ഹൃദയ സ്പര്‍ശിയും ജീവിതഗന്ധിയുമായ ഒരു സിനിമ കാണാന്‍ കാത്തുകാത്തിരുന്ന മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് പോയവര്‍ഷത്തിന്റെ അവസാനമെത്തിയ ചലച്ചിത്രമാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം. കുടുംബത്തിലെ അംഗം ചെയ്യുന്ന കുറ്റകൃത്യം കുടുംബത്തെയാകെ എങ്ങനെ ബാധിക്കുന്നുവെന്നും കുടുംബത്തിന്റെ നിലനില്‍പ്പിനായി ആ കുറ്റകൃത്യം ശാസ്ത്രീയമായി എങ്ങനെ മറയ്ക്കാമെന്നുമാണ് ചുരുക്കിപ്പറഞ്ഞാല്‍ ദൃശ്യത്തിന്റെ പ്രമേയം. ബോക്സോഫീസില്‍ സിനിമ വന്‍ വിജയമായി എന്നുമാത്രമല്ല, അടുത്ത കാലത്ത് വളരെയധികം ചര്‍ച്ചയ്ക്കു വിധേയമായ ചലച്ചിത്രം എന്നപേരും ദൃശ്യത്തിനുണ്ടായി. കുറ്റകൃത്യം ചെയ്യാനുള്ള വാസന വളര്‍ത്തുന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്നാരോപിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അതിനെതിരായ വാദങ്ങളുമായി സിനിമാ നിരൂപകപ്രഭൃതികളുമെല്ലാം രംഗത്തുവന്നു. കൂടാതെ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കീറിമുറിക്കലുകള്ക്കും ദൃശ്യം വിധേയമായിക്കൊണ്ടിരിക്കുന്നു. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും (അങ്ങനെയൊന്നുണ്ടോ എന്നറിയില്ല) സിനിമയുടെ സ്ത്രീപക്ഷ നിലപാടുകളുമെല്ലാം ചര്‍ച്ചയ്ക്കു വയ്ക്കപ്പെടുന്നു.
ചര്‍ച്ചകള്‍ പല വഴികളിലൂടെ പുരോഗമിക്കുന്തോറും തീയറ്ററുകളില്‍ ദൃശ്യം കാണാനെത്തുന്നവരുടെ തിരക്കിന് ഇനിയും ശമനമുണ്ടായിട്ടില്ല. അമ്പത് ദിവസം കൊണ്ട് 50 കോടിയാണ് ദൃശ്യം തിയേറ്ററുകളില്‍ നിന്ന് നേടിയത്. മലയാളത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ചിത്രം ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കുന്നത്. ഇപ്പോഴും പണം വാരിക്കൊണ്ടിരിക്കുന്നു. 4.60 കോടി രൂപ മുതല്‍മുടക്കിയെടുത്ത ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാനും പോകുന്നു. അപ്പോഴും കോടികളെത്തും. ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. കേരളത്തിന് പുറത്ത് ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവടങ്ങളിലും ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. യുഎഇ, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളില്‍ നിന്നും സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. ഇന്ത്യക്ക് പുറത്തും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ദൃശ്യത്തിനായി. ദൃശ്യത്തിന്റെ ജനപ്രീതി ഏറിവരുന്നതാണ് വീണ്ടും വീണ്ടും പ്രേക്ഷകരെ തീയറ്ററുകളിലെത്തിക്കുന്നത്. കഥാദാരിദ്ര്യത്തിലും സര്ഗ്ഗാത്മകതയില്ലായ്മയിലും വിഷമിച്ചു നിന്നിരുന്ന മലയാള സിനിമയെ രക്ഷിക്കാനായാണ് ദൃശ്യവുമായി ജീത്തു ജോസഫ് അവതരിച്ചതെന്ന സന്തോഷത്തിലായിരുന്നു മലയാളി പ്രേക്ഷകര്‍.
ഈ ചലച്ചിത്രം നിങ്ങളെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന, ഒരു ഫാമിലി എന്റര്ടെയ്നറിനുള്ളില് ഒളിപ്പിച്ചുവച്ച ക്രൈംത്രില്ലറാണെന്നാണ് ചിലര്‍ വാഴ്ത്തിയത്. എന്നാല്‍ അതെല്ലാം കേട്ട് സംവിധായകനെ അഭിനന്ദിക്കാന്‍ വരട്ടെ. മലയാള സിനിമ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സര്‍ഗ്ഗാത്മക പ്രതിസന്ധിയാണ് ദൃശ്യം എന്ന സിനിമയിലൂടെ പുറത്തുവരുന്നതെന്നതാണ് സത്യം. സംവിധായകന് തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. എത്രമനോഹരമായ രചനയെന്ന് സിനിമകണ്ടവര്‍ അത്ഭുതപ്പെട്ടത് വെറുതെയായി. ദൃശ്യം അപ്പടി മോഷണമാണെന്ന് തെളിവുകള്‍ സഹിതം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
വിദേശ സിനിമകളില്‍ നിന്ന് കഥയും സന്ദര്‍ഭവുമെല്ലാം മോഷ്ടിച്ച് മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച നിരവധി പ്രമുഖരായ സംവിധായകര്‍ നമുക്കുണ്ട്. ഒരു കാലത്ത് മലയാളി കാണാന്‍ സാധ്യതയില്ലാതിരുന്ന ഹോളിവുഡ് സിനിമകള്‍ കേരളത്തിന്റെ സാഹചര്യത്തില്‍ അപ്പടി ക്യാമറയില്‍ പകര്‍ത്തി നമ്മെ പറ്റിച്ചിരുന്നവരുമുണ്ട്. സംഗീത്ശിവനെ പോലെ സര്ഗ്ഗാത്മകതയെന്ന വാക്കിന്റെ അര്‍ത്ഥം എന്തെന്നുപോലും അറിയാത്തവര്‍ സംവിധാനം ചെയ്ത സിനിമകള്‍ തീയറ്ററുകളില്‍ പണം വാരിക്കൂട്ടി. മഹാനായ നടന് ഹാരിസന്ഫോര്ഡ് തകര്‍ത്തഭിനയിച്ച ‘ഫ്യുജിറ്റീവ്’ എന്ന ഹോളിവുഡ് ചലച്ചിത്രം അതേപടി മോഷ്ടിച്ച് മോഹന്‍ലാലിനെ നായകനാക്കി ‘നിര്‍ണ്ണയം’ എന്ന ചിത്രം ഉണ്ടാക്കിയത് 1995ലാണ്. കഥാകൃത്തിന്റെ പേര് സന്തോഷ്ശിവനെന്നും ‘ഷോട്ട് ബൈ ഷോട്ട്’ ഹോളിവുഡ് സിനിമ പകര്‍ത്തിവച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ പേര് ചെറിയാന്കല്പകവാടിയെന്നും ഉളുപ്പില്ലാതെ പ്രചരിപ്പിക്കുകയും ചെയ്തു. വിദേശ സിനിമകള്‍ മലയാള സാഹചര്യത്തിലേക്ക് എങ്ങനെ വിദഗ്ധമായി പരിവര്‍ത്തനം ചെയ്യാമെന്ന് കഴിവുതെളിയച്ചവര് നമ്മുടെ സിനിമയില്‍ ധാരാളമായുണ്ട്.
എണ്‍പതുകളില്‍ സൂപ്പര്‍ഹിറ്റുകളായ പല പ്രിയദര്ശന് ചലച്ചിത്രങ്ങളും ഇത്തരത്തില്‍ അപഹരിക്കപ്പെട്ടവയായിരുന്നെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ‘വണ്‍ ഫ്ലോ ഓവര്‍ ദ കൊക്കൂസ് നെസ്റ്റ്’എന്ന ഇംഗ്ലീഷ് സിനിമ ഒന്നും വിടാതെ പകര്‍ത്തി താളവട്ടം എന്ന മലയാള സിനിമയാക്കി പ്രിയന് വിജയം കൊയ്തപ്പോള്‍, അന്നാരും ആ മോഷണം പുറത്തറിഞ്ഞില്ല. എണ്‍പതുകളില്‍ വിദേശ സിനിമകള്‍ കാണാനുള്ള സാഹചര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്നത്തെ പോലെ കൂടുതലുണ്ടായിരുന്നില്ല. വിദേശ ചലച്ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ച് മലയാളത്തില്‍ സ്വന്തമെന്ന പേരില്‍ നമ്മുടെ പ്രിയപ്പെട്ട സംവിധായകര്‍ അവതരിപ്പിച്ച സിനിമകളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഈ പംക്തി മതിയാകില്ല.
നല്ലതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വാഴ്ത്തുകയും പുരസ്കാരങ്ങള്‍ നിരവധി വാങ്ങിക്കൂട്ടുകയും ചെയ്ത സിനിമകളും മോഷണ മുതലുകളാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം നമ്മുടെ സിനിമാ പ്രതിഭകളുടെ കഴിവിലേക്കുള്ള വിരല്‍ചൂണ്ടലാണ്. വരണ്ടുകിടക്കുന്ന ഭൂമിയിലേക്ക് തെളിനീരിറങ്ങിയ അനുഭവമായിരുന്നു 2010ല്‍ ‘ട്രാഫിക്’ എന്ന സിനിമ നമുക്കു സമ്മാനിച്ചത്. കഥാദാരിദ്ര്യവും നല്ല പ്രതിഭകളുടെ അഭാവവും മലയാള സിനിമയെ പ്രതിസന്ധിയിലാഴ്ത്തിയ കാലത്താണ് 2010 അവസാനം രാജേഷ് പിള്ളയുടെ ‘ട്രാഫിക്’ സിനിമ സംഭവിക്കുന്നത്. അന്നുവരെ മലയാളി കാണാത്ത പ്രത്യേകതയുള്ള സമീപനമായിരുന്നു അത്.
ബോബിസജ്ജയ് എന്ന പുതുമുഖ എഴുത്തുകാരനിലും രാജേഷ്പിള്ളയെന്ന സംവിധായകനിലും മലയാളി പ്രതീക്ഷയര്‍പ്പിച്ചു. എന്നാല്‍ അതും വെറുതെയാണെന്ന് പിന്നീട് അനുഭവപ്പെട്ടു. അമേരിക്കയില്‍ 2003ല്‍ ഉണ്ടായ ’21 ഗ്രാംസ്’ എന്ന സിനിമ മോഷ്ടിച്ചാണ് ‘ട്രാഫിക്’ സൃഷ്ടിച്ചത്. മെക്സിക്കന്‍ സംവിധായകന് അലന് ജാന്‍ഡ്രോ ഗോണ്‍സാലസ് സംവിധാനം ചെയ്ത ’21 ഗ്രാംസ്’ അമേരിക്കന്‍ നവതരംഗ സിനിമകളില്‍ ഏറ്റവും ജനപ്രീതി നേടിയ ചലച്ചിത്രമാണ്.
എന്തിനധികം പറയുന്നു, മലയാളത്തില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ 90 ശതമാനവും ഇത്തരത്തില്‍ അപഹരിക്കപ്പെടുന്നതാണെന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ പ്രിയപ്പെട്ട സിനിമകളായ റാംജി റാവ് സ്പീക്കിംഗും ന്യൂഡല്‍ഹിയും ക്ലാസ്മേറ്റും മേഘമല്‍ഹാറും വിനോദയാത്രയും മൃഗയയും ഉദയനാണ് താരവും മാളൂട്ടിയും പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റും….എല്ലാം എല്ലാം മോഷണ മുതലുകളാണ്. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ ദൃശ്യവും എത്തിയിരിക്കുന്നത്.
കീഗോ ഹിഗഷിനൊ എന്ന ജാപ്പനീസ് എഴുത്തുകാരന്റെ ‘ദി ഡിവോഷന്‍ ഓഫ് സസ്പെക്റ്റ് എക്സ്’ എന്ന കുറ്റാന്വേഷണ നോവല്‍ ആണ് ദൃശ്യത്തിനാധാരമായ കഥ. ജപ്പാനില്‍ ഈ നോവല്‍ ‘സസ്പെക്റ്റ് എക്സ്’ എന്ന പേരില്‍ സിനിമയുമായിട്ടുണ്ട്. നോവല്‍ വായിക്കുകയാണോ അതോ സിനിമ കാണുകയാണോ ജീത്തുജോസഫ് ചെയ്തതെന്നറിയില്ല. ‘സസ്പെക്റ്റ് എക്സി’ലെ രംഗങ്ങള്‍ ഇടുക്കിയിലെ മലയോര ഗ്രാമത്തിലെ അന്തരീക്ഷത്തിലേക്ക് അദ്ദേഹം മാറ്റിയത് ജാപ്പാനീസ് സിനിമ കാണാത്ത മലയാളിക്ക് പുതുമ നല്‍കുന്നതാണ്. ദൃശ്യം കണ്ട് മഹത്തായ ചലച്ചിത്രമെന്ന് വാഴ്ത്തിയവര്‍, മോഷണാരോപണം ഉണ്ടായ ശേഷം ‘സസ്പെക്റ്റ് എക്സ്’ തേടിപ്പിടിച്ച് കാണുകയും ജീത്തു ജോസഫിന്റെ കഴിവുകള്‍ക്കു നേരെ നെറ്റി ചുളിക്കുകയും ചെയ്യുന്നു.
മലയാള സിനിമയെ ആകെ ബാധിച്ചിരിക്കുന്ന സര്‍ഗ്ഗാത്മക പ്രതിസന്ധിയാണിവിടെ വിശകലനം ചെയ്യപ്പെടുന്നത്. തീയറ്ററില്‍ പ്രേക്ഷകരെത്തി സിനിമ കാണാതാകുന്നതോടെ സിനിമാ മേഖലയാകെ പ്രതിസന്ധിയിലാകുന്നു. സിനിമകളെല്ലാം നഷ്ടത്തിലാകുമ്പോള്‍ പലര്‍ക്കും പഴികേള്‍ക്കേണ്ടിവരുന്നു. വ്യാജ സിഡി മുതല്‍ സൂപ്പര്‍ താരാധിപത്യം വരെ അതിനു കാരണമായി പറയുന്നു. അത്തരം പ്രതിസന്ധികള്‍ക്കിടയില്‍ ഒരു സിനിമയെങ്കിലും വിജയിക്കുന്നത് നല്ലതുതന്നെ. എങ്കിലും, ആ വിജയം സ്വന്തം കഴിവിന്റേതാണെന്ന് അവകാശപ്പെടുന്നത് തെറ്റല്ലെ? കഥാ മോഷണം വിഷയമാക്കി മലയാളത്തിലിറങ്ങിയ പ്രശസ്ത സിനിമയായ ഉദയനാണ് താരവും മോഷണമായിരുന്നു. സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ട കുറേയാള്‍ക്കാരുടെ കൂട്ടമായി മലയാള ചലച്ചിത്രലോകം മാറി. സിനിമയ്ക്ക് കഥയാലോചിക്കാന്‍ ഒത്തുകൂടിയിരുന്നവര്‍ ഇപ്പോള്‍ ഒത്തുകൂടി വിദേശ ചലച്ചിത്രങ്ങള്‍ യുട്യൂബില്‍ പരതുകയാണ് ചെയ്യുന്നത്. വലിയ സര്‍ഗ്ഗാത്മക പ്രതിസന്ധിയിലാണ് മലയാള സിനിമ എന്നതാണ് വാസ്തവം.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: