ആലപ്പുഴ: പാവം നോയല്‍ തോമസിന് വെറും അഞ്ചുശതമാനം പൊള്ളലേ ഏറ്റിരുന്നുള്ളു. എന്നിട്ടും ആ പതിനൊന്നുകാരനെ മരണം കൊണ്ടുപോയി. ഡ്രിപ്പ് യഥാസമയം ഊരിമാറ്റാതിരുന്നതിനാല് ട്യൂബു വഴി ചോര കുപ്പിയിലേക്ക് ഒഴുകിയിറങ്ങി വിറച്ചു വിറച്ചാണ് അവന് മരിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവുകളും ഡോക്ടര്‍മാരുടെ അനാസ്ഥയും ആരെയും ഞെട്ടിപ്പിക്കും. രണ്ടാഴ്ചക്കുളളില്‍ അവിടെ ചികില്‍സ കിട്ടാതെ മരിച്ചു വീണത് 40 പേരാണെന്ന വിവരം ഇന്നലെ ജന്മഭൂമി പുറത്തു കൊണ്ടുവന്നിരുന്നു.
ഓക്സിജന്‍ യഥാസമയം കിട്ടാതെ രോഗി മരിച്ച സംഭവം കഴിഞ്ഞ 16-നായിരുന്നു. അഞ്ച് ശതമാനം പൊള്ളലേറ്റ പതിനൊന്നുകാരന് മരിച്ചത് ഒരാഴ്ച മുമ്പാണ്. ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മതിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതി ഉയര്‍ന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഇത്തരത്തില്‍ രോഗികളുടെ മരണ കേന്ദ്രമായി ആശുപത്രി മാറിയിട്ടും ഒരാള്‍ക്കെതിരെ പോലും നടപടി സ്വീകരിച്ചിട്ടില്ല. സംഘര്‍ഷമുണ്ടാകുമ്പോള്‍ അന്വേഷണ കമ്മിഷനെ പ്രഖ്യാപിക്കുമെങ്കിലും ഇതുവരെ ഒരു അന്വേഷണ റിപ്പോര്‍ട്ടും വെളിച്ചം കണ്ടിട്ടില്ല.
ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച, കളക്ടര്‍ അധ്യക്ഷനായ സമിതി പോലും ഇതിന് പരിഹാരം കാണാനാകാതെ കൈമലര്‍ത്തുന്നു. സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ അയക്കുന്ന റഫറല്‍ ആശുപത്രിയായി സര്‍ക്കാര്‍ ആതുരാലയം അധഃപതിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.
കരുവാറ്റ കരുവാമലയില് ഗോപി (58)യാണ് യഥാസമയം ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്. 16ന് വൈകിട്ടോടെ അസ്വസ്ഥതയുണ്ടായ ഗോപിക്ക് ഓക്സിജന്‍ നല്കാന് തീരുമാനിച്ചെങ്കിലും ജീവനക്കാര്‍ എത്തിച്ച സിലിണ്ടറില്‍ ഓക്സിജന്‍ ഇല്ലായിരുന്നു. പിന്നീട് താഴത്തെ നിലയില്‍ നിന്നും മുകളിലത്തെ വാര്‍ഡിലേക്ക് അടുത്ത സിലിണ്ടറെത്തിക്കാന്‍ വൈകി. ഇതിനിടെ ശ്വാസം ലഭിക്കാതെ ഗോപി മരിച്ചു. ബന്ധുക്കള്‍ പരാതിപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍ തടിയൂരി.
തിളപ്പിച്ച ചായപ്പാത്രത്തില് അബദ്ധത്തില്‍ ഇരുന്ന മാരാരിക്കുളം തെക്ക് പൊള്ളേത്തൈ വാഴക്കൂട്ടത്തില്‍ തോമസ്-ആനി ദമ്പതികളുടെ മകന് നോയല്‍ തോമസി (11)ന്റെ മരണം അധികൃതരുടെ അനാസ്ഥയുടെ നേര്‍സാക്ഷ്യമാണ്. കേവലം അഞ്ച് ശതമാനം മാത്രം പൊള്ളലേറ്റ നോയലിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അറിയിച്ച ദിവസമാണ് മരിച്ചത്. നോയലിന് നല്‍കിയിരുന്ന ഡ്രിപ്പ് ശരീരത്ത് നിന്ന് യഥാസമയം വേര്പെടുത്താതിരുന്നതിനെ തുടര്‍ന്ന് രക്തം ട്യൂബ് വഴി കുപ്പിയിലെത്തി വിറച്ച് വിറച്ചാണ് നോയല്‍ മരിച്ചത്. ഈ സംഭവത്തിലും ഒരു നടപടിയുമുണ്ടായില്ല. രോഗം ഗുരുതരമായതിനാലല്ല, ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും ധാര്‍ഷ്ട്യവും അനാസ്ഥയുമാണ് ഈ രണ്ടു മരണങ്ങളുടെയും യഥാര്‍ഥ കാരണമെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: