മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ എകദിന പരമ്പരയും ശ്രീലങ്കക്ക്. നേരത്തെ ടെസ്റ്റ്, ട്വന്റി 20 പരമ്പരകളും ലങ്ക സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 61 റണ്‍സിന് വിജയിച്ചാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. മൂന്ന് മതസരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരമാണ് ഇന്നലെ നടന്നത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റിന് 289 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 43 ഓവറില്‍ 228 റണ്‍സിന് ഓള് ഔട്ടായി. കുമാര്‍ സംഗക്കാരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും (128), 60 റണ്‍സെടുത്ത പ്രിയഞ്ജന്റെയും പുറത്താകാതെ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന്റെയും മികച്ച ബാറ്റിംഗാണ് ശ്രീലങ്കക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്. ഒരു ഘട്ടത്തില്‍ 63 റണ്‍സെടുക്കുന്നതിനിടെ എട്ട് റണ്‍സ് റണ്‍സെടുത്ത കുശല്‍ പെരേരയെയും ദില്‍ഷനെയും 9 റണ്‍സെടുത്ത ചണ്ടിമലിനെയും ലങ്കക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ സംഗക്കാരയും പ്രിയഞ്ജനും ഒത്തുചേര്‍ന്നതോടെയാണ് ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 115 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു സംഗക്കാരയുടെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആഞ്ചലോ മാത്യൂസിന്റെ ഇന്നിംഗ്സില്‍ 6 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ 79 റണ്‍സെടുത്ത മുഷ്ഫിര്‍ റഹിമാണ് ടോപ് സ്കോര്‍. അനമുള്‍ ഹഖ് 42 റണ്‍സുമെടുത്തു. ഷക്കിബ് അല്‍ ഹസന് 24റണ്‍സെടുത്തും നാസിര്‍ ഹൊസൈന്‍ 22റണ്‍സെടുത്തും പുറത്തായതും ആതിഥേയര്‍ക്ക് തിരിച്ചടിയായി. ശ്രീലങ്കക്ക് വേണ്ടി മലിംഗ, തീസര പെരേര, സേനാനായകെ, അജാന്ത മെന്‍ഡിസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: