മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ശുദ്ധജലവിതരണത്തില്‍ കേരളവാട്ടര്‍ അതോറിറ്റി വീഴ്ച തുടരുന്നു. സംസ്ഥാന മനുഷ്യാവകാശകമ്മീഷന് മുമ്പാകെ ഹാജരാകുവാന്‍ തയ്യാറാകാത്ത ജല അതോറിറ്റി ഉദ്യോഗസ്ഥരും, സംവിധാനവും കമ്മീഷന് മുമ്പാകെ നല്കിയ ഉറപ്പും ലംഘിക്കുകയാണെന്നാണ് ചുണ്ടിക്കാട്ടുന്ന ജല അതോറിറ്റി പശ്ചിമകൊച്ചിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലെ മാലിന്യത്തെകുറിച്ചുള്ള നിരന്തര പരാതികളെ തുടര്‍ന്നാണ് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന് നടപടികള്‍ തുടങ്ങിയത്. വിവിധഘട്ടങ്ങളില്‍ ഹാജരാകാതിരുന്ന അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ സമന്‍സ് അയച്ച് എത്തുകയും ചെയ്തു. 2014 ജനുവരിയോടുകൂടി പശ്ചിമകൊച്ചിയില്‍ ശുദ്ധമായ കുടിവെള്ള വിതരണം ചെയ്യുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്നറിയിച്ചെങ്കിലും ഇതുവരെ യാതൊരുനടപടിയും അതോറിറ്റി കൈക്കൊണ്ടിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫെബ്രുവരി 24ന് നടക്കുന്ന മനുഷ്യാവകാശ കമ്മീഷന് സിറ്റിങ്ങില്‍ ചെയര്മാന് ജസ്റ്റീസ് ജെ.ബി.കോശി മുമ്പാകെ ഹാജരാകുവാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് കമ്മീഷന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, തോപ്പുംപടി, ഇടകൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി തുടങ്ങിയ തീരദേശ ടൂറിസം- പൈതൃക- വ്യാപാര- വാണിജ്യ ജനവാസ കേന്ദ്രമായ പശ്ചിമകൊച്ചിയില്‍ മാലിന്യം കലര്‍ന്ന കുടിവെള്ളമാണ് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. മനുഷ്യവിസര്‍ജ്ജം കലര്‍ന്ന, അഴുക്കുചാല്‍ മലിനജലം കലര്‍ന്ന, ജനങ്ങളെ നിത്യരരോഗബാധിതരാക്കുന്ന കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് വിവിധ പരിശോധനകളിലും തെളിഞ്ഞിരുന്നു. കാനകള്‍ക്ക് കുറുകെ പോകുന്ന തകര്‍ന്ന പൈപ്പുകളും കാലപഴക്കം ചെന്ന ശുദ്ധജല വിതരണ കുഴലുകളും വര്‍ഷങ്ങളായി ശുചീകരിക്കാത്ത ജലസംഭരണികളും, സമയ സമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്ത കുഴലുകളും, പൈപ്പുകളുമെല്ലാം പശ്ചിമകൊച്ചി യിലെ ശുദ്ധജല വിതരണത്തിനുള്ള വെല്ലുവിളികളാണ്. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനങ്ങളും, ജലവിതരണപൈപ്പുകള്‍ മാറ്റിയിടുന്നതിലും, നവീകരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ കാലതാമസവും, അവഗണനയും, ആവശ്യത്തിനുള്ള ജലവിതരണത്തിലെ പാളിച്ചയും കൊച്ചി കോര്പ്പറേഷന് ഭാഗമായുള്ള പശ്ചിമകൊച്ചി പ്രദേശത്തെ കുടിവെള്ളം മാലിന്യമാകുവാനും വിതരണം തകരാറിലാകുവാനും ഇടയാക്കുന്നതായാണ് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഫോര്‍ട്ടുകൊച്ചി താലൂക്കാശുപത്രിയില്‍ 2013 ജൂലായ് മാസം നടന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പരിശോധനയില്‍ വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നത് മാലിന്യം കലര്‍ന്ന കുടിവെള്ളമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി ആര്ഡിഓവിന്റെ റിപ്പോര്‍ട്ടും ശുദ്ധജല വിതരണത്തിലെ പാളിച്ചകള്‍ വ്യക്തമാക്കുകയും ചെയ്തു. പശ്ചിമകൊച്ചിയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന കുടിവെള്ളം മലിനജലമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാഗം തമ്പി സുബ്രഹ്മണ്യം അയച്ച പരാതിന്മേലാണ് മനുഷ്യാവകാശ കമ്മീഷന് നടപടികള്‍ കൈകൊണ്ടിരിക്കുന്നത്. പശ്ചിമകൊച്ചിയിലെ ജലവിതരണകുഴലുകള്‍ 40 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള താണെന്നും, പലസ്ഥലങ്ങളും പൈപ്പുകളുമാറ്റി സ്ഥാപിക്കുകയും, ബക്കിയുള്ളവ മാറ്റിസ്ഥാപിക്കാനും നടപടികള്‍ പുര്‍ത്തിയായി വരുകയാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ വ്യക്തമാക്കി. പൈപ്പുകള്‍ മാറ്റിയിടുന്നതിനായി രണ്ടുഘട്ടങ്ങളിലായി 296 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായും, ഒന്നാംഘട്ടം തുടങ്ങിയതായും, 2014 ജനുവരി മുതല്‍ കൂടുതല്‍ ജലം ലഭ്യമാക്കുന്നതിന് നടപടികളായതായും എക്സിക്യൂട്ടീവ് എന്‍ജിനയര്‍ വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: