ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ കരുത്തരായ ബാഴ്സലോണക്കും ഫ്രഞ്ച് ടീം പിഎസ്ജിക്കു ഗംഭീരവിജയം. ബാഴ്സലോണ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ 2-0ന് തകര്‍ത്തുവിട്ടപ്പോള്‍ പിഎസ്ജി എവേ പോരാട്ടത്തില്‍ ജര്‍മ്മന്‍ ടീം ബയേര്‍ ലെവര്ക്യൂസനെയാണ് കീഴടക്കിയത്. മറുപടിയില്ലാത്ത നാല് ഗോളുകള്ക്കായിരുന്നുപിഎസ്ജിയുടെ വിജയം. പിഎസ്ജിക്ക് വേണ്ടി സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് രണ്ട് ഗോളുകള്‍ നേടി.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്സ ക്വാര്‍ട്ടറില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. നൗക്യാമ്പില്‍ നടക്കുന്ന രണ്ടാം പാദ പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാലേ സിറ്റിക്ക് അവസാന എട്ടില്‍ ഇടം പിടിക്കാന്‍ കഴിയുകയുള്ളൂ. നിലവിലെ പ്രകടനം വെച്ച് ബാഴ്സയുടെ തട്ടകത്തില്‍ സിറ്റിക്ക് ഇത്ര മികച്ച വിജയം അപ്രാപ്യം തന്നെയാണ്. 53-ാം മിനിറ്റില്‍ സിറ്റിയുടെ മാര്ട്ടിന് ഡെമിഷെലിസ് ചുവപ്പ് കാര്‍ഡ് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഇത് അവര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ സിറ്റിയുടെ ജീസസ് നവാസ് നല്കിയ ക്രോസ് സ്വീകരിച്ച് ഡേവിഡ്വിയ ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ട് മിനിറ്റിനുശേഷം സിറ്റിയുടെ നെഗ്രഡോയുടെ ഷോട്ട് പുറത്തേക്ക് പറന്നു. 25-ാം മിനിറ്റില്‍ ബാഴ്സ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചലിനിടെ മാര്ട്ടിന് ഡെമിഷെലിസ് ഹെഡ്ഡറിലൂടെ പന്ത് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും വിക്ടര്‍ വാല്‍ഡസ് അപകടം ഒഴിവാക്കി. 27-ാം മിനിറ്റില്‍ നെഗ്രഡോയുടെ മറ്റൊരു ഷോട്ട് ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസ് കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ ബാഴ്സയുടെ സാവി ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് സിറ്റി ഗോളി കുത്തിയകറ്റി രക്ഷപ്പെടുത്തി. പിന്നീട് 36, 41 മിനിറ്റുകളില്‍ സിറ്റിയുടെ നെഗ്രഡോ രണ്ട് അവസരങ്ങള്‍ കൂടി പാഴാക്കിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി. ബാഴ്സ ഗോളി വിക്ടര്‍ വാല്ഡസാണ് ഗോള്‍ നേടുന്നതില്‍ നിന്ന് സിറ്റിക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നത്.
രണ്ടാം പകുതിയില്‍ ബാഴ്സയുടെ മുന്നേറ്റമായിരുന്നു. 52-ാം മിനിറ്റില്‍ ബാഴ്സ ലീഡ് നേടി. മെസ്സിയെ സിറ്റി ബോക്സിനുള്ളില്‍ വച്ച് മാര്ട്ടിന് ഡെമഷെലിസ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി അനായാസം വലയിലെത്തിച്ചു. ഈ ഫൗളിന് സിറ്റി താരം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. 76-ാം മിനിറ്റില്‍ സിറ്റിയുടെ ഡേവിഡ് സില്‍വ ബോക്സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ട് ബാഴ്സ ഗോളി കയ്യിലൊതുക്കി. 90-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നെയ്മറുടെ പാസ് സ്വീകരിച്ച് ബോക്സിന്റെ വലതുമൂലയില്‍ പ്രവേശിച്ച ഡാനി ആല്‍വസ് ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്ന് പായിച്ച ഷോട്ട് സിറ്റി ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. മാര്‍ച്ച് 12ന് ബാഴ്സയുടെ തട്ടകമായ നൗ കാമ്പിലാണ് രണ്ടാം പാദ മത്സരം.
തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബയേര്‍ ലെവര്‍ക്യൂസനെ തകര്‍ത്താണ് പിഎസ്ജി ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചത്. രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് അഞ്ച് ഗോളുകള്‍ക്ക് തോല്‍ക്കാതിരുന്നാല്‍ പിഎസ്ജി ക്വാര്‍ട്ടറിലെത്തും. ഇന്നലെ പുലര്ച്ചെഅവസാനിച്ച ആദ്യപാദത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ പിഎസ്ജി ലീഡ് നേടി. മാര്‍ക്കോ വെരാറ്റി തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ബ്ലെയ്സ് മാറ്റ്യൂഡി ബോക്സിനുള്ളില്‍ നിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ലെവര്ക്യൂസന് വലയില്‍ കയറിയത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ ഇബ്രാഹിമോവിച്ചിന്റെ നേതൃത്വത്തില്‍ പിഎസ്ജി താരങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ പിഎസ്ജി ലീഡ് ഉയര്‍ത്തി. പിഎസ്ജി താരം ലാവെസ്സിയെ ബോക്സിനുള്ളില്‍ വച്ച് എമിര്‍ സ്പാഹിക് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ലീഡ് ഉയര്‍ത്തിയത്. കിക്കെടുത്ത സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച് പന്ത് അനായാസം വലയിലെത്തിച്ചു. മൂന്നുമിനിറ്റിനുശേഷം ഇബ്ര തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാമത്തെയും നേടി. ബോക്സിന് പുറത്തുനിന്ന് ഇബ്ര ഉതിര്‍ത്ത ലോംഗ്റേഞ്ച് ബുള്ളറ്റ് ഷോട്ടാണ് ലെവര്ക്യൂസന് വലയില്‍ തറച്ചുകയറിയത്. 59-ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് എമിര്‍ സ്പാഹിക് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. 88-ാം മിനിറ്റില്‍ പിഎസ്ജി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ലൂക്കാസ് മൗറയുടെ പാസില്‍ നിന്ന് യോഹാന്‍ കബായെയാണ് ലെവര്ക്യൂസന് വല കലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: