കൊച്ചി: കഴിഞ്ഞവര്‍ഷം സ്വന്തം മണ്ണില്‍ കൈവിട്ട സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനായി കേരള ഫുട്ബോള്‍ ടീം സിലിഗുഡിയിലേക്ക് പുറപ്പെട്ടു. ആലപ്പുഴ-ചെന്നൈ എക്സ്പ്രസില്‍ ഇന്നലെ വൈകിട്ടാണ് ടീം കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. ചെന്നൈയില്‍ നിന്ന് മറ്റൊരു ട്രെയിനിലാവും ടീം ബംഗാളിലേക്ക് പുറപ്പെടുക. മൂന്നാറിലെ ഹായ് ആള്‍റ്റിറ്റിയൂട്ട് ട്രെയ്നിങ് സെന്ററിലെ പരിശീലനത്തിനു ശേഷം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ടീമംഗങ്ങള്‍ കൊച്ചിയിലെത്തിയത്.
സിലിഗുഡിയില്‍ കടുത്ത തണുപ്പിനെ പ്രതിരോധിക്കുന്നതിനായാണ് സമാന കാലാവസ്ഥയുള്ള മൂന്നാറില്‍ ടീമിന് പരിശീലനം ഒരുക്കിയത്. മുഖ്യ പരിശീലകന് എ.എം. ശ്രീധരന്റെ മേല്‍നോട്ടത്തിലായിരുന്നു ഇരുപതംഗ ടീമിെന്റ കഠിന പരിശീലനം. മൂന്നാറിലെ പരിശീലനം ഏറെ ഗുണം ചെയതതായും താരങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണെന്നും നായകന് ജീന്‍ ക്രിസ്റ്റീന്‍ പറഞ്ഞു. കിരീട പ്രതീക്ഷയോടെയാണ് യാത്ര തിരിക്കുന്നതെന്ന് എ.എം. ശ്രീധരനും വ്യക്തമാക്കി.
നിലവിലെ ജേതാക്കളായ സര്‍വീസസ് ഉള്‍പ്പെടെയുള്ള മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന എ ഗ്രൂപ്പിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. മിസോറാം, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 24-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളം, മിസോറാമിനെ നേരിടും. 29ന് ഉത്തരാഖണ്ഡുമായും മാര്‍ച്ച് രണ്ടിന് മഹാരാഷ്ട്രയുമായും നാലിന് സര്‍വീസസുമായും കേരളം ഏറ്റുമുട്ടും. ഈ ഗ്രൂപ്പില്‍ സര്‍വ്വീസസും മഹാരാഷ്ട്രയുമാണ് കേരളത്തിന്റെ ശക്തരായ എതിരാളികള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സര്‍വ്വീസസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: