കോട്ടയം: മെഡിക്കല്‍ കോളേജ് പരിസരത്ത് നായകള്‍ പെരുകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പത്തില്കൂടുതല്പേരെയാണ് നായകള്‍ അക്രമിച്ചത്. രോഗങ്ങളില്‍നിന്നു ഏക ആശ്രയംതേടി ആശുപത്രിയില്‍ എത്തുമ്പോള്‍ ഇവിടെനിന്നുള്ള പേപ്പടി അക്രമണം രോഗികളെയും ബന്ധുക്കളെയും സമീപവാസികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നായ്ക്കള്‍ പെറ്റുപെരുകി ജനത്തിന് ഭീക്ഷണിയായിട്ടും അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരിക്കുന്നത്.
256 ഏക്കറോളം വരുന്ന മെഡിക്കല്‍ ക്യാമ്പിനുള്ളില്‍ നായ്ക്കളെ കണ്ടെത്താനും വേണ്ട നടപടികള്‍ എടുക്കാനും പലപ്പോഴും അധികൃതര്‍ ശ്രമിക്കാറില്ല. സത്വരനടപടികള്വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കാനും തുടര്‍ന്ന് മറ്റ് അധികൃതരുമായി ചര്‍ച്ച നടത്താനും തീരുമാനമായതായി സൂപ്രണ്ട് ജന്മഭൂമിയോട് പറഞ്ഞു. നിയമപ്രശ്നംമൂലം എന്ത്ചെയ്യണമെന്ന് അധികൃതര്‍ക്ക് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടിയന്തരമായി നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത്, നഗരസഭ അധികൃതര്‍ പറയുന്നത്.
കോട്ടയം നഗരസഭ, അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി മേല്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം. മെഡിക്കല്‍ കോളേജ് പരിസരത്ത് കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് നായ്ക്കളെ ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: