കൊച്ചി: കുന്നുംപുറം-ചേരാനല്ലൂര്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാറും സെക്രട്ടറി യു.ആര്.രാജേഷും ആവശ്യപ്പെട്ടു. കൊച്ചിന് കോര്പ്പറേഷന് കുന്നുംപുറം 36-ാം ഡിവിഷനില്‍പ്പെട്ട വിവേകാനന്ദ റോഡ്, മന്നം റോഡ്, സൊസൈറ്റിപ്പടി ആസാദി റോഡ്, നികത്തില്‍ റോഡ്, അമൃത ആശുപത്രി പരിസരം, ചേരാനല്ലൂര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വളരെ നാളുകളായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുവരികയാണ്.
കളക്ടറുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍, പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവരുടെ സംയുക്ത യോഗത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന് മുന്‍ കളക്ടര്‍ ഉറപ്പ് നല്‍കിയതാണ്. ഇതുവരെ പരിഹരിക്കാന്‍ പറ്റാത്ത ഈ കുടിവെള്ള പ്രശ്നത്തിന് പുതിയ കളക്ടര്‍ ചാര്‍ജെടുത്ത സാഹചര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വാട്ടര്‍ടാങ്ക് പണിത് നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ കുന്നുംപുറം ഡിവിഷനില്‍ വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങള്‍ക്ക് ഏറ്റെടുത്ത സ്ഥലം ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. കുടിവെള്ളപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: