കൊച്ചി: മൂലമ്പിള്ളി പാക്കേജ് ഭാഗികമായിട്ടാണെങ്കിലും പ്രവര്‍ത്തിപഥത്തിലെത്തിച്ച ജില്ലയുടെ മുന്‍ഭരണാധികാരി പി.ഐ. ഷെയ്ക്ക് പരീതിന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ സ്നേഹോപഹാരം സമര്‍പ്പിച്ചു. ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ വസതിയില്‍ ഒരുക്കിയ ലളിതമായ ചടങ്ങില്‍ വച്ചാണ് ഷെയ്ക്ക് പരീത് ജസ്റ്റീസ് കൃഷ്ണയ്യരില് നിന്നു സ്നേഹോപഹാരം സ്വീകരിച്ചത്.
2011 മാര്‍ച്ചില്‍ ഷെയ്ക്ക് പരീത് ജില്ലാ ഭരണാധികാരിയായി ചാര്‍ജെടുക്കുമ്പോള്‍, പുനരധിവാസ പദ്ധതിയുടെ നടത്തിപ്പു പൂര്‍ണ്ണ സ്തംഭനാവസ്ഥ നേരിടുകയായിരുന്നു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2008-ലെ ഇടതുമുന്നണി സര്‍ക്കാര്‍ തെരുവാധാരമാക്കിയ 316 കുടുംബങ്ങളില്‍ വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമാണ് അന്ന് പുനരധിവാസിപ്പിക്കപ്പെട്ടിരുന്നത്.
പുനരധിവാസത്തിനായി കണ്ടെത്തിയ ഏഴ് സൈറ്റുകളിലും മൂലമ്പിള്ളി, മുളവുകാട്, കോതാട്, വടുതല, ചേരാനെല്ലൂര്‍, തൈക്കാവ്, വാഴക്കാല തുതിയൂര്‍, കാക്കനാടു തുതിയൂര്‍- അടിസ്ഥാന സൗകര്യമില്ലാതെ ഗൃഹ നിര്‍മ്മാണം സ്തംഭിച്ചിരിക്കയായിരുന്നു. മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, റോഡ്, ഡ്രെയിനേജ് എന്നിവ പൂര്‍ത്തിയാക്കുന്നതുവരെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൈക്കോടതി വിധി പ്രകാരം അനുവദിക്കപ്പെട്ട വാടകയും നല്‍കിയിരുന്നില്ല.
മൂന്നുവര്‍ഷത്തിനുശേഷം2014-ല്‍ ഷെയ്ക്ക് പരീത് ജില്ലാകളക്ടര്‍ പദവി ഒഴിയുമ്പോള്‍ പാക്കേജിെന്റ നടത്തിപ്പു അപൂര്‍ണ്ണമായി തുടരുകയാണ്.
മുലമ്പിള്ളി, കോതാട്, വടുതല എന്നീ സൈറ്റുകളിലായി 38 കുടുംബങ്ങള്‍ മാത്രമാണ് പുനരധിവസിക്കപ്പെട്ടിട്ടുള്ളത്. ശേഷിക്കുന്ന 270 ഓളം കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡുകളിലോ, പണയത്തിനെടുത്ത കെട്ടിടങ്ങളിലോ , വാടക വീടുകളിലോ നരക തുല്യമായ സാഹചര്യത്തില്‍ ജീവിതം തള്ളി നീക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍, ജില്ലയുടെ പുതിയ ഭരണാധികാരി അടിയന്തിര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്, പ്രൊഫ. കെ. അരവിന്ദാക്ഷന് , സി.ആര്. നീലകണ്ഠന്, ഫാ. പ്രശാന്ത് പാലക്കപ്പിള്ളി, സിസ്റ്റര്‍ അര്‍പ്പിത, ഫ. റൊമാന്‍സ് ആന്റണി, കെ. റജികുമാര്‍, ടി.കെ. സുധീര്‍ കുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, പി.ജെ. സെലസ്റ്റിന്‍ മാസ്റ്റര്‍, വി.പി. വില്‍സണ്‍, ഹാഷിം ചേന്നമ്പിള്ളി, വി.കെ. അബ്ദുള്‍ ഖാദര്‍, മുജീബ് റഹ്മാന്, മൈക്കള്‍ കോതാട്, സ്റ്റാന്‍ലി മുളവുകാട്, ഷൈന്‍ ആന്റണി, ജസ്റ്റിന് വടുതല, ഇടപ്പള്ളി സാബു, മേരി ഫ്രാന്‍സീസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഉപഹാരം കൈമാറിയത്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: