‍ ലോകത്തെ രമിപ്പിക്കുന്നവനായതു കൊണ്ട് ബലരാമന് എന്ന പേര് അന്വര്‍ഥമാണ്. ബലം എന്ന പദത്തിന് ശക്തി, സാമര്‍ഥ്യം, വലുപ്പം, പുഷ്ടം, ശരീരം, സൈന്യം എന്നീ അര്‍ഥങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്വീകരിക്കാം. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനും ഉപദേഷ്ടാവും നേതാവും കര്മശക്തിയുമായി ബലരാമന് വര്‍ത്തിച്ചു.
227. ബലോദ്ധതഃ – ബലം കൊണ്ട് ഉദ്ധനായവന്. ഉദ്ധതഃ എന്ന പദത്തിന് അഭിമാനിക്കുന്നവന് എന്നോ അഹങ്കാരി എന്നോ അര്‍ഥം പറയാം. ബലരാമാവതാരത്തില് ഗുരുവായൂരപ്പന് രണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്. എങ്കിലും നമുക്ക് അഭിമാനി എന്ന അര്ഥത്തിന് മുന്‍ഗണന കൊടുക്കാം.
ശ്ലോകം. 56 : കൃഷ്ണജ്യേഷ്ഠോ ഗദാഹസ്തഃ ഹലീച മുസലായുധഃ
സദാമദോ മഹാവീരഃ പ്രലംബാസുരഭഞ്ജകഃ
228. കൃഷ്ണജ്യേഷ്ഠഃ ശ്രീകൃഷ്ണന്റെ മൂത്തസഹോദരന്. ദേവകാര്യത്തിനായി ഭഗവാന് ഒരേ സമയത്ത് രണ്ടു മൂര്‍ത്തികളായി അവതരിച്ചതാണ് ബലരാമനും ശ്രീകൃഷ്ണനും. മിക്ക പ്രവൃത്തികളിലും ഇരുവരും പങ്കാളികളാണെങ്കിലും കര്‍മശക്തി കൂടുതല്‍ പ്രകടിപ്പിച്ചത് ശ്രീകൃഷ്ണനാണ്. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനും ഗുരുവുമായി ബലരാമന് മിക്കപ്പോഴും സാക്ഷിയായി വര്‍ത്തിക്കുന്നത് ഭാഗവതകഥകളില്‍ കാണാം.
229. ഗദാഹസ്ത – ഗദ എന്ന ആയുധം കൈയില്‍ ധരിച്ചവന്.
230. ഹലീ – ഹലം – കലപ്പ ആയുധമായുള്ളവന്‍.
231. മുമ്പലായുധഃ – മുമ്പലം ആയുധമായുള്ളവന്‍.
എല്ലാ ആയുധങ്ങളും ഉപയോഗിക്കാന്‍ സമര്‍ഥനായിരുന്നെങ്കിലും ഗദായുദ്ധത്തില്‍ ബലരാമന് ആചാര്യസ്ഥാനം തന്നെ ഉണ്ടായിരുന്നു. ദുര്യോധനനെ ബലരാമന് ഗദായുദ്ധം പഠിപ്പിച്ചിരുന്നു. കലപ്പ അദ്ദേഹത്തിനുമാത്രം വഴങ്ങുന്ന ദിവ്യായുധമായിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: