മലപ്പുറം: ടി.പി ചന്ദ്രശേഖരന് വധശ്രമഗൂഢാലോചന കേസ് സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള രക്ഷാമാര്‍ച്ചിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് പെരിന്തല്‍മണ്ണയില്‍ നല്കിയ സ്വീകരണത്തിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും രൂക്ഷമായ ഭാഷയിലാണ് പിണറായി സര്‍ക്കാറിനെതിരെ പ്രതികരിച്ചത്.
സിബിഐ അന്വേഷണത്തിന് വിട്ട സര്‍ക്കാര്‍ നടപടി ബൂമറാങ്ങ് പോലെ തിരിച്ചടിക്കുമെന്ന് പറഞ്ഞ പിണറായി അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായുള്ള നടപടിയാണ്. ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ നീക്കമാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സംസ്ഥാന സര്‍ക്കാര്‍ പച്ചയായ നിയമ നിഷേധം നടത്തുകയാണ്. സിപിഎമ്മിനെ വേട്ടയാടുക എന്ന ഒറ്റ ഉദ്ദേശമാണ് ഈ നിയമവിരുദ്ധ നടപടിക്ക് പിന്നില്‍.
സിപിഎമ്മിനെ വേട്ടയാടാനും സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ടി.പി വധക്കേസ് അന്വേഷിച്ച സംഘം തിരക്കഥകള്‍ തയ്യാറാക്കി കള്ളക്കഥകള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണെന്നുവേണം കരുതാന്‍. അന്ധമായ സിപിഎം വിരോധമാണ് ഇതിന് പിന്നില്‍.
മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ കേസ് സിബിഐക്ക് വിടാനാണ് ആദ്യം നീക്കം നടത്തിയത്. എന്നാല്‍ ഇത് നിയമ വിരുദ്ധമാണെന്ന് മനസ്സിലാക്കിയതോടെ ഒരു പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുകയും അവരെ കൊണ്ട് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യിപ്പിക്കുകയുമായിരുന്നു. സിബിഐ അന്വേഷണത്തെ തത്വത്തില്‍ അംഗീകരിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് എഴുതിവാങ്ങുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: